ബി ജെ പി യിലെ കലാപം അമർത്താൻ ആർ എസ് എസ്

Web Desk
Posted on November 07, 2017, 12:16 am

തിരുവനന്തപുരം: അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിസഭയിൽ എടുക്കുകയും സുരേഷ് ഗോപിയെ രാജ്യ സഭാംഗമാക്കുകയും ചെയ്തതിനെതിരെ ബി ജെ പി യിൽ ഉരുണ്ട് കൂടിയ കലാപം അമർത്താൻ ആർ എസ് എസ് മധ്യസ്ഥനെ വച്ചു. ആർ എസ് എസ് സംഘാടക സെക്രട്ടറി (പ്രാന്ത പ്രചാരക്) ഹരികൃഷ്ണ കുമാറിനെയാണ് ബി ജെ പി യിലെ ഭിന്നത പരിഹരിക്കാൻ നിയോഗിച്ചിരിക്കുന്നത്.

പരസ്പരം പോരടിക്കുന്ന രണ്ടു ഗ്രൂപ്പുകളെ അനുനയിപ്പിക്കുക എന്ന ദൗത്യവും പുതിയ മധ്യസ്ഥനെ ഏല്പിച്ചു. സംസ്ഥാന ബിജെപി നേതൃത്വവുമായി ഭിന്നതയെ തുടര്‍ന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ ബിജെപി വിടാനൊരുങ്ങുന്ന സാഹചര്യത്തിൽ പാർട്ടിയിൽ പുതിയ വിവാദങ്ങൾ തല പൊക്കുകയാണ്.

ഹരികൃഷ്ണ കുമാർ ഇതിനകം പല വട്ടം അന്യോന്യം പോരടിക്കുന്ന ഗ്രൂപ്പുകളുമായി ചർച്ചകൾ നടത്തി കഴിഞ്ഞു. പാർട്ടി നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയും ജനാധിപത്യപരമായ അഭിപ്രായ പ്രകടനത്തിന് അവസരം നൽകാതിരിക്കുകയും ചെയ്യുന്നുവെന്നാണ് എതിർ ഗ്രൂപ്പുകൾ മധ്യസ്ഥനോട് പറഞ്ഞത്. തീരുമാങ്ങൾ സുതാര്യമല്ല, ചർച്ചകൾക്ക് വേദി ഇല്ല, തീരുമാനങ്ങൾ അടിച്ചേല്പിക്കപ്പെടുന്നു എന്നിങ്ങനെയാണ് നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങൾ.

ദേശീയ നേതൃത്വം സംസ്ഥാന പാർട്ടിയെ അവഹേളിക്കുകയാണെന്നും അതിന്റെ തെളിവാണ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവർക്കുള്ള സ്ഥാനങ്ങൾ എന്നും എല്ലാ ഗ്രൂപ്പിനും ഒരു പോലെ ആക്ഷേപമുണ്ട്. എന്നാൽ പാർട്ടിയുടെ സീറ്റുകൾ വർദ്ധിപ്പിക്കാതെ ഒരു പ്രതീക്ഷയും വച്ച് പുലർത്തേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ജനരക്ഷാ യാത്ര കേരളത്തിൽ ഉണ്ടായിരുന്ന സ്വാധീനം കൂടി ഇല്ലാതാക്കാനേ ഉപകരിച്ചുള്ളു എന്നതു ബി ജെ പിയ്ക്കുള്ളിലെ തർക്കങ്ങൾ പിന്നെയും മൂർച്ഛിപ്പിച്ചിരിക്കയാണ്.