March 30, 2023 Thursday

Related news

March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 25, 2023
March 25, 2023
March 24, 2023
March 23, 2023
March 22, 2023
March 20, 2023

ബിജെപിയുടെ കുതിരക്കച്ചവട നീക്കം: മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

Janayugom Webdesk
ബംഗളൂരു/ഭോപ്പാൽ:
March 5, 2020 10:47 pm

മധ്യപ്രദേശിൽ ബിജെപിയുടെ കുതിരക്കച്ചവട നീക്കത്തെത്തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ആകെ 14 എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായാണ് മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. അതേസമയം കോൺഗ്രസിലെ മൂന്ന് എംഎൽഎമാർ മാത്രമാണ് നിലവിൽ കർണാടകയിൽ ഉള്ളതെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് നിയമസഭാംഗങ്ങളായ ഹർദീപ് ദാംഗ്, രഘുരാജ് കൻസന, ബിസാഹുലാൽ സിങ് എന്നിവരാണ് ഇവർ. ഇതിന് പുറമെ സ്വതന്ത്ര അംഗമായ ഷേര ഭയ്യയും കർണാടകയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ട്.

17 എംഎൽഎമാരാണ് മധ്യപ്രദേശിൽ നിന്നും കർണാടകയിലേക്ക് കടക്കാൻ പദ്ധതി ഇട്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രി കമൽനാഥിന്റെ ഇടപെടലിൽ ഇതിൽ കുറച്ചുപേരെ തടയുകയായിരുന്നു. കർണാടകയിൽ ‘ഓപ്പറേഷൻ താമര’ വിജയിച്ചതിനു ശേഷം ഇത് മധ്യപ്രദേശിലും ആവർത്തിക്കാനാണ് ബിജെപിയുടെ പദ്ധതി. ഹോളിയുടെ ആഘോഷങ്ങൾക്കിടെ നടക്കുന്ന ബിജെപിയുടെ ഈ ഗൂഢ തന്ത്രത്തെ ’ ഓപ്പറേഷൻ രംഗ്പഞ്ചമി’ എന്നും വിശേഷിപ്പിക്കുന്നുണ്ട്.
കുതിരക്കച്ചവടത്തിലൂടെ ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുവെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ ആരോപണത്തിലാണ് മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമാകുന്നത്. ബിജെപി 25–30 കോടികൾ വാഗ്ദാനം ചെയ്ത് എംഎൽമാരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറ‍ഞ്ഞത്. ഇതിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് എംഎൽഎമാരെ ബിജെപി ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് കടത്തി.

ഇതോടെ അടിയന്തരമായി ഇടപെട്ട കോൺഗ്രസ് ഗുരുഗ്രാമിലെ ഹോട്ടലിൽ താമസിപ്പിച്ചിരുന്ന എംഎൽഎമാർ തിരിച്ചെത്തിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരിൽ ഒരാളായ രമാഭായി കമൽനാഥ് സർക്കാരിനൊപ്പമാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇനിയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. അമിത് ഷാ, ശിവരാജ് സിങ് ചൗഹാൻ, ഹരിയാന മുഖ്യമന്ത്രി ഖട്ടർ തുടങ്ങിയവരാണ് കുതിരക്കച്ചവടത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. സംസ്ഥാനത്തെ ഭൂമാഫിയ, ചിട്ടിഫണ്ട് മാഫിയ തുടങ്ങിയവരും ബിജെപിക്കൊപ്പം കൂട്ടുചേർന്ന് കമൽനാഥ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സുർജേവാല ആരോപിക്കുന്നു.

കമൽനാഥ് സർക്കാരിന് ആകെ 120 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. 230 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണയാണ് വേണ്ടത്. 114 കോൺഗ്രസ് എംഎൽഎമാർക്ക് പുറമെ ബിഎസ്പിയുടെ രണ്ട് അംഗങ്ങളും സമാജ് വാദി പാർട്ടിയുടെ ഒരംഗവും നാല് സ്വതന്ത്ര അംഗങ്ങളും കമൽനാഥ് സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. നാല് എംഎൽഎമാർ മറുപക്ഷത്തേക്ക് മാറിയാൽ സർക്കാരിന് 116 പേരുടെ പിന്തുണയായി ചുരുങ്ങും. ബിജെപിക്ക് സഭയിൽ 107 എംഎൽഎമാരാണുള്ളത്.

ENGLISH SUMMARY: Bjp’s polit­i­cal dra­ma in Madhyapradesh

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.