പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ആര്‍എസ്എസുമായുള്ള ഭിന്നതയും കാരണം ബിജെപി ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനന്തമായി നീളുന്നു. 2024 ജനുവരിയിൽ പാർട്ടി അധ്യക്ഷസ്ഥാനത്ത് രണ്ടു ടേം പൂർത്തിയാക്കിയ നഡ്ഡയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ ജൂണ്‍ വരെ കാലാവധി നീട്ടി നല്‍കി. അതുകഴിഞ്ഞ് ഒരുവര്‍ഷമാകാറായിട്ടും പകരക്കാരനെ കണ്ടെത്താനാണ് പാര്‍ട്ടിക്കുള്ളില്‍ പോര് നടക്കുന്നത്. ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള കടുത്ത ഭിന്നതയാണ് പുതിയ അധ്യക്ഷന്റെ വരവിന് പ്രധാന തടസമായി നില്‍ക്കുന്നത്. തങ്ങളുമായി പലവിഷയങ്ങളിലും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന നഡ്ഡയെ വീണ്ടും വാഴിക്കേണ്ടതില്ലെന്നാണ് ആര്‍എസ്എസ് നിലപാട്. നരേന്ദ്ര മോഡിയുടെ അടുത്ത അനുയായിയായ നഡ്ഡയുടെ പല പ്രസ്താവനകളും ആര്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു. സംസ്ഥാന ഘടകങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 12 സംസ്ഥാനങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. കേന്ദ്ര ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തം നിലനില്‍ക്കെയാണ് അധ്യക്ഷ പദം തുടരുന്നത്. 2019ല്‍ ബിജെപി രണ്ടാമതും അധികാരത്തില്‍ വന്ന സമയത്താണ് നഡ്ഡ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനമേറ്റത്. തുടര്‍ന്ന് 2020ല്‍ ദേശീയ അധ്യക്ഷന്‍ എന്ന ചുമതലയിലേക്ക് അദ്ദേഹം മാറുകയായിരുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് പ്രസിഡന്റായി ഒരാള്‍ക്ക് രണ്ട് തവണ തുടരാമെന്ന വ്യവസ്ഥയിലാണ് നഡ്ഡ തുടര്‍ന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതായി നേതാക്കള്‍ അറിയിച്ചിരുന്നു. ഡിസംബറിനുള്ളില്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ് അവതാളത്തിലായതോടെ ഈമാസം 21നകം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം.
മണ്ഡലം, ജില്ലാ ഭാരവാഹികളടങ്ങുന്ന ഇലക്ടറല്‍ കോളജാണ് പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുക. വിജയിക്കാന്‍ 50 ശതമാനം ഇലക്ടറല്‍ വോട്ടുകള്‍ ആവശ്യമായിരിക്കെ ബാക്കിയുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കും എന്നുള്ളതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അധ്യക്ഷപദം മോഹിച്ചുള്ള നേതാക്കളുടെ സമ്മര്‍ദവും മറ്റൊരു വെല്ലുവിളിയാണ്.
തന്റെ വിനീതവിധേയനായി തുടരുന്ന വ്യക്തിയെ വാഴിക്കാനാണ് മോഡി നീക്കം നടത്തുന്നത്. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ പിന്തുണ ഉറപ്പിക്കുന്നതിന് മോഡിക്ക് വിശ്വസ്തനായ അനുയായി അധ്യക്ഷനായി തുടരേണ്ടത് അനിവാര്യമാണ്. നിലവിലെ അവസ്ഥയില്‍ പുതിയ അധ്യക്ഷനെ ഉടന്‍ തെരഞ്ഞടുക്കുമെന്ന നേതാക്കളുടെ ആത്മവിശ്വാസം ഫലപ്രാപ്തിയില്ലെത്താന്‍ സാധ്യതയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.