‘ഭീരു സവർക്കർക്ക്’ ഭാരത രത്നമോ?

Web Desk
Posted on October 22, 2019, 10:26 pm

ഗാന്ധിവധക്കേസിലെ ഏഴാം പ്രതിയും ഹിന്ദുമഹാസഭയുടെ നേതാവുമായിരുന്ന വിനായക് ദാമോദർ സവർക്കർക്ക് ഭാരതരത്ന പുരസ്ക്കാരം നൽകുവാനുള്ള മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം മതേതര വിശ്വാസികളിൽ ഉൽകണ്ഠ ഉളവാക്കുന്നതാണ്. ശ്രീബുദ്ധനു ശേഷം ഇന്ത്യ ലോകത്തിനു നൽകിയ ഏറ്റവും വലിയ അഹിംസാ വാദിയാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ ജന്മദിനം അക്രമങ്ങൾക്കും, ഭീകരതക്കും എതിരെയുള്ള അന്തർദേശീയ ദിനമായി ഐക്യരാഷ്ട്ര സംഘടന ലോകമെമ്പാടും ആചരിക്കുമ്പോൾ ആ മഹാത്മാവിന്റെ ഘാതകനായ മതഭീകരനെ വീരപരിവേഷം നൽകി മഹത്വവത്കരിക്കുന്നത് ലോകചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ വിരോധാഭാസമാണ്. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി ഹഢ്ഢയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.സവർക്കർക്ക് ഭാരതരത്നം കൊടുക്കുന്നതിൽപരം എന്ത് അപമാനമാണ് രാഷ്ട്രപിതാവിനോട് ചെയ്യുവാനുള്ളത്. പ്രകടന പത്രിക പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് മഹാരാഷ്ട്രയിലെ അകോളയിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി മോഡി സവർക്കറെ വാനോളം പ്രശംസിക്കുകയും രാഷ്ട്ര നിർമ്മിതിയുടെ അടിത്തറയായി ദേശീയത രൂപപ്പെടുത്തിയത് സവർക്കറാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്ന് ശക്തമായി വാദിച്ച ഹിന്ദുത്വവാദിയാണ് സവർക്കർ. നാഗ്പ്പൂരിൽ വച്ചു നടന്ന ഇത്തവണത്തെ വിജയദശമി ദിനപ്രസംഗത്തിൽ ആർഎസ്എസ് പരമാധ്യക്ഷൻ മോഹൻ ഭാഗവത് ഹിന്ദു രാഷ്ട്ര ലക്ഷ്യം ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറഞ്ഞിരുന്നു. അപ്പോഴാണ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി സവർക്കറെ ആദരിക്കുവാനുള്ള ബിജെപിയുടെ പ്രഖ്യാപനം. അടുത്ത റിപ്പബ്ലിക് ദിനത്തിൽ സവർക്കർക്ക് ഭാരതരത്നം നൽകുവാനാണ് നീക്കം നടക്കുന്നത്. ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖിന് കഴിഞ്ഞ തവണ ഭാരതരത്നം നൽകിയിരുന്നു.മോഡി ഭരണത്തിന്റെ മുഖ്യ ലക്ഷ്യം ഹിന്ദു രാഷ്ട്രമാണ്. ആ ലക്ഷ്യത്തിന്റെ മറയില്ലാത്ത പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വിജയദശമി ദിനത്തിലെ ആർഎസ്എസ് തലവന്റെ നാഗ്പ്പൂർ പ്രസംഗം. ഇന്ത്യൻ ദേശീയതയുടെ മതേതര മുഖം മായിച്ച് ഹിന്ദുത്വ മുഖം നൽകുവാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതു സാധ്യമാകണമെങ്കിൽ ഗാന്ധിയെയും നെഹ്റുവിനെയും പോലുള്ള മഹാരഥന്മാരെ തമസ്ക്കരിക്കുകയും സവർക്കറെയും ഗോഡ്സെയെയും പോലുള്ളവരെ മഹത്വവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാണവർ ഒരുമ്പെടുന്നത്.

കറൻസിനോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രത്തിനുപകരം വി ഡി സവർക്കറുടെ ചിത്രം ആലേഖനം ചെയ്യണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദുമഹാസഭ കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചിരുന്നു, അതിന് അവർകാരണം കാണുന്നത് സവർക്കർ സ്വാതന്ത്യ്ര സമര സേനാനിയായിരുന്നുവെന്നതാണ്. സവർക്കർ സ്വാതന്ത്യ്ര സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിരുന്നുവെന്നുള്ള വാസ്തവം തന്നെ. എന്നാൽ അദ്ദേഹത്തെ തടവിലിട്ടിരുന്ന ആൻഡമാൻ ജയിലിൽ നിന്നും ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്താണ് രക്ഷപ്പെട്ടത് എന്നുള്ളത് ഒരു വസ്തുതയാണ്. ബ്രിട്ടീഷ് ഗവൺമെന്റിന് മാപ്പെഴുതിക്കൊടുക്കുക മാത്രമല്ല തടവറയിൽ നിന്നും മോചിതനായാൽ ബ്രിട്ടീഷുകാർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുമെന്നും നിരവധി പോരാളികളെ സ്വാതന്ത്യ്രസമരപോരാട്ടങ്ങളിൽ നിന്നും പിന്തിരിപ്പിച്ചുകൊള്ളാമെന്നും കൂടി എഴുതിനൽകുവാൻ തയ്യാറായ അദ്ദേഹത്തിന് വീരപരിവേഷം നൽകി വിളിക്കുന്നത് വീര സവർക്കർ എന്നാണ്.ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത് ജയിൽ വിമുക്തനായ അദ്ദേഹമെങ്ങനെ വീര സവർക്കറാകും. യഥാർഥത്തിൽ വിളിക്കേണ്ടത് ഭീരു സവർക്കർ എന്നാണ്.

സ്വാതന്ത്യ്രസമര പോരാട്ടങ്ങളിൽ ഒരുപങ്കും പറയാനില്ലാത്തവർ മുക്കുപണ്ടങ്ങളെ പവിഴമുത്തുകളായി അവതരിപ്പിച്ച് ചരിത്രം മാറ്റി കുറിക്കുകയാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതുവരെ അവർക്കെതിരെ ഒരക്ഷരം ഉരിയാടാതെ നിശബ്ദത പാലിച്ചവർ സ്വാതന്ത്യ്രം നേടി ഒരുവർഷം പൂർത്തിയായപ്പോൾ സ്വാതന്ത്യ്ര സമരത്തിന്റെ സർവ്വ സൈന്യാധിപന്റെ നെഞ്ചിനുനേരെ നിറയൊഴിക്കുകയാണുചെയ്തത്. നാഥുറാം ഗോഡ്സെയാണ് നിറയൊഴിച്ചതെങ്കിലും ആ അരും കൊലയുടെ പ്രേരക ശക്തിയായി പ്രവർത്തിച്ചത് ഏഴാം പ്രതിസ്ഥാനത്തുണ്ടായിരുന്ന സവർക്കറാണ്.ഗാന്ധിവധക്കേസിലെ 18 പ്രതികളിൽ രണ്ടു പേരെ തൂക്കിലേറ്റമ്പോഴും തലനാരിഴ വ്യത്യാസത്തിലാണ് സവർക്കർ കോലക്കയറിൽനിന്നും രക്ഷപ്പെട്ടത്. ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ ശങ്കർ കിസ്തയ്യയുടെ മൊഴിയിൽ സവർക്കറുടെ പങ്ക് വ്യക്തമാകുന്നുണ്ടെങ്കിലും ആ മൊഴിയെ പിന്തുണക്കുന്ന സ്വതന്ത്രമായ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്നും കുറ്റവിമുക്തനാകപ്പെടുകയാണുണ്ടായത്. ഗാന്ധി വധക്കേസിൽ ഗൂഢാലോചന അന്വേഷിക്കുവാൻ വേണ്ടി 1965 മാർച്ച് 22 ന് രൂപീകൃതമായ ജീവൻലാൽ കപൂർ കമ്മിഷൻ 1965 സെപ്റ്റംബർ 30 ന് നൽകിയ റിപ്പോർട്ടിൽ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിൽ സവർക്കറുടെ പങ്ക് സ്ഥിരീകരിച്ചിരുന്നു.

ഗാന്ധിവധക്കേസിൽ നിന്നും സവർക്കർ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നുവെങ്കിലും ഗാന്ധി വധത്തിൽ സവർക്കറുടെ പങ്കും, പ്രേരണയും സുവ്യക്തമാണ്. കൊലപാതകം, കൊലപാതകശ്രമം, കൊലപാതകത്തിനുള്ള പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 1948 ഫെബ്രുവരി അഞ്ചിന് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.ബിജെപി അധികാരത്തിൽ വന്ന ഘട്ടങ്ങളിലെല്ലാം ഗാന്ധി വധക്കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുവാനുള്ള പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു 2002 ഡിസംബർ 26. വി ഡി സവർക്കറുടെ ഛായാ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അനാച്ഛാദനം ചെയ്തത് അന്നാണ്. എ ബി വാജ്പെയ് ആയിരുന്നു അന്നു പ്രധാനമന്ത്രി. ഇന്ത്യൻ പ്രസിഡന്റായിരുന്ന അബ്ദുൾ കലാമിനെക്കൊണ്ടാണ് ആ കൃത്യം നിർവഹിപ്പിച്ചത്. രാഷ്ട്രപിതാവിന്റെ ചിത്രത്തിന് അഭിമുഖമായി സ്ഥാപിച്ച ഗാന്ധി കൊലക്കേസിലെ ഏഴാം പ്രതിയുടെ ചിത്രം അനാച്ഛാദനം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഉള്ള് നടുങ്ങിയിരിക്കണം. പ്രതിപക്ഷ കക്ഷികൾ ആ ചടങ്ങ് ബഹിഷ്കരിച്ചിരുന്നുവെങ്കിലും കോൺഗ്രസ് അടക്കമുള്ള പല പ്രതിപക്ഷ കക്ഷികളുടെയും പിന്തുണയോടുകൂടി മത്സരിച്ച് വിജയിച്ച് പ്രസിഡന്റായ അബ്ദുൾ കലാമിനെ ആ കൃത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാതെ വന്നത് ഗാന്ധിജിയോട് ചെയ്ത ക്രൂരതയായിപ്പോയി.

ലോകത്ത് മഹാന്മാരായ അനവധി വ്യക്തികൾ കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ മാത്രമാണ് രാഷ്ട്രപിതാവായ മഹാത്മജിയെ പോലുള്ള മഹാന്മാരെ കൊലചെയ്ത ഘാതകരെ മഹത്വവൽക്കരിച്ച് ആദരിക്കുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുവാൻ ഒരുമ്പെട്ടവർക്ക് തടസമായി നിന്നത് മഹാത്മജിയുടെ നിലപാടുകളാണ്. അതിനാലാണ് അവർ അദ്ദേഹത്തെ ഇല്ലായ്മ ചെയ്തത്. ഗാന്ധിജി ഇന്നും ജനമനസുകളിൽ ആരാധനാ ബിംബമാണ്. ആ ബിംബത്തിന്റെ ശോഭ കെടുത്തുവാൻ പ്രതിബിംബങ്ങളെ സൃഷ്ടിക്കലാണ് ഗാന്ധി ഘാതകരുടെ മഹത്വവൽക്കരണം. ആ അജണ്ടയുടെ ഭാഗമാണ് സവർക്കർക്ക് ഭാരത രത്നം നൽകുന്നതും ഗോഡ്സെക്ക് അമ്പലം പണിയുന്നതും. ബനാറസ് ഹിന്ദു സർവകലാശാലയിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യ ചരിത്രം തിരുത്തി എഴുതേണ്ടതുണ്ടെന്ന് ബിജെപി പ്രസിഡന്റും ഇന്ത്യൻ ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ അഭിപ്രായപ്പെടുകയും സവർക്കറെ വിമോചന നായകനായ വീരപുരുഷനായി അവതരിപ്പിക്കുകയും ചെയ്തു. ആർഎസ്എസിന്റെ മുൻ തലവനായ ബാലസാഹിബ് ദേവരശ് വാജ്പെയിയെ പറ്റി പറഞ്ഞത് ഇപ്രകാരമാണ്, ‘ആർഎസ്എസിന് രണ്ടു മുഖമുള്ളതിൽ ഒരു മുഖം മാത്രമാണ് വാജ്പെയ്. യഥാർഥ മുഖം മറ്റൊന്നാണ്. യഥാർഥ മുഖമാണിപ്പോൾ തെളിഞ്ഞുവരുന്നത്’. ഇന്ത്യയിൽ മതേതരത്വം നേരിടുവാൻ പോകുന്ന വലിയ വിപത്തിന്റെ സൂചനകളാണിതൊക്കെ.