മലയാറ്റൂരില്‍ പാറമടയിൽ സ്ഫോടനം; രണ്ട് തൊഴിലാളികൾ മരിച്ചു

Web Desk

കാലടി

Posted on September 21, 2020, 9:58 pm

മലയാറ്റൂരിനടുത്ത് ഇല്ലിത്തോട്ടിൽ പാറമടയിൽ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. കർണ്ണാടക ചമരരാജ് നഗറിൽ നാഗ (36), തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയസംഭവം. സ്ഫോടക വസ്തു സൂക്ഷിച്ചിരുന്ന 1500 ചതുരശ്ര അടി വീട് സ്ഫോടനത്തിൽ പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം നാല് കിലോമീറ്റർ ചുറ്റളവിൽ കേട്ടു. ചുറ്റുപാടുകളിലെ വീടുകളുടെ ജനൽ പാളിയുടെ ചില്ലുകള്‍ക്ക് വിള്ളല്‍ വീണു. ചില വീടുകൾക്ക് നേരിയ പൊട്ടലും സ്ഫോടനത്തിൽ സംഭവിച്ചിട്ടുണ്ട്. മരിച്ച രണ്ട് പേരും ക്വാറന്റൈനിലായിരുന്നു.

ഇന്നലെ ജോലിക്ക് ഇറങ്ങുംമുമ്പ് വെടിക്കോപ്പുകൾ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് കരുതുന്നു. ഘര്‍ഷണം മൂലമുണ്ടായ പിഴവായിരിക്കാം സ്ഫോടനത്തിന് കാരണമെന്ന നിഗമനവും ഉണ്ട്. വർഷങ്ങളായി പ്രദേശത്ത് പ്രവർത്തിക്കുന്ന പാറമടയാണിത്. പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടെന്നും അതു പുതുക്കാറുണ്ടെന്നും മലയാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ബിബി സെബി പറഞ്ഞു. സ്ഫോടനത്തിൽ മരിച്ച രണ്ട് പേരിൽ ഒരാളുടെ മൃതദേഹം ചിന്നിച്ചിതറി. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആലുവ റൂറൽ എസ്‌പി കെ കാർത്തിക്, പെരുമ്പാവൂർ ഡിവൈഎസ്‌പി കെ ബിജുമോൻ, കാലടി സിഐ എം ബി ലെത്തീഫ് എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പാറമട നടത്തിപ്പുകാരന്റെയും ഉടമസ്ഥന്റെയും പേരിൽ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറി സി ബി രാജൻ സംഭവ സ്ഥലം സന്ദർശിച്ചു.

Eng­lish sum­ma­ry; Blast at Para­ma­da in Malay­at­toor; Two work­ers died

You may also like this video;