Saturday
23 Feb 2019

കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പത്ത് മരണം: നിരവധി പേർക്ക് പരിക്ക്

By: Web Desk | Saturday 4 August 2018 8:16 AM IST


Blast-in-Mizoram

ആന്ധ്രാപ്രദേശ് : കരിങ്കൽ ക്വാറിയില്‍ സ്ഫോടനം, പത്ത് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ഹാഥി ബെല്‍ഗാളിലെ ക്വാറിയില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം നടന്നത്. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്.  തുടര്‍ന്നു ചിതറിത്തെറിച്ച പാറകള്‍ക്കടിയില്‍പ്പെട്ട് ഒട്ടേറെ പേര്‍ക്ക് ഗുരുതരമായ പരുക്കുമേറ്റിട്ടുണ്ട്.

സ്വകാര്യ ഉടമസ്ഥതയിലുള്ള ക്വാറിയിലാണു സംഭവം. വന്‍ സ്‌ഫോടനമാണുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്‌ഫോടനത്തില്‍ കൂറ്റന്‍ പാറക്കഷ്ണങ്ങള്‍ ചിതറിത്തെറിച്ചു. ഇവയിലൊന്ന് തൊഴിലാളികള്‍ വിശ്രമിക്കുന്ന ചെറുകുടിലിലാണു പതിച്ചത്. മുപ്പതോളം പേര്‍ ഇവിടെയുണ്ടായിരുന്നു.

ക്വാറിയിലുണ്ടായ തീപ്പൊരി മറ്റു സ്‌ഫോടന വസ്തുക്കളിലേക്കു പടര്‍ന്നാണു തീപിടിത്തമുണ്ടായത്. മൂന്നു ട്രാക്ടറുകളും ഒരു ട്രക്കും മറ്റൊരു ഷെഡും പൂര്‍ണമായി കത്തി നശിച്ചു. സമീപഗ്രാമങ്ങളിലേക്കു വരെ സ്‌ഫോടനത്തിന്റെ പ്രകമ്ബനമെത്തി. ഒട്ടേറെ വീടുകളുടെ ചുമരുകളില്‍ വിള്ളലുണ്ടായിട്ടുണ്ട്. പലരും ഭൂകമ്ബമാണെന്നു കരുതി വീടുവിട്ട് ഇറങ്ങിയോടി. പാറയ്ക്കടിയില്‍പ്പെട്ടാണു മരണത്തിലേറെയും. രാത്രി പന്ത്രണ്ടര വരെ 10  മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അപകടം സംഭവിച്ച തൊഴിലാളികളെല്ലാവരും ഒഡിഷയില്‍ നിന്നുള്ളവരാണ്. കുര്‍ണൂല്‍ ജില്ലാ കലക്ടറില്‍ നിന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.