Web Desk

തിരുവനന്തപുരം

January 14, 2021, 9:10 pm

ബികെഎംയു മാർച്ചും ധർണയും നടത്തി

Janayugom Online

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക, ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ മൂന്നൂറ് കോടി രൂപയുടെ ഗ്രാന്റ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ജില്ലാ കേന്ദ്രങ്ങളിൽ മാര്‍ച്ചും ധര്‍ണയും നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എൻ രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീർ മലപ്പുറത്തും ജില്ലാ സെക്രട്ടറിമാരായ ‍സി കെ ശശിധൻ കോട്ടയത്തും ടി ജെ ആഞ്ജലോസ് ആലപ്പുഴയിലും പി രാജു എറണാകുളത്തും കെ കെ വത്സരാജ് തൃശൂരിലും അഡ്വ. പി സന്തോഷ് ‍കുമാർ കണ്ണൂരിലും ഗോവിന്ദൻ പള്ളിക്കാപ്പിൽ കാസർകോടും ഉദ്ഘാടനം ചെയ്തു. 

കോഴിക്കോട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ ഉദ്ഘാടനം ചെയ്തു. കൊല്ലം, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ ഇന്ന് മാർച്ചും ധർണയും നടക്കും. കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കര്‍ഷകത്തൊഴിലാളി സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപപ്പെടുത്തിയ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി വഴി തൊഴിലാളികള്‍ക്ക് തുച്ഛമായ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ക്ഷേമനിധി നിലവില്‍വന്ന 1990ല്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളാണ് 29 വര്‍ഷക്കാലമായി വിതരണം ചെയ്യുന്നത്. തൊഴിലാളികള്‍ അടയ്ക്കുന്ന അംശദാനം അഞ്ച് രൂപയില്‍നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയെങ്കിലും ആനുകൂല്യങ്ങള്‍ പരിഷ്കരിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. 

ENGLISH SUMMARY:BKMU held a march and a dharna
You may also like this video