കാഴ്ച്ച പരിമിതിയുള്ളവരുടെ ദക്ഷിണ മേഖലാ ക്രിക്കറ്റ്: കേരളത്തിനും ആന്ധ്രയ്ക്കും ജയം

Web Desk
Posted on October 12, 2017, 6:19 pm
കേരളം-തെലങ്കാന മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട കേരള ക്യാപ്റ്റന്‍ മുഹമ്മദ് ഫര്‍ഹാന്‍

കോഴിക്കോട്: കാഴ്ച്ച പരിമിതിയുള്ളവരുടെ ദക്ഷിണ മേഖലാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യദിന മത്സരത്തില്‍ എ ഗ്രൂപ്പില്‍ ആന്ധ്രാപ്രദേശിനും ബി ഗ്രൂപ്പില്‍ കേരളത്തിനും വിജയം. തലശ്ശേരി കോണാര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കേരളം തെലങ്കാനയെ 7 വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ടോസ് നേടിയ കേരളം തെലങ്കാനയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
തെലങ്കാന 28.1 ഓവറില്‍ 163 റണ്‍സെടുക്കെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. 48 പന്തില്‍ 79 റണ്‍സെടുത്ത കേരള ക്യാപ്റ്റന്‍ മുഹമ്മദ് ഫര്‍ഹാന്‍ മാന്‍ ഓഫ് ദി മാച്ച് ആയി. വൈസ് ക്യാപ്റ്റന്‍ അബ്ദുല്‍ മുനാഫ് 54 റണ്‍സെടുത്തു.
കോഴിക്കോട് എന്‍.ഐ.ടിയില്‍ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പോണ്ടിച്ചേരി 18.4 ഓവറില്‍ 96 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര 6.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം കണ്ടു. 51 റണ്‍സെടുത്ത ആന്ധ്രയുടെ ദുര്‍ഖ റാവുവാണ് കളിയിലെ താരം.
ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് ഇന്‍ ഇന്ത്യയും ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് ഇന്‍ കേരളയും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 15 വരെ കോഴിക്കോട് എന്‍.ഐ.ടി ക്രിക്കറ്റ് ഗ്രൗണ്ടിലും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകള്‍ മത്സരിക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് തലശ്ശേരിയില്‍ നടക്കുന്ന മത്സരത്തില്‍ തെലങ്കാന കര്‍ണാടകയെ നേരിടും. കോഴിക്കോട് എന്‍.ഐ.ടി ഗ്രൗണ്ടില്‍ രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ പോണ്ടിച്ചേരി തമിഴ്‌നാടിനെയും നേരിടും. ബി ഗ്രൂപ്പില്‍ കേരളത്തെ കൂടാതെ കര്‍ണാടക തെലങ്കാന സംസ്ഥാനങ്ങളാണുള്ളത്. എ ഗ്രൂപ്പില്‍ ആന്ധ്രയും തമിഴ്‌നാടും പോണ്ടിച്ചേരിയും മത്സരിക്കും. 15 ന് തലശ്ശേരിയിലാണ് ഫൈനല്‍.