കൊല്ലത്ത് പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെ: കുട്ടി ലൈംഗിക പീഡനത്തിന് ഇര

Web Desk
Posted on May 27, 2019, 5:59 pm

കൊല്ലം: സംസ്ഥാനത്ത് വീണ്ടും മന്ത്രവാദത്തിന് ഒരു കുട്ടി കൂടെ ഇരയായി. ഏപ്രില്‍ പന്ത്രണ്ടിന് തിരുനെല്‍വേലിയില്‍ വച്ചാണ് സംഭവം നടന്നത്. ന്യൂമോണിയ ബാധിച്ച പെണ്‍കുട്ടിയെ ചികില്‍സിപ്പിക്കുന്നതിനു പകരം മന്ത്രവാദത്തിന് വിധേയമാകുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശി നൗഷാദും കുട്ടിയുടെ പിതൃസഹോദരിമാരും അറസ്റ്റിലായി. നേരത്തെ പീഡനക്കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലത്ത് പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെയെന്ന് പൊലീസ് വ്യക്തമാക്കിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലും ദുര്‍മന്ത്രവാദം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. വീട്ടില്‍ സ്ഥിരമായി മന്ത്രവാദം നടത്തിയിരുന്നതായി ആത്മഹത്യാക്കുറിപ്പിലുടെയാണ് പുറംലോകം അറിഞ്ഞത്. മന്ത്രവാദിയുടെ വാക്കുകേട്ട് ബന്ധുക്കള്‍ ഉപദ്രവിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു ദുര്‍മന്ത്രവാദത്തിന്റെ കഥ പുറത്തുവരുന്നത്.