25 April 2024, Thursday

Related news

November 29, 2023
October 27, 2023
October 8, 2023
July 19, 2023
July 11, 2023
July 10, 2023
June 2, 2023
April 6, 2023
April 4, 2023
March 14, 2023

നിര്‍ഭാഗ്യമേ, നിങ്ങളുടെ പേരാണ് ബ്ലാസ്റ്റേഴ്സ്; കൈവിടില്ല… ഒപ്പമുണ്ട്

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
March 22, 2022 10:32 am

ഇന്ത്യൻ ഫുട്ബോളിലെ ശക്തരായ പോരാളികളായി കേരളത്തെ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളം നേടിയ ആദ്യ വിജയം സുവർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. ഒളിമ്പിക്സിലും മെർദേക്കാ ടൂർണമെന്റിലും ഏഷ്യൻ ഗെയിംസിലും രാജ്യത്തിന്റെ കുപ്പായമണിഞ്ഞ ഒട്ടേറെ പ്രഗത്ഭരുടെ നാടാണ് കൊച്ചു കേരളം. പഴമയുടെ പൊങ്ങച്ചം പറഞ്ഞു നിൽക്കാനുള്ളവരല്ല നമ്മളെന്ന് പുതിയ കാലം ഓർമ്മപ്പെടുത്തുകയാണ്. കാരണം, ആധുനിക ഫുട്ബോളിന്റെ ഘടനയിൽ തന്നെ സാരമായ മാറ്റംവന്നിരിക്കുകയാണ്. പഴയകാലത്ത് നാട്ടിലെല്ലാം പന്തുകളി കാണാനും അതിൽ ആവേശം കൊള്ളാനും ആയിരങ്ങൾ ഒത്തുചേരും. വർത്തമാനകാലത്ത് ജനങ്ങൾ കാണുന്ന കളികൾ പ്രൊഫഷണൽ ടച്ചുള്ളതാണ്. അവ പഴയകാല കളികളുമായുള്ള സാമ്യത വളരെ വിരളമാണ്. ദൃശ്യമാധ്യമങ്ങളിൽ കാണുന്ന കളികളും നമ്മുടെ കളിയുമായി തുല്യതാ വിശകലനം നടത്തുക അസാധ്യമാണ്. ഇത്തരമൊരു ഘട്ടത്തിലാണ് സെമി പ്രൊഫഷണൽ കളിയുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദയമുണ്ടായത്. വിദേശ‑സ്വദേശ താരങ്ങളും പ്രാദേശിക കളിക്കാരുമായി ചേർന്ന് ഒരപൂർവ മിശ്രണമാണ് ഇവിടെ കണ്ടത്. കൊച്ചിയിൽ കടന്നുവന്ന, പതിനായിരങ്ങൾ പുതിയ കളിയഴകുമായി വളരെ വേഗം ഒട്ടിച്ചേർന്നു. കേരളത്തിന്റെ നാമധേയമുള്ള മഞ്ഞവസ്ത്രധാരികളോട് വളരെ വേഗം ഫുട്ബോൾ പ്രണയത്തിലായി. മൈതാനത്ത് കളിയും പുറത്ത് നടക്കുന്ന കളിയാവേശവും ചേർന്ന് ഫുട്ബോളില്‍ ജനകീയ പങ്കാളിത്തം കൂടി വരികയാണ്. പുതിയ പരിശീലകന്‍ വുകാനോവിച്ച് ആ കാര്യം സൂക്ഷ്മമായി പരിശോധിച്ചതാണ്. സാധാരണ ഗതിയിൽ ഒരു കളി തോറ്റാൽ ഒരുപിഴവ് വന്നാൽ പൊട്ടിത്തെറിച്ച് എതിർശബ്ദം പുറപ്പെടുവിക്കുന്നവരും അതെല്ലാം പൊറുക്കാൻ തയാറായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കളിക്കാരുടെ യാദൃച്ഛികമായ പിഴവുകളും തോൽവികളും നിരീക്ഷിച്ചു കളിയെ വിലയിരുത്താൻ ആരാധക സമൂഹം സജ്ജമായിരിക്കുന്നു. കോവിഡ് ശാന്തമാവുന്നതിന് മുമ്പ് നടന്ന കളിയിൽ തിരിച്ചടിയുണ്ടായിട്ടും വലിയ തരത്തിലുള്ള പ്രതിഷേധമല്ല, മറിച്ച് അടുത്ത കളി ജയിക്കാൻ വേണ്ട പ്രോത്സാഹനം നൽകാനാണ് ജനങ്ങൾ തയാറായത്. യൂറോപ്യൻ ഫുട്ബോളിൽ ലോകം ആരാധിക്കുന്ന ലയണൽ മെസിയെ കൂവൽകൊണ്ട് പ്രതിഷേധിക്കുവാൻ ജനങ്ങൾ തയാറായപ്പോൾ നമ്മുടെ ഫുട്ബോൾ ആരാധകരുടെ മാനസിക വിശാലതയും കളിയോടും കളിക്കാരോടും കാണിക്കുന്ന കൂറും മാതൃകപരമാണ്. കോവിഡ്കാലം മുതൽ കളിയിടങ്ങൾ ശൂന്യമായിരുന്നു. കളിക്കാരും കാണികളും തമ്മിലുള്ള സൗഹൃദത്തിന്റെയും പ്രോത്സാഹനത്തിന്റെയും ആരവങ്ങളുടെയും ചങ്ങലകൾ നിശ്ചലമായതാണ്. ലോകമാകെയുള്ള കളിയിടങ്ങളിൽ കളിയാരവങ്ങൾ മെല്ലെ മെല്ലെ കടന്നുവന്നുവെങ്കിലും ഇന്ത്യയിൽ ശൂന്യമായ ഗ്യാലറികളാണ് കളിയെ സ്വീകരിച്ചത്. ഐഎസ്എൽ മത്സരങ്ങളുടെ കലാശം ജനകീയ സാന്നിധ്യത്തിൽ നടത്തുവാൻ സംഘാടകര്‍ തീരുമാനിച്ചത് ആരാധകർക്ക് ഒരനുഗ്രഹമായി മാറി. ജനകീയാവേശവും കളിക്കാരുടെ സിരകളിലും കാലുകളിലും വളർന്നു വരുന്ന കളിയാവേശവും ഒരുമിക്കുന്ന അസുലഭ സന്ദർഭത്തിന് ഗോവൻ മണൽത്തരികൾ സാക്ഷ്യംവഹിച്ചു. ഫൈനൽ മത്സരത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഫൈനലായിരുന്നു. കഴിഞ്ഞ രണ്ടു ഫൈനലുകളിലെ തോൽവിക്ക് മധുരമായി പകരം വീട്ടണമെന്ന വീറോടെയായിരുന്നു കളിക്കളത്തിലിറങ്ങിയത്. എതിരാളികളായ ഹൈദരാബാദ് കന്നി ഫൈനല്‍ മത്സരത്തിലും. അപ്രതീക്ഷീതമായി പലതും സംഭവിക്കാവുന്ന കളിയാണ് ഫു­ട്­ബോ­ൾ. തലനാരിഴ വ്യത്യാസത്തി­ൽ അട്ടിമറിനടക്കാം. മഞ്ഞപ്പടയുടെ പി­ന്നിൽ നാടാകെ നിറഞ്ഞുനിന്നു. ഗോവയുടെ ചരിത്രത്തിൽ ഇത്രയേറെ ആരാധകരെ ഒരുമിച്ച് കേ­ന്ദ്രീകരിച്ച ഒരുടീമും ഉണ്ടായിട്ടില്ല. കേ­രള ബ്ലാസ്റ്റേഴ്സ് ഒരു ജനകീയ വികാരമായി മാറി. ലോകകപ്പിൽ കേരളം കളിക്കുന്ന പ്രതീതിയാണ് കേരളീയരുടെ മനസില്‍. വന്നവരൊക്കെ മഞ്ഞക്കുപ്പായം കരുതിയെങ്കിലും നിർഭാഗ്യംകൊണ്ട് നമ്മുടെ ജേഴ്സി കറുത്തതായത് മനസിനെ നൊമ്പരപ്പെടുത്തി. ഒടുവില്‍ തോല്‍വിയും നിരാശരാക്കി. 68-ാം മിനിറ്റിൽ തൃശൂർ ഇന്ത്യക്ക് നൽകിയ മുന്നേറ്റതാരം കെ പി രാഹുൽ നൽകിയ ഗോളിന് മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് മറുപടിയായി 88-ാം മിനിറ്റിലെ ഹൈദരാബാദിന്റെ ഗോൾ കടന്നുവന്നപ്പോഴും തോൽവി പ്രതീക്ഷിച്ചിരുന്നില്ല. കാരണം, കേരളം പിഴവില്ലാതെ മുന്നോട്ടു പോയതായിരുന്നു. എന്നാൽകളിയുടെ മുഴുവൻ സമയവും തുല്യത വന്നപ്പോൾ പെനാൽറ്റി കേരളത്തെ തകർത്തു എന്നതാണ് സത്യം. പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരുഗോൾ പോലും നേടാനൊത്തില്ല എന്ന നിരാശയിലാണ് ആരാധക ലോകം. കറുത്ത യൂണിഫോമിന്റെ കളിയിൽ പരാജയത്തിന്റെ വഴിയാണ് കയ്പ് കഷായം പോലെ തേടിയെത്തിയത്. ഫുട്ബോൾ കളിയാണ്. ഭാഗ്യവും നിർഭാഗ്യവും മാറി മാറി കടന്നെത്താം. രണ്ടു ഷോട്ടുകൾ ബാർ തടഞ്ഞില്ലായിരുന്നെങ്കിലെന്ന് കളികണ്ടിരുന്നവർ സ്വയം മോഹിച്ച് പോകും. വീരോചിതം പൊരുതി വീണു എന്ന് ആശ്വസിക്കാം. ആക്രമണ ഫുട്ബോളിന്റെ ശക്തി സൗന്ദര്യവുമായി കളത്തിലെത്തിയവർക്ക് കളിയുടെ സിംഹഭാഗവും സ്വന്തമാക്കാൻ കഴിഞ്ഞു. ഈ മത്സരത്തിന് തിരശീല വീണപ്പോൾ ഒരുകാര്യം ഉറപ്പാണ്. ആരെയും വെല്ലാൻ പോരുന്ന ടീമായി ബ്ലാസ്റ്റേഴ്സ് വളർന്നു കഴിഞ്ഞു. തലനാരിഴ വ്യത്യാസത്തിൽ തോറ്റതിൽ നിരാശയുണ്ടെങ്കിലും കേരളത്തിന്റെ ആരാധകർക്ക് അഭിമാനിക്കാം. നമ്മുടെ നാട്ടിന്റെ സ്വന്തം കളിക്കാരായ സഹലും രാഹുലും നേടിയ ഗോളുകൾ ചരിത്രത്തിൽ മായാതെ നിൽക്കുന്നതാണ്. ഒപ്പം ചരിത്രം രേഖപ്പെടുത്തിയ അരഡസൻ ഗോളുകൾ രാഹുലിന്റെ പേരിലാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.