ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ; കാർഷിക ശാസ്ത്രജ്ഞർ നേരിട്ടു കർഷകരിലേക്ക്

ഡോ.ജി എസ് ശ്രീദയ

(അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി)

Posted on September 15, 2020, 2:48 am

ഡോ.ജി എസ് ശ്രീദയ

1987 സെപ്റ്റംബർ മാസം ഒന്നാം തീയതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കൃഷിഭവനുകൾ നിലവിൽ വന്നു. ഫയലിൽ നിന്നും വയലിലേക്ക് എന്ന ആശയവുമായി അന്നത്തെ കൃഷിവകുപ്പ് മന്ത്രി വി വി രാഘവൻ ആരംഭിച്ച ഈ കൃഷിഭവനുകൾ, അദ്ദേഹം ആഗ്രഹിച്ചതിനേക്കാൾ മികച്ച രീതിയിൽ കർഷകർക്കു വേണ്ടി പ്രവർത്തിക്കുന്നു. കർഷകർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന കൃഷി ഉദ്യോഗസ്ഥർ, അവർക്കാവശ്യമുള്ള സാങ്കേതിക വിജ്ഞാനം പകർന്നു കൊടുക്കുന്നതോടൊപ്പം സർക്കാർ കർഷകർക്കായി നൽകിവരുന്ന സബ്സിഡി ആനുകൂല്യങ്ങൾ, സമയബന്ധിത പദ്ധതികൾ, വിള ഇൻഷുറൻസ് തുടങ്ങിയവ കർഷകരിലേക്കു എത്തിക്കുകയും ചെയ്യുന്നു.

ഈ പ്രവർത്തനങ്ങളെ കാർഷിക സർവകലാശാലയിലെ ഗവേഷണ വിജ്ഞാനവ്യാപന പ്രവർത്തനങ്ങളുമായി ഏകീകരിച്ചുകൊണ്ട് കൂടുതൽ ഫലപ്രദമായി കർഷകരിലേക്ക് എത്തിക്കേണ്ടതുണ്ട്. മാത്രമല്ല കാർഷികശാസ്ത്രജ്ഞർ കാർഷിക മേഖലയിലെ മികച്ച സാങ്കേതിക വിഭവമാണ്. അവരുടെ അറിവിനെ പരമാവധി പ്രയോജന പ്പെടുത്തേണ്ടതുമുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ അഥവാ അഗ്രികൾച്ചറൽ നോളഡ്ജ് സെന്റേഴ്സ് (എകെസി). ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ, ഒരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കാർഷിക മേഖലയിൽ, കൃഷി ഭവനുകൾ നിലവിൽ വന്നതിന് ശേഷം, സമാനമായ മികച്ച ഒരു ചുവടുവയ്പായിരിക്കും ബ്ലോക്ക്തലത്തിൽ പ്രവൃത്തിക്കുന്ന ഈ കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ.

ഇക്കഴിഞ്ഞ ചിങ്ങം ഒന്നാം തീയതി സംസ്ഥാന മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച് സംസ്ഥാനത്തിലെ 152 ബ്ലോക്കുകളിലും നിലവിൽ വന്ന ഈ കേന്ദ്രങ്ങളിൽ, കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ, നോഡൽ ഓഫീസർ ആയും അതാതു ബ്ലോക്കിലെ അസിസ്റ്റന്റ് ഡയറക്ടർ കൺവീനർ ആയും പ്രവർത്തിക്കും. ബ്ലോക്കിലെ കൃഷിഓഫീസര്‍മാരും ജനപ്രതിനിധികളും എകെസിയിൽ അംഗങ്ങളായിരിക്കും.

എകെസിയുടെ ഉദ്ദേശലക്ഷ്യങ്ങളെ പ്രധാനമായും നാലായി തിരിക്കാം. ഇതിലാദ്യത്തേതു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് വിവിധ വിളകളുടെ ഉല്പാദന പദ്ധതികൾ അഥവാ പ്രൊഡക്ഷൻപ്ലാൻ, വിള ഉല്പാദനത്തിൽ പാലിക്കേണ്ട നിബന്ധനകൾ അഥവാ പ്രൊഡക്ഷൻ പ്രോട്ടോക്കോൾ തയാറാക്കുക എന്നതാണ്. ഓരോ കൃഷിഭൂമിക്കും വ്യത്യസ്തതയുണ്ട്. അതുകൊണ്ടുതന്നെ കൃഷിയുടെ സാഹചര്യങ്ങളും വ്യത്യസ്തമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മണ്ണ്, കാലാവസ്ഥ, വിളകൾ എന്നിവയുടെ സ്വഭാവ വൈവിധ്യം അടിസ്ഥാനമാക്കി കേരളത്തെ, വിവിധ കാർഷിക പരിസ്ഥിതി മേഖലകളായും (അഗ്രോ ഇക്കോളജിക്കൽ സോണുകൾ), കാർഷിക പാരിസ്ഥിതിക യൂണിറ്റുകളായും (അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ) ആയി തരംതിരിക്കുകയും, ഓരോ യൂണിറ്റിനും അനുയോജ്യമായ വിളക്രമങ്ങൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആകെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളും 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളുമാണുള്ളത്. ഓരോ അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളിലും ഉള്ള വിളപരിപാലന ക്രമങ്ങൾ വ്യത്യസ്തമാണ്. ഇതനുസരിച്ചു അതാത് പ്രദേശത്തെ കര്‍ഷകരുടെ കൂടി പങ്കാളിത്തത്തോടുകൂടി വിവിധ വിളകളുടെ വിത്തിറക്കലിനും വിളവെടുപ്പിനും സമയക്രമം തയ്യാറാക്കണം എന്നതാണ് പ്രൊഡക്ഷൻ പ്രോട്ടോകോൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ, കാലാവസ്ഥ വ്യതിയാനം വഴി കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന കൃഷിനാശം ഒരു പരിധിവരെ കുറയ്ക്കുവാൻ സാധിക്കും.

വിവിധ വിളകൾക്കായുള്ള വിത്ത് ഉല്പാദനക്ലസ്റ്ററുകൾ, വിത്ത് ഗ്രാമങ്ങൾ അഥവാ സീഡ് വില്ലേജ്സ്, വിത്ത് മുതൽ വിത്ത് വരെയുള്ള എല്ലാ മേഖലകളിലും കർഷകർക്കുള്ള പരിശീലനവും ഉപദേശവും നൽകുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും കൃഷി വകുപ്പിനെയും വിവിധ പദ്ധതികൾ തയാറാക്കാൻ സഹായിക്കുക എന്നിവയൊക്കെയാണ് ഈ ബ്ലോക്കുതല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ മറ്റു ലക്ഷ്യങ്ങൾ. ബ്ലോക്കുതലത്തിലുള്ള മുൻനിര പ്രദർശന തോട്ടങ്ങൾ, കർഷകരുടെ കൃഷിയിടങ്ങളുടെ നിരീക്ഷണം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാധ്യതകളൊന്നുമില്ലാതെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പുതിയ വാഹനങ്ങളോ അല്ലെങ്കിൽ പുതിയ തസ്തികകളോ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് കൂടുതൽ ബാധ്യതകൾ ഇല്ലാതെ, ഇപ്പോൾ ലഭ്യമായ മാനവ വിഭവശേഷി കൂടുതൽ ഫലവത്തായി ഉപയോഗിച്ചുകൊണ്ട് കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനാണ് ശ്രമിച്ചിരിക്കുന്നത്. അധ്യാപനം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നിവ സർവ്വകലാശാല ശാസ്ത്രജ്ഞരുടെ നിർബന്ധിത ജോലി അഥവാ മാൻഡേറ്ററി വർക്കിൽ ഉൾപെടുന്നതിനാൽ എകെസിയിലൂടെയുള്ള ഗവേഷണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ശാസ്ത്രജ്ഞർക്ക് തടസമില്ല. ഈ ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ നടപ്പിൽ വരുത്തുന്നതിലുള്ള പൂർണ ചുമതല കൃഷി വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമാണ്.

കൃഷി ഭവനുകളിലെ കൃഷി ഓഫീസർമാർക്ക് കൃഷിയിട സന്ദർശനത്തിനും സംശയ നിവാരണത്തിനും ചില പരിമിതികളുള്ളതായി കാണപ്പെടുന്നു. ഈ പരിമിതികൾ മറികടക്കാനുള്ള ഒരു സംവിധാനമാണ് ഇപ്പോൾ നിലവിൽ വന്ന ഈ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ. കാർഷിക ശാസ്ത്രജ്ഞന്മാരുടെ സേവനം കർഷകർക്ക് നേരിട്ട് ലഭ്യമാകുന്നതിലൂടെ, ശാസ്ത്രീയമായി കൃഷി ചെയ്യുവാനും കൃഷി കൂടുതൽ ലാഭകരമാക്കുവാനും കഴിയും.