Friday
22 Feb 2019

പൂനെയുടെ അസന്തുലിതാവസ്ഥ ബ്ലാസ്റ്റേഴ്‌സിന് അവസരം

By: Web Desk | Thursday 1 February 2018 10:48 PM IST

പൂനെ: ഡേവിഡ് ജെയിംസിന്‍റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു നാളെ അഗ്‌നിപരീക്ഷ. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ ആതിഥേയരായ പൂനെ സിറ്റി എഫ്.സി.യെ നേരിടും.
12 മത്സരങ്ങളില്‍ നിന്ന് എഴ് ജയം, ഒരു സമനില, നാല് തോല്‍വി എന്ന ക്രമത്തില്‍ 22 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരണ് എഫ്.സി പൂനെ. മറുവശത്ത് ഇതിനകം 13 മത്സരങ്ങള്‍ പിന്നിട്ട കേരള ബ്ലാസറ്റേഴ്‌സ് നാല് ജയം അഞ്ച് സമനില, നാല് തോല്‍വി എന്ന ക്രമത്തില്‍ 17 പോയിന്റോടെ എഴാം സ്ഥാനത്തും നില്‍ക്കുന്നു. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ എഫ് സി ഗോവ 19 പോയിന്‍റ്  നേടിയിട്ടുണ്ട്. നാളെ ജയിച്ചാല്‍ ഗോവയെ മറികടക്കാനാകുമെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സിനു നാലാം സ്ഥാനത്ത് എത്താനാകുമെന്നു പറയാനാവില്ല. കാരണം. കേരള ബ്ലാസ്റ്റേഴ്‌സിനു മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന ജാംഷെഡ്പൂരിനു 19 പോയിന്‍റും മുംബൈ സിറ്റിക്കു 17 പോയിന്‍റും ലഭിച്ചിട്ടുണ്ട്. ഈ ടീമുകള്‍ തമമിലുള്ള മത്സര ജേതാക്കളായിരിക്കും ആദ്യം നാലാം സ്ഥാനത്തേക്കുയരുക.

നിലവില്‍ നാലാം സ്ഥാനക്കാരായ ഗോവയുമായി രണ്ടു പോയിന്‍റിന്‍റെ വ്യത്യാസം മാത്രമെ ഉള്ളുവെങ്കിലും ജാംഷെഡ്പൂരും, മുംബൈ സിറ്റി എഫ് സിയും ഇതിനിടയില്‍ ബ്ലാസറ്റേഴ്‌സിന്‍റെ നാലാം സ്ഥാന മോഹത്തിനു വിലങ്ങുതടിയായി നില്‍ക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടു മത്സരങ്ങളില്‍ ജാംഷെഡ്പൂരിനോടും (1-2നും), ഗോവയോടും (1-2നു) തോറ്റു. അതിനുശേഷം കൊച്ചിയില്‍ ഡല്‍ഹിക്കെതിരെ നേടിയ 2-1 വിജയത്തോടെയാണ് വീണ്ടും വിജയ പാതയില്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു സീസണുകളിലും സെമിഫൈനല്‍ കാണാന്‍ കഴിയാതിരുന്ന ടീമാണ് പൂനെ. എന്നാല്‍, ഈ സീസണില്‍ സെര്‍ബിയയില്‍ നിന്നുള്ള പരിശീലകന്‍ റാങ്കോ പോപോവിച്ചിന്റെ കീഴില്‍ പൂനെ അത്ഭുതകരമായ വിധം മാറിയിരിക്കുന്നു. ആദ്യമായി സെമിഫൈനല്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാനുള്ള ആവേശത്തിലാണ് പൂനെ. ആക്രമണത്തില്‍ എന്ന പോലെ പ്രതിരോധത്തിലും എറ്റവും മികച്ച പ്രകടനമാണ് പൂനെ കാഴ്ചവെച്ചിരിക്കുന്നത്. 23 ഗോളുകള്‍ അടിച്ച പൂനെ കേവലം 12 ഗോളുകളാണ് വഴങ്ങിയത്. ജാംഷെഡ്പൂര്‍ കഴിഞ്ഞാല്‍ എറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമാണ് എഫ്.സി.പുനെ സിറ്റി. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ആകെ ഒരു തോല്‍വി മാത്രമെ പൂനെ നേരിട്ടിട്ടുള്ളു. ബെംഗഌരു എഫ്..സിയോട് 1-3നു തോറ്റതിനു ശേഷം ഗോവയെ 2-1നും നോര്‍ത്ത് ഈസറ്റിനെ 5-0നും തകര്‍ക്കാന്‍ പൂനെയ്ക്കു കഴിഞ്ഞു.
ഡല്‍ഹിക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ‘ ഗോവയോട് എറ്റ തോല്‍വി വളരെ കടുത്തതായിരുന്നു. ഇതോടെ തുടര്‍ച്ചയായി ആറ് മത്സരങ്ങളും ജയിക്കേണ്ട നിലയിലേക്കു ഞങ്ങളെ മാറ്റി. എനാല്‍, കഴിഞ്ഞ ഡല്‍ഹിക്കെതിരായ മത്സരം വളരെ നിര്‍ണായകമായിരുന്നു. കളിക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ആ വിജയത്തിനു കഴിഞ്ഞു. അടുത്ത മത്സരങ്ങള്‍ക്കു മുന്‍പായുള്ള ആദ്യ പടിയായിരുന്നു ഈ ജയം .’ ഡേവിഡ് ജെയിംസ് പറഞ്ഞു.

പൂനെക്കെതിരെ ദിമിതാര്‍ ബെര്‍ബറ്റോവ് കളിക്കാനുണ്ടാകുമെന്നു ഡേവിഡ് ജെയിംസ് അടിവരയിട്ടു പറഞ്ഞു. പരിശീലന സമയത്ത് അത്യുജ്ജല പാടവം ആണ് ബെര്‍ബറ്റോവ് കഴ്ചവെച്ചതെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. എന്നാല്‍ കളിക്കാരുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച ചോദ്യങ്ങളോട് ഡേവിഡ് ജെയിംസ് പ്രതീകരിച്ചില്ല.
കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പൂനെ പോയിന്റ് പ്ട്ടികയില്‍ ആദ്യ സ്ഥാനത്തെത്തും. പൂനെയുടെ ഗോളടി യന്ത്രങ്ങലായ മാര്‍സിലോ പെരേരയും എമിലിയാനോ അല്‍ഫാരോയും തകര്‍പ്പന്‍ ഫോമിലാണ്. ഇരുവരെയും പിടിച്ചുകെട്ടാന്‍ മറ്റൊരു ടീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇരുവരുടെയും തകര്‍പ്പന്‍ ഫോമില്‍ കോച്ച് റാങ്കോ പോപോവിച്ച് വളരെ ആഹ്ലാദവാനാണ്. എന്നാല്‍ ടീമിന്റെ കാര്യത്തി്ല്‍ ഇനിയും മികവ് കാട്ടേണ്ടതുണ്ടെന്നാണ് ആദ്ദേഹത്തിന്റെ അഭിപ്രായം.

തന്റെ ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അല്‍ഫാരോ കഴിഞ്ഞ 12 മത്സരങ്ങളും കളിച്ചു. അദ്ദേഹത്തിനു വിശ്രമം ആവശ്യമാണെന്നു തോന്നുന്ന അവസരത്തില്‍ അദ്ദേഹം ആവശ്യപ്പെടും. ഇതുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പോപോവിച്ച് ആദ്യ ഇലവനില്‍ തന്നെ അല്‍ഫാരോയെ ഇറക്കുമെന്നു വ്യക്തതമാക്കി. ടീമില്‍ വെറുതെ കളിക്കാരെ മാറ്റി ഇറക്കി സമയം വൃഥാ കളയുന്നതിനോട് താല്‍പ്പര്യമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേപോലെ കേരള ബ്ലാസറ്റേഴ്‌സിനെതിരെ ഇറങ്ങുന്ന ടീമിില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തിയില്ല.
പൂനെ ടീമില്‍ എന്തെങ്കിലും അഴിച്ചുപണി നടത്തിയാല്‍ അതില്‍ നിന്നും നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഫിക്‌സചറിലെ എറ്റവും കടുത്ത വെല്ലുവിളിയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചു ഈ മത്സരം.