Web Desk

പാലക്കാട്

July 26, 2021, 5:28 pm

ബ്ലേഡ് മാഫിയ ഭീഷണി: ഒരു ഗൃഹനാഥന്‍കൂടി ആത്മഹത്യ ചെയ്തു

Janayugom Online

കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച മുതലെടുത്തുകൊണ്ടുള്ള ബ്ലേഡ് മാഫിയയുടെ വിളയാട്ടം തുടരുന്നു. മാഫിയ ഭീഷണി ഭയന്ന് സംസ്ഥാനത്ത് ഒരു ഗൃഹനാഥന്‍ കൂടി സംസ്ഥാനത്ത് ജീവനൊടുക്കി. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടി (56) ആണ്​ മരിച്ചത്. ട്രാക്​ടര്‍ ഡ്രൈവര്‍ ആയിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്​ച പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇദ്ദേഹത്തിന് അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൃഷി നടത്താനും മറ്റാവശ്യങ്ങള്‍ക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. ഇരുകൂട്ടരും വീട്ടില്‍ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. കഴിഞ്ഞ ദിവസവും നെന്മാറയിലെ കെ ആര്‍ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നെത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്​റ്റ്​ മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. നേരത്തെയും ബ്ലേഡ്​ മാഫിയയുടെ ഭീഷണി ഭയന്ന് കഴിഞ്ഞ ആഴ്ച മറ്റൊരു കര്‍ഷകന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.

Eng­lish sum­ma­ry; Blade mafia threat: Anoth­er house­hold­er com­mits suicide

You may also like this video;