പി കെ കൃഷ്ണൻ

ജനറൽ സെക്രട്ടറി, ബികെഎംയു, സംസ്ഥാന കമ്മിറ്റി

January 13, 2021, 3:00 am

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സംരക്ഷിക്കാന്‍ ബികെഎംയു പ്രക്ഷോഭം

Janayugom Online

കേരളത്തില്‍ സാമൂഹ്യമായി ഏറ്റവും പിന്നില്‍ നില്ക്കുന്ന ജനവിഭാഗമാണ് കര്‍ഷകത്തൊഴിലാളികള്‍. അവരില്‍ ഭൂരിപക്ഷവും പട്ടിക വിഭാഗത്തില്‍പെടുന്നവരും പിന്നാക്കക്കാരുമാണ്. അവരുടെ സാമൂഹ്യസ്ഥിതി മെച്ചപ്പെടുത്തുവാന്‍ ഉദ്ദേശിക്കപ്പെട്ടാണ് 1990ല്‍ കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയും 1980ല്‍ കര്‍ഷകത്തൊഴിലാളി പെൻഷന്‍ പദ്ധതിയും രൂപപ്പെടുത്തിയത്. 45 രൂപയില്‍ തുടക്കം കുറിച്ച പെൻഷന്‍ 2020 ജനുവരി മുതല്‍ 1,500 രൂപയായി ഉയര്‍ത്തിക്കഴിഞ്ഞു. അടുത്ത ബജറ്റില്‍ വീണ്ടും വര്‍ധിപ്പിക്കുമെന്ന സൂചനയും പത്രദ്വാരാ‍ വായിക്കാനിടയായി. ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചിട്ട് 30 വര്‍ഷമാകുന്നു. ഈ കാലത്തിനിടയില്‍ ക്ഷേമനിധിയില്‍ 24 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ അംഗത്വമെടുത്തു. 60 വയസിനുമേല്‍ പ്രായമുള്ള 4.50 ലക്ഷത്തില്‍പരം കര്‍ഷകത്തൊഴിലാളികള്‍ പെൻഷന്‍ വാങ്ങുന്നുണ്ട്. 60 വയസ് പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നും മരണപ്പെട്ടതിന്റെ അടിസ്ഥാനത്തിലും എട്ട് ലക്ഷത്തില്‍പരം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ അംഗത്വത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ശേഷിക്കുന്ന 16 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ നിലവില്‍ ക്ഷേമനിധിയില്‍ അംഗങ്ങളാണ്. എന്നാല്‍ അവരില്‍ തന്നെ മൂന്നര ലക്ഷം അംഗങ്ങള്‍ മാത്രമേ യഥാവിധി അംശാദായം അടച്ച് അംഗത്വം പുതുക്കുന്നുള്ളു.

കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട കര്‍ഷകത്തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനായി 158 കോടി രൂപയും സര്‍ക്കാര്‍ നല്കി. എന്നാല്‍ 16 ലക്ഷം പേരില്‍ 5.57 ലക്ഷത്തോളം അംഗങ്ങള്‍ മാത്രമേ ക്ഷേമബോര്‍ഡു വഴി സര്‍ക്കാര്‍ സഹായം കൈപ്പറ്റിയിരുന്നുള്ളു. അതില്‍നിന്നും ക്ഷേമനിധിയില്‍ തുടരാൻ നല്ലൊരു വിഭാഗം തൊഴിലാളികളും താല്പര്യം കാണിക്കുന്നില്ല എന്ന കാര്യം സ്പഷ്ടമാണ്. അത് തൊഴിലാളിയുടെ വെറും താല്പര്യക്കുറവല്ല. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ക്ക് ആകര്‍ഷകമല്ലാത്തതിനാലാണ്.

കേരളത്തില്‍ നിരവധിയായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്കിവരുന്നുണ്ട്. പുതിയതായി ചില ക്ഷേമനിധി ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ ആലോചിക്കുന്നതായി പത്രവാര്‍ത്തയും കണ്ടു. നിലവിലുള്ള ക്ഷേമ ബോര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് അംഗത്വമുള്ളത് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലാണ്. എങ്കിലും ഏറ്റവും ചുരുങ്ങിയ അംശാദായവും ആനുകൂല്യവും നല്കിവരുന്നതും ഈ ബോര്‍ഡ് വഴിയാണ്. 1991 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ക്ഷേമനിധി വഴി അന്നു പ്രഖ്യാപിച്ച വളരെ പരിമിതമായ ആനുകൂല്യങ്ങള്‍ മാത്രമാണ് ഇന്നും നല്കിവരുന്നത്. അതിന്റെ ഫലമായി അംഗത്വമുള്ളവര്‍ തുടരാനും പുതുതായി ചേരാനും തൊഴിലാളികള്‍ക്ക് താല്പര്യം കുറഞ്ഞുവരുന്നു. ക്ഷേമനിധി ആകര്‍ഷകമല്ലാത്തതാണ് അതിന് കാരണം. ബോര്‍ഡിനെ ആകര്‍ഷകമാക്കാനും അതുവഴി അംഗങ്ങളായ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ‘കൂലിക്ക്’ പുറമേ അര്‍ഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കാനും കഴിയുംവിധം മാറ്റിയെടുക്കണം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിവേദന രൂപേണ കര്‍ഷകത്തൊഴിലാളി ഫെഡറേഷനും കര്‍ഷകത്തൊഴിലാളി ക്ഷേമബോര്‍ഡ് തീരുമാനമായും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായ ഏക തീരുമാനം 1,000 രൂപയായിരുന്ന (മൂന്ന് വര്‍ഷത്തിലൊരിക്കല്‍) ചികിത്സാ സഹായം 2,500 രൂപയായി വര്‍ധിപ്പിച്ചതു മാത്രമാണ്.

തൊഴിലാളികളുടെ അംശാദായം അഞ്ച് രൂപയില്‍ നിന്നും 20 രൂപയായി ഉയര്‍ത്തി. അര ഏക്കറിന് മുകളില്‍ ഭൂമി കൈവശമുള്ള ഉടമകളില്‍ നിന്ന് ക്ഷേമനിധിയിലേക്ക് അംശാദായം പിരിക്കാനും തീരുമാനിച്ചു. ഈ രണ്ട് തീരുമാനങ്ങളും ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കുവാന്‍ സഹായകരമാണ്. എന്നാല്‍ ഈ തീരുമാനങ്ങള്‍ രണ്ടും ഓര്‍ഡിനന്‍സായി നിയമസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടേയുള്ളു. മറ്റു പല തൊഴിലാളി ക്ഷേമനിധിയിലും അംഗത്വമുള്ള തൊഴിലാളികള്‍ക്ക് വിവാഹം, മരണാനന്തര സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ മെച്ചപ്പെട്ട നിലയില്‍ യഥാവസരം നല്കിവരുന്നുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്തതിനാല്‍ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ‍ിന് അതിലെ അംഗങ്ങള്‍ക്കും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ കൊടുക്കാനും കഴിയുന്നില്ല. നിലവിലെ വ്യവസ്ഥപ്രകാരം കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി 40 കൊല്ലം അംശാദായം അടച്ചവര്‍ക്ക് 60 വയസ് പൂര്‍ത്തീകരിക്കുമ്പോള്‍ പരമാവധി ലഭിക്കേണ്ടത് 20,000 രൂപ മാത്രമാണ്. വിദ്യാഭ്യാസ സഹായം മാത്രമാണ് മറ്റ് ക്ഷേമ ബോര്‍ഡുകളെ അപേക്ഷിച്ച് അല്പം വര്‍ധിപ്പിച്ച് ഈ ക്ഷേമനിധി ബോര്‍ഡു വഴി വിതരണം ചെയ്തുവരുന്നത്.

ക്ഷേമനിധി ബോര്‍ഡിന്റെ വരവും ചെലവും തമ്മില്‍ വലിയ അന്തരമാണ് നിലനില്ക്കുന്നത്. 2019 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ഒരു വര്‍ഷത്തെ ആകെ വരവ് 7.10 കോടി രൂപയും ചെലവ് 38 കോടി രൂപയാണ്. ഈ ചെലവില്‍ അതിവര്‍ഷാനുകൂല്യം സര്‍ക്കാര്‍ നല്‍കിയാല്‍പോലും മറ്റു ആനുകൂല്യങ്ങള്‍‍ യഥാവസരം നല്കാന്‍ പണമുണ്ടാകില്ല. ദീര്‍ഘ കാലമായി ഈ സ്ഥിതി തുടരുകയാണ്. തന്മൂലം ചികിത്സ, മരണാനന്തര സഹായം, വിദ്യാഭ്യാസ സഹായം ഒഴിച്ചുള്ള ഒരു ആനുകൂല്യങ്ങളും കൊടുത്തുതീര്‍ക്കാന്‍ ബോര്‍ഡിന് കഴിയുന്നില്ല. ക്ഷേമനിധിയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് അംശാദായ വര്‍ധനവും ഭൂഉടമ വിഹിതം വര്‍ധിപ്പിക്കലും അതിവര്‍ഷാനുകൂല്യ വിതരണത്തിനുള്ള ഗ്രാന്റ് യഥാവസരം നല്കലും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനൊപ്പം കാലോചിതമായി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ മുന്നോട്ടുപോകാന്‍ കഴിയും.

സാമൂഹ്യ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന കര്‍ഷകത്തൊഴിലാളികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചതും ഭവനരഹിത – ഭൂരഹിത തൊഴിലാളികള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കിയതും പട്ടികവിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വിദ്യാഭ്യാസാനുകൂല്യങ്ങള്‍‍ പ്രഖ്യാപിച്ചു നടപ്പില്‍ വരുത്തിയതും സൗജന്യ റേഷന്‍ നല്കിവരുന്നതും അഭിനന്ദനാര്‍ഹമായ നടപടികളാണ്. കോവിഡ് 19മായി ബന്ധപ്പെടുത്തി 1000 രൂപ വീതം നേരിട്ടു ധനസഹായവും കോവിഡ് ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍ മാത്രമാണ്. കര്‍ഷക തൊഴിലാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത്തരം പൊതുവായ സഹായങ്ങള്‍ക്കു പുറമേ കൂലിക്കപ്പുറം ഏതെങ്കിലും ആനുകൂല്യം ലഭ്യമാക്കുന്നത് അവരുടെ ക്ഷേമപദ്ധതിവഴിയാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ പരിശോധിച്ച് തീര്‍പ്പു കല്പിക്കണം. അതിന് കൃഷിവകുപ്പിനെക്കൂടി ചുമതലപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. 60 വയസ് പൂര്‍ത്തീകരിച്ച കര്‍ഷകത്തൊഴിലാളികള്‍ക്ക് എല്ലാം ഒരു ഉപാധിയും കൂടാതെ പെന്‍ഷന്‍ ലഭ്യമാക്കണം. പത്ത് വര്‍ഷമെങ്കിലും ക്ഷേമനിധിയില്‍ തുടര്‍ച്ചയായി അംഗത്വമുള്ളവര്‍ക്കേ പെന്‍ഷന് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളു എന്ന നിലപാടും മാറ്റിയേ മതിയാകൂ. 55 വയസുവരെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വത്തിന് അപേക്ഷിക്കാമെങ്കില്‍ എന്തുകൊണ്ട് പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 10 വര്‍ഷത്തെ അംഗത്വകാലാവധി ഉണ്ടായിരിക്കണമെന്ന നിബന്ധന നിര്‍ദ്ദേശിക്കുന്നു. ഇതെല്ലാം ഒഴിവാക്കപ്പെടണം.

നിലവില്‍ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ളവരില്‍ നല്ലൊരുഭാഗം പേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. നാമമാത്ര ഭൂമിക്ക് ഉടമാവകാശം ലഭിച്ച കര്‍ഷകരും കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ളവരാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി പുതുതായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ച വാര്‍ത്തകളുണ്ട്. കൃഷിക്കാരുടെ ക്ഷേമനിധി നിലവില്‍ വന്നുകഴിഞ്ഞു. ഈ രണ്ടു ക്ഷേമനിധികളിലും അംഗത്വമെടുക്കുവാന്‍ അര്‍ഹതയുള്ളവര്‍ നിലവില്‍ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളാണ്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ളവരെ മറ്റു ക്ഷേമനിധികളില്‍ ചേരാന്‍ അനുവദിക്കുന്നത് സര്‍ക്കാരിനും ബോര്‍ഡുകള്‍ക്കും ബാധ്യതയാകും.

കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിലും വരുമാനവും കാലാകാലങ്ങളില്‍ നഷ്ടപ്പെടുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കും നാമമാത്ര കൃഷിക്കാര്‍ക്കും ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം വാങ്ങിക്കഴിക്കാനുള്ള വരുമാനം ഉറപ്പാക്കാനാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. ആ പദ്ധതിയില്‍പ്പെട്ടവരെ ചേര്‍ക്കേണ്ടത് ഈ ക്ഷേമനിധിയിലാണ്. അവര്‍ ക്ഷേമാംഗത്വമെടുക്കേണ്ടതും ഇവിടെത്തന്നെയാണ്. നിലവിലെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയെ കൂടുതല്‍ ശക്തിപ്പെടുത്തിയും പരിഷ്കരിച്ചും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്കിയും ഗ്രാമീണ മേഖലയിലെ എല്ലാ പാവപ്പെട്ടവര്‍ക്കും അംഗത്വമെടുത്ത് ആനുകൂല്യങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു ക്ഷേമനിധിയായി കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയെ മാറ്റാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. കര്‍ഷകത്തൊഴിലാളികളും നാമമാത്ര കര്‍ഷകരും ഉള്‍പ്പെടുന്ന ഗ്രാമീണ ജനതയുടെ അത്താണിയാകാന്‍ കഴിയുന്ന ഒരു സ്ഥാപനമായി കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ മാറ്റാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടാകണം. അതിനായി സര്‍ക്കാരിനെ പ്രേരിപ്പിക്കുവാന്‍ ഫെഡറേഷന്റെ പ്രക്ഷോഭങ്ങള്‍ക്ക് കഴിയണം.