ലോക ഫുട്‌ബോളിൽ കോച്ച് എന്ന അസാധാരണ പ്രതിഭാധനന്മാർ പലരും വന്നും പോയുമിരുന്നു. ഫിഫ കപ്പിലാണ് പലപ്പോഴും കോച്ചിന്റെ ഭാവനാവിലാസം യാഥാർത്ഥ്യമാകുന്നത്. ഓരോകളിക്കാരന്റെയും കഴിവും കഴിവുകേടും കൃത്യമായി അളക്കുന്ന അളവുകോൽ കോച്ചിന്റെ ചിന്തയിൽ കാണാം. ബ്രസീൽ ലോകകപ്പിൽ ജർമ്മനി-ബ്രസീൽ മത്സരം വിജയിപ്പിച്ചത് ജർമ്മൻ കോച്ചിന്റെ തന്ത്രം കൊണ്ടാണ്. തുല്യതയുള്ള രണ്ട് ടീമുകൾ. അവസാന നിമിഷത്തെ ഉദ്വേഗജനകമായ കളി. മനസിൽ പ്രതീക്ഷ അർപ്പിച്ചു ജനകോടികൾ. കളിയുടെ ലോങ് വിസിലിന് കേവലം രണ്ടു നിമിഷം പോലുമില്ല. മത്സരത്തിലെ സ്കോറിങ് യന്ത്രമായ ക്ലോസെയെ അർജന്റീനിയൻ പ്രതിരോധം പൂട്ടിയിട്ടിരിക്കുന്നു. കൂർമ്മബുദ്ധിക്കാരനായ കോച്ച് പൊടുന്നനെ ക്ലോസെയെ മാറ്റുന്നു. ഒരു ഡിഫൻഡറും ഒരു മിഡ്ഫീൽഡറും തളച്ചിട്ട ക്ലോസെയ്ക്ക് പകരം വന്നത് ഗോഡ്സെയാണ്. പൊടുന്നനെ വന്ന ലോങ് പാസ് ഗോഡ്സെയുടെ കാലിൽ, പ്രതിരോധം ആശയക്കുഴപ്പത്തിൽ. പന്ത് നേരെ വലയിൽ തന്നെ. കപ്പുമായി ജർമ്മനി വിജയക്കൂടാരത്തിൽ. അന്നത്തെ കളി വിദഗ്ധർ പറഞ്ഞു ഇതാണ് ആസൂത്രിത കോച്ചിങ് എന്ന്. ഇത് ഒരുദാഹരണം മാത്രം.
ലോകപ്രസിദ്ധനായ മെസിയെ ബാഴ്സയിലേക്ക് സെലക്ട് ചെയ്ത കോച്ചിന്റെ നടപടിയിൽ ക്ലബ്ബിന്റെ നേതൃത്വത്തിന് തന്നെ ഇഷ്ടക്കേടുണ്ടായിരുന്നു. മാരകമായ രോഗം ആക്രമിക്കുന്ന പയ്യനെ വൻതുക ചെലവിട്ട് ചികിത്സിച്ച് ഭേദമാക്കാനുള്ള ഭാരം ക്ലബ്ബിന്റെ ചുമലിലായാൽ ഭാവിയിൽ ഭാഗ്യ പരീക്ഷണമല്ലെയെന്ന് സംശയിച്ചു. ഒടുവിൽ കോച്ചിന്റെ നിഗമനം ശരിയായി. ലോകകാര്യം മാത്രമല്ല, കേരളത്തിൽ കോച്ചിന്റെ തന്ത്രങ്ങൾ വിജയിച്ചത് സന്തോഷ് ട്രോഫിയിൽ കണ്ടു.
കണ്ണൂർ ജിംഖാന ക്ലബ്ബിന്റെ കരുത്തനായ സ്റ്റോപ്പർ ബാക്കായിരുന്നു മണി. അദ്ദേഹം എഫ്എ സി ടിയിൽ എത്തിയപ്പോൾ സൈമൺ സുന്ദർരാജ് എന്ന മുൻ ഇന്ത്യൻ താരമാണ് അവിടത്തെ കോച്ച്. അദ്ദേഹം മണിയോട്പറഞ്ഞു, മണി ഫോർവേഡിൽ കളിച്ചു നോക്കുക. പരീക്ഷണം വിജയിച്ചു. കേരളം 1973ൽ സന്തോഷ് ട്രോഫി നേടിയത് ക്യാപ്റ്റൻ മണിയുടെ ഗോളടിക്കരുത്തിലായിരുന്നു. ബംഗാൾ കടുവകൾ തലതാഴ്ത്തി മടങ്ങിയത് മണിയുടെ ഗോളടിമേളത്തിൽ. ഇത്രയും സൂചിപ്പിക്കുന്നത് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഒടുവിലത്തെ നില സൂചിപ്പിക്കുവാനാണ്. സമനിലയുമായി തോൽവിയറിയാതെ കേരളം കടന്നു വരുമ്പോൾ നമ്മുടെ കോച്ചർമാരുടെ സെലക്ഷൻ നടക്കുന്ന ഇടവേളയാണ്. വിദേശകോച്ചിന്റെ സാന്നിധ്യം ടീമിന് നവ ചൈതന്യം വരുമെന്നത് സത്യമാണ്. പക്ഷേ നമ്മുടെ സ്വന്തം നാട്ടുകാരനായ കോച്ച്, പഴയ കേരള ഗോളി പുരുഷോത്തമനെ എഴുതിത്തള്ളരുത് എന്നാണ് സൂചിപ്പിക്കുന്നത്. കാരണം ഡിഫൻസിന്റെ പിഴവുകൾ മാറ്റി ഓട്ടയടച്ച കോച്ച് ഒരു ഗോൾകീപ്പറുടെ പരിചയ സമ്പത്ത് ഇവിടെ പ്രവൃത്തിയിൽ കൊണ്ട് വന്നത് കാണാം. ഡിഫൻസിലെ പിഴവുകളും ഗോളി സച്ചിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു എന്ന് വ്യക്തമാണ്. ഗോളിയുടെ പിഴവുകൾ ഡിഫൻസിനെയും ഡിഫൻസിന്റെ പിഴവുകൾ ഗോളിയേയും പൊടുന്നനെ ബാധിക്കുമെന്ന് കഴിഞ്ഞ കളി സാക്ഷ്യപ്പെടുത്തുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വം കൂറച്ചു ജാഗ്രത കാണിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇന്ത്യൻ ഫുട്‌ബോളിൽ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് മഞ്ഞപ്പട. ജനഹൃദയങ്ങളിൽ ഏറെ സ്വാധീനമുള്ള മറ്റൊരു ടീം ഇന്ത്യയിലില്ല. പഴയ പാരമ്പര്യവും ആരാധക പിന്തുണയുമുള്ള ഒരു ടീം മോഹൻ ബഗാനായിരുന്നു. അവരാണ് ആദ്യകാലത്തെ ഇന്ത്യൻ ജേതാക്കൾ. അവർ തന്നെയാണ് ഫുട്‌ബോളിന്റെ മക്കയായ ബംഗാളിൽ വൈദേശികരായ വെള്ളക്കാരോടേറ്റുമുട്ടി വിജയക്കൊടി ആദ്യം ഉയർത്തിയത്. സ്വാതന്ത്ര്യം നേടുന്നതിന് 36 വർഷം മുമ്പ് 1911ൽ വെള്ളക്കാരെ തോൽപ്പിച്ചത് ഐഎഫ്എ ഷീൽഡ് ഫൈനലിലാണ്. യേർക്കയെന്ന പട്ടാള ക്ലബ്ബിനെ കെട്ടുകെട്ടിച്ചു പാരമ്പര്യമുള്ള ഫുട്‌ബോൾ ജേതാക്കളായ മോഹൻ ബാഗാനുപോലും ലഭിക്കാത്ത ജനപിന്തുണ നേടിയെടുത്ത ടീമാണ് മഞ്ഞപ്പട. സമൂഹമാധ്യമങ്ങളിലും മറ്റു വാർത്താ മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ ടീമാണിത്. ബ്ലാസ്റ്റേഴ്സിന്റെ ഓരോ നേട്ടങ്ങളും ആഘോഷിക്കാനും പിഴവുകളിൽ ദുഃഖിക്കാനും വിമർശിക്കാനും ജനങ്ങളുണ്ട്. ഇത് ശരിക്കും ഉൾക്കൊള്ളാത്തതാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പിഴവ്. അത്തരം പിഴവുകൾ തിരുത്തി മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്ന വാർത്തയ്ക്ക് നല്ല സ്വീകാര്യതയുണ്ട്. ചില പുതിയ താരങ്ങളെ ഡിഫന്‍സിൽ ചേർത്തും കോച്ചിന്റെ ഒഴിവ് നികത്താൻ വിദേശ കോച്ച് വരുന്നു എന്ന വാർത്തയും പ്രതീക്ഷ നൽകുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ഉൾക്കരുത്ത് ശരിക്കും പ്രകടമായ മത്സരമാണ് നോർത്ത് ഈസ്റ്റിനെതിരായി നടന്നത്. ഒരുമണിക്കൂർനേരം പത്ത് കളിക്കാരുമായി കളിച്ചടീം ഒരിഞ്ചുപോലും വിട്ടു കൊടുക്കാതെ ധീരമായി പോരാടി. സാധാരണയായി ഒരു വിങ്ങിൽ വിടവ് വന്നാൽ കളിക്കാരുടെ മനോവീര്യവും തനതു വിങ്ങിലെ വിടവ് ടീമിനെയാകെയും ബാധിക്കും. കളിക്കാരന്റ ഗ്യാപ്പ് എതിരാളിക്ക് ഇരട്ടഗുണം ചെയ്യും. എന്നാൽ ഈ കളിയിൽ പത്തു കളിക്കാരും മനക്കരുത്തും പോരാട്ട വീര്യവും സ്വന്തം ആരാധകരുടെ മുന്നിൽ കാണിച്ചത് വിജയത്തെക്കാൾ മനോഹരമായി.
കേരളഫുട്ബോളിന്റെ മുന്നോട്ടുള്ള യാത്രയിൽ വലിയ സംഭാവന നൽകിയ കേരള ബ്ലാസ്റ്റേഴ്സ് ഇടക്കാലത്തുണ്ടായ ആശയക്കഴപ്പത്തിൽ നിന്നും കരകയറി വരുന്നതിന്റെ സൂചനയാണ് സ്വന്തം കളിക്കളത്തിൽ കണ്ടത്. ഗോകുലവും മറ്റു ടീമുകളും പുതിയ വീര്യവുമായി ഉയർന്നു വരുമ്പോൾ സ്വന്തം നാട്ടുകാരായ കളിക്കാർക്ക് വളർന്നുവരുന്ന പ്രൊഫഷണൽ ടീമുകൾ കരുത്താണ്. ഇനിയും പുതിയ ടീമുകൾ രംഗത്ത് വരണം. കെഎസ്എല്ലിൽ വരുന്ന പുതിയ ടീമുകളും ആദ്യ സീസണിൽ കളിച്ച ടീമുകളും കേരള ഫുട്‌ബോളിന് നവ ചൈതന്യമാണ്. സെമി പ്രൊഫഷണൽ ടീമുകളുടെ ആഗമനം കെഎസ്എല്ലിനെ സമ്പന്നമാക്കിയെങ്കിൽ ഇനിയും നമുക്ക് ധാരാളം സാധ്യതകളുണ്ട്. അത് കണ്ടും അനുഭവിച്ചും നമുക്കുള്ള ഗുണം ബോധ്യമായതാണ്. സന്തോഷ് ട്രോഫിയിൽ കളിച്ച മുക്കാൽ ഡസൻ കളിക്കാർ കെഎസ്എല്ലിന്റെ സംഭാവന തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.