നോബേല്‍ ജേതാവിനെ തടഞ്ഞ സംഭവം; കളക്ടര്‍മാര്‍ ഖേദം പ്രകടിപ്പിച്ചു

Web Desk
Posted on January 09, 2020, 7:14 pm

ആലപ്പുഴ: പണിമുടക്ക് ദിവസം നോബേൽ ജേതാവ് മൈക്കൽ ലവിറ്റിനെ തടഞ്ഞ സംഭവത്തിൽ ആലപ്പുഴ, കോട്ടയം കളക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഖേദം പ്രകടിപ്പിച്ചു. ബോട്ട് തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് മൈക്കല്‍ ലവിറ്റ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ നാല് സിഐടിയു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈനകരി ആർ ബ്ലോക്ക് സ്വദേശികളാണ് അറസ്റ്റിലായത്. തടഞ്ഞത് സാമൂഹിക വിരുദ്ധരെന്നും കർശന നടപടി ഉണ്ടാകുമെന്നാണ് സംഭവ ദിവസം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സി പി എം ആർ ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജോളി, മുൻ ബ്രാഞ്ച് സെക്രട്ടറി സാബു, കെ എസ് കെ ടി യു കൺവീനർ സുധീർ, സി ഐ ടി യു നേതാവ് അജികുമാർ എന്നിവരെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതടക്കം നാല് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൂടാതെ സംഭവത്തിൽ  അറസ്റ്റിലായവർക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന്  സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.

Eng­lish Sum­ma­ry: block­ing Nobel lau­re­ate Michael Levitt dur­ing bandh col­lec­tors expressed regret

you may also like this video