കുട്ടനാട്ടിലെ ഐസ്‌ക്രീം പാര്‍ലറിലെ പൊട്ടിത്തെറി: മൂന്ന് കടകള്‍ തകര്‍ന്നു

Web Desk
Posted on December 18, 2018, 8:26 am

ആലപ്പുഴ: കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ഐസ്‌ക്രീം പാര്‍ലറില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ സമീപത്തെ മൂന്ന് കടകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു പ്രദേശത്തെ നടുക്കിയ ഉഗ്രസ്‌ഫോടനം ഉണ്ടായത്. പുളിങ്കുന്ന് ജങ്കാര്‍ കടവിന് സമീപത്തെ പാടിയത്തറ ലാലിച്ചന്റെ ഉടമസ്ഥതിയിലുള്ള ലിയോ ഏജന്‍സീസ് എന്ന സ്ഥാപനത്തിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്.

പൊട്ടിത്തെറിയുടെ ആഘാതത്താല്‍ സമീപത്തെ സ്റ്റുഡിയോ ബേക്കറി, ഇരുമ്പുകട എന്നിവ പൂര്‍ണ്ണമായും നശിച്ചു. പുലര്‍ച്ചെയായതിനാല്‍ സമീപത്ത് അധികം ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഉഗ്രശബ്ദത്തെ തുടര്‍ന്നുള്ള സ്‌ഫോടനത്തില്‍ 50 മീറ്റര്‍ ചുറ്റളവില്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണു. പൊട്ടിത്തെറിയുടെ ശബ്ദം 2 കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കാനായതായി സമീപവാസികള്‍ പറയുന്നു. സ്‌ഫോടനത്തിന്റെ കാരണം എന്തെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സ്‌ഫോടനം നടന്ന കടയ്ക്കുള്ളില്‍ ഇതിന് കാരണമായ സംഭവങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടറുകളും സുരക്ഷിതമാണ്. ഐസ്‌ക്രീം സൂക്ഷിച്ചിരുന്ന ഫ്രീസറിലെ കംപ്രസര്‍ പൊട്ടിത്തെറിച്ചെന്ന നിഗമനത്തിലായിരുന്നു പൊലീസും നാട്ടുകാരും. എന്നാല്‍ റോഡിലേയ്ക്ക് തെറിച്ചുവീണ ഫ്രീസറിലും പൊട്ടിത്തെറിയുടെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. സ്ഥാപനത്തോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന ഏതോ വാഹനത്തില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് പുളിങ്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളടക്കം ശേഖരിച്ചുവരികയാണ്.