Web Desk

ബംബോലിം:

January 02, 2021, 10:42 pm

തോൽവി ഒഴിയാതെ

Janayugom Online

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. ജിഎംസി സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബൈ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ആദ്യ 15 മിനിറ്റില്‍ത്തന്നെ മുംബൈ സിറ്റി ബ്ലാസ്‌റ്റേഴ്‌സിനുമേൽ രണ്ടു ഗോളുകളുടെ ആധിപത്യം നേടി. മൂന്നാം മിനിറ്റില്‍ ആദം ലെ ഫോണ്ടുവും 11-ാം മിനിറ്റില്‍ ഹ്യുഗോ ബൗമസും മുംബൈയ്ക്കായി ഗോള്‍ നേടി. ഈ ആഘാതത്തിൽ നിന്നും കരകയറി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ് മുംബൈയുടെ ആദ്യ ഗോള്‍. വിസെന്റെ ഗോമസിന്റെ അലക്ഷ്യമായ പാസിനെ മുംബൈ കൃത്യമായി മുതലെടുത്തു.

പന്തുമായി മുന്നേറിയ ഹ്യുഗോ ബൗമസിനെ എങ്ങനെ പിടിച്ചുകെട്ടണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം. ഒടുവില്‍ ബോക്‌സിനകത്ത് വെച്ച് ബൗമസിനെ വീഴ്ത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമുണ്ടായില്ല കോസ്റ്റ നമോയിനെസുവിന്. ഇതോടെ മുംബൈയ്ക്ക് പെനാല്‍റ്റിയും റഫറി വിധിച്ചു. പെനാല്‍റ്റി കിക്കെടുത്ത ആദം ആല്‍ബിനോ ഗോമസിനെ കാഴ്ച്ചക്കാരനാക്കി ഗോള്‍വല കുലുക്കി. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് രണ്ടാമത്തെ ഗോളും വീഴുന്നത്. ഒരിക്കല്‍ക്കൂടി ഹ്യൂഗോ ബൗമസുതന്നെ ബ്ലാസ്‌റ്റേഴ്‌സിന് വില്ലനായി. സ്വന്തം ബോക്‌സിനകത്ത് വെച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ഫ്രീകിക്ക് പിടിച്ചെടുത്ത അഹമ്മദ് ജാഹു കൃത്യമായി ബൗമസിന് പന്തെത്തിക്കുകയായിരുന്നു. ബൗമസിനെ കണ്ടപാടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം വീണ്ടും അങ്കലാപ്പിലായി. കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ ബൗമസ് പന്തിനെ ലക്ഷ്യത്തില്‍ ചേര്‍ത്തു. എട്ടു മത്സരങ്ങളില്‍ ആറും ജയിച്ച് മുംബൈപോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സാകട്ടെ എട്ടു മത്സരങ്ങളില്‍ ഒരു ജയം മാത്രം സ്വന്തമാക്കി ഒന്‍പതാമതാണ്.

ENGLISH SUMMARY: blasters failed

YOU MAY ALSO LIKE THIS VIDEO