Web Desk

കൊച്ചി

June 19, 2021, 9:33 am

ലക്ഷദ്വീപിൽ പ്രതിഷേധം കടുപ്പിച്ചു; ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു

Janayugom Online

ലക്ഷദ്വീപിൽ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകൾക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്ലെക്‌സുകൾക്കും നേരെയുമാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്. പ്രഫുൽ ഗോഡ പട്ടേൽ ഇന്ന് രാവിലെ സന്ദർശനം മതിയാക്കി ദ്വീപില്‍ നിന്നും മടങ്ങാനിരിക്കെയാണ് പ്രതിഷേധം കടുപ്പിച്ചത്. അതേസമയം കരി ഓയിൽ ഒഴിച്ചു പ്രതിഷേധിച്ചവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്ത ശേഷം ലക്ഷദ്വീപിലെ വിവിധ വകുപ്പുകളിൽ നിന്നായി പിരിച്ചുവിടപ്പെട്ട ആയിരത്തി മുന്നൂറോളം ജീവനക്കാർ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനപ്രകാരം ഇന്നലെ പ്ലക്കാർഡുകളേന്തി സ്വന്തം വീടുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാല്‍ എതിർപ്പിനെ മറികടന്നുകൊണ്ട് ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ സ്മാർട്ട് സിറ്റി നടപ്പാക്കണമെന്ന പിടിവാശിയിലാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഒരുപാട് ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. എങ്കിലും പദ്ധതി നടപ്പാക്കുമെന്ന വാശിയിലാണ് അഡ്മിനിസ്ട്രേറ്റർ. പ്രഫുല്‍ പട്ടേല്‍ ഉടനെ ദ്വീപ് വിടുമെന്ന സൂചനകള്‍ ലഭിച്ചതോടെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും ദ്വീപിലാകെ ജനങ്ങൾ ലൈറ്റുകൾ അണച്ചും പാത്രം കൊട്ടിയും പ്രതിഷേധിച്ചു.

Eng­lish sum­ma­ry: Black oil poured in BJP offices in Lakshadweep

You may also like this video: