ആദ്യമത്സരം കൈവിട്ട് ബ്ലാസ്റ്റേഴ്സ്

Web Desk

പനാജി:

Posted on November 20, 2020, 10:58 pm

ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനു തോല്‍വി. ഗോവയിലെ ബാംബോലിനിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനോടു മഞ്ഞപ്പട പൊരുതി വീഴുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മുന്‍ നായകന്‍ സന്ദേഷ് ജിങ്കന്റെ നേതൃത്വത്തിലിറങ്ങിയ എടികെയോട് 1–0 നാണ് കേരളത്തിന്റെ കൊമ്പന്‍മാര്‍ പരാജിതരായത്. റോയ് കൃഷ്ണ നേടിയ ഏക ഗോളിന്റെ ബലത്തിലായിരുന്നു എ ടി കെ കൊല്‍ക്കത്തയുടെ വിജയം. അധികം അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്ത മത്സരത്തില്‍ കിട്ടിയ അവസരം മുതലാക്കിയതുകൊണ്ടാണ് മോഹന്‍ ബഗാന് വിജയിക്കാനായത്. പുതിയ പരിശീലകന്റെ കീഴില്‍ മികച്ച മത്സരം പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചെങ്കിലും എടികെയ്ക്ക് മുന്നില്‍ മേല്‍ക്കോയ്മ നേടാന്‍ അതിനു സാധിച്ചില്ല.

പന്തടക്കത്തിലും പാസിങിലും ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് മുന്നിട്ടു നിന്നത്. പലതവണ എടികെയുടെ വലകുലുക്കാന്‍ ബ്ലാസ്റ്റേഴിസിനു അവസരം ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. 34-ാം മിനുട്ടില്‍ റോയ് കൃഷ്ണയിലൂടെ എടികെയ്ക്ക് ഒരു അവസരം ലഭിച്ചെങ്കിലും ആ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. 37-ാം മിനുട്ടില്‍ ഒരു അവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു എങ്കിലും റിത്വിക് ദാസിന് പന്ത് ലക്ഷ്യത്തില്‍ എത്തിക്കാന്‍ ആയില്ല. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷം മികച്ച തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെത്. 50-ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സുവര്‍ണ്ണാവസരവും ലഭിച്ചു. പക്ഷെ കേരളത്തിന്റെ പ്രിയ താരം സഹലിന്റെ ഷോട്ട് എടുക്കാനുള്ള ശ്രമം പിഴച്ചതിനാല്‍ കിട്ടേണ്ടിയിരുന്ന ഒരു ഗോള്‍ നഷ്ടമായി. 67-ാം മിനിറ്റില്‍ ഫിജി ഗോള്‍ മെഷീന്‍ റോയ് കൃഷ്ണ നേടിയ ഗോളാണ് മത്സരത്തില്‍ എടികെയെ മുന്നിലെത്തിച്ചത്. പൊസെഷന്‍ ഗെയിം കളിച്ച മഞ്ഞപ്പട രണ്ടാം പകുതിയില്‍ പലപ്പോഴും എടികെയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ആദ്യ പകുതി തീര്‍ത്തും വിരസമായി മാറിയപ്പോള്‍ രണ്ടാം പകുതിയില്‍ ഇരുടീമും വീറുറ്റ പ്രകടനം കാഴ്ചവച്ചു. പന്തടക്കത്തിലും പാസുകളിലുമെല്ലാം എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് മഞ്ഞപ്പട പുറത്തെടുത്തത്.

ENGLISH SUMMARY: blasters lost first game

YOU MAY ALSO LIKE THIS VIDEO