
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ക്വറ്റയിലെ സര്‍ഗുന്‍ റോഡിലുള്ള പാരാമിലിറ്ററി സേനയായ ഫ്രോണ്ടിയർ കോൺസ്റ്റാബുലറി (എഫ്‌സി)ആസ്ഥാനത്തിന് സമീപമായിരുന്നു സ്ഫോടനം. നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊട്ടിത്തെറിയുടെ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ തകർന്നുവെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വെടിയൊച്ച കേട്ടത് പരിഭ്രാന്തി പരത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥലത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. നഗരത്തിലെ ആശുപത്രികളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെടിവയ്പിലും സ്ഫോടനത്തിലും രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ലെങ്കിലും ബലൂചിസ്ഥാൻ ലിബറേഷൻ ആര്‍മിയാണ് സംശയദൃഷ്ടിയിലുള്ളത്. പ്രവിശ്യയിൽ ഇത്തരം ആക്രമണങ്ങൾ ഇതിന് മുമ്പ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നടത്തിയിട്ടുണ്ട്.
ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ സർഫ്രാസ് ബുഗ്തി സംഭവത്തെ ശക്തമായി അപലപിച്ചു, ഭീരുത്വപരമായ പ്രവൃത്തികളിലൂടെ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താൻ ഭീകരർക്ക് കഴിയില്ല. ജനങ്ങളുടെയും സുരക്ഷാ സേനയുടെയും ത്യാഗങ്ങൾ വെറുതെയാകില്ല. ബലൂചിസ്ഥാനെ സമാധാനപരവും സുരക്ഷിതവുമാക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ, ദീർഘകാലമായി നിലനിൽക്കുന്ന അക്രമാസക്തമായ കലാപത്തിന്റെ കേന്ദ്രമാണ്. എണ്ണ, ധാതു സമ്പന്നമായ ഈ പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും സർക്കാർ പദ്ധതികളെയും 60 ബില്യൺ ഡോളറിന്റെ ചൈന‑പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതികളെയും ലക്ഷ്യമിട്ട് ബലൂച് വിമത ഗ്രൂപ്പുകൾ പതിവായി ആക്രമണങ്ങൾ നടത്താറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.