പ്രേതബാധ ഒഴിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മകളെ മന്ത്രവാദിയെ ഏല്‍പ്പിച്ചു

Web Desk

കോട്ടയം

Posted on May 10, 2019, 11:49 am

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ആഭിചാരക്രിയാക്കാരന്റെ ക്രൂരമര്‍ദനം. കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായത്. ശരീരം മുഴുവന്‍ ചൂരലിന് അടിയും മര്‍ദനവുമേറ്റ പെണ്‍കുട്ടി മുറിവുകള്‍ പഴുത്ത് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സ തേടി.  കോട്ടയം ജില്ലയുടെ പടിഞ്ഞാറുള്ള ഒരു കേന്ദ്രത്തില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയില്‍ കയറിക്കൂടിയ പ്രേതബാധ ഒഴിപ്പിക്കാനാണ് പൊലീസുകാരന്‍ മകളുമായി മന്ത്രവാദിയുടെ അടുത്തെത്തിയത്. നിലത്ത് കളംവരച്ച്‌ പെ ണ്‍കുട്ടിയെ അതിലിരുത്തി ഹോമവും പൂജകളും ആഭിചാരക്രിയകളും നടത്തി.

ഒരു ദിവസം നീണ്ട പൂജകള്‍ക്കൊടുവില്‍ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ബാധയിറങ്ങിപ്പോകാനെന്ന പേരില്‍ ശരീരമാസകലം ചൂരലിന് അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.  ആഭിചാര ക്രിയകള്‍ക്കായി ഇരുപതിനായിരം രൂപ പൂജാരിക്ക് നല്‍കി.ശരീരത്തില്‍ മുറിവുകളും കടുത്ത വേദനയും ഉണ്ടായതിനെ തുടര്‍ന്ന് പിറ്റേന്ന് പെണ്‍കുട്ടിയെ ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍ കേസെടുക്കാതെ ചികില്‍സ നടത്താനാവില്ലെന്ന് അറിയിച്ചതോടെ പൊലീസുകാരന്‍ മകളുമായി മുങ്ങി.

പിന്നീട് മുറിവുകള്‍ പഴുത്ത് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.