Web Desk

ചങ്ങനാശേരി

November 12, 2020, 3:04 pm

രക്തദൗര്‍ലഭ്യത്തിന് പരിഹാരമായി; സ്‌നേഹവാഹിനിയുടെ ആദ്യ യാത്ര വെള്ളിയാഴ്ച്ച

Janayugom Online

രക്ത ദൗര്‍ലഭ്യത്തിനു പരിഹാരമായി സ്‌നേഹവാഹിനി ഒരുങ്ങി. കൊവിഡ് 19 മൂലം രക്തദൗര്‍ലഭ്യം ഏറെ നേരിടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായി ബ്ലഡ് ഡോണോര്‍സ് കേരള, കെ. എല്‍ 33 ചങ്ങനാശേരിക്കാര്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുമായി ചേര്‍ന്ന് രക്തം നല്കുവാന്‍ തയ്യാറാകുന്നവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ സ്‌നേഹവാഹിനി എന്ന പേരില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചു.

ആഴ്ച്ചയില്‍ ഒരുദിവസം ചങ്ങനാശേരിയില്‍ നിന്നും കോട്ടയത്തേക്ക് രക്തദാതാക്കളുമായി പോകുന്ന വണ്ടിയുടെ പേരാണ് സ്നേഹവാഹിനി. കൊവിഡ് പ്രതിസന്ധിയില്‍ ബ്ലഡ്ബാങ്കുകളില്‍ രക്തത്തിനു വലിയ ക്ഷാമം നേരിടുന്ന സ്ഥിതിയാണ്. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പുകള്‍ നിലച്ചതാണ് ഇതിനു പ്രധാനകാരണം. കൊവിഡ് മൂലം ആശുപത്രികളില്‍ നേരിട്ട് എത്തി രക്തം ദാനം ചെയ്യാന്‍ മടിക്കുന്നതും ബ്ലഡ്ബാങ്കുകളില്‍ രക്തത്തിന്റെ തോത് കുറച്ചു. ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 13 ന് രാവിലെ 8ന് സ്‌നേഹവാഹിനിക്ക് തുടക്കം കുറിക്കുന്നത്.

പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, തെങ്ങണ, വാഴപ്പള്ളി, ചങ്ങനാശ്ശേരി, കുറിച്ചി എന്നീ സ്ഥലങ്ങളില്‍ നിന്നും മറ്റുമായി രക്തദാനത്തിനു സന്നദ്ധരായവര്‍ക്ക് ബി ഡി കെ കോര്‍ഡിനേറ്ററുമാരുമായി ബന്ധപ്പെടാം. രാവിലെ 8 നു പുറപ്പെട്ട് ഉച്ചക്ക് 1 മണിയോടെ തിരികെ എത്താവുന്ന രീതിയിലാണ് സ്‌നേഹവാഹിനി മിഷന്‍ സജ്ജമായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ചങ്ങനാശേരി മേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. വരും ദിവസങ്ങളില്‍ മറ്റ് മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. വാഹനമില്ലാത്തതിന്റെ പേരില്‍ രക്തദാനം നടത്താന്‍ സാധിക്കാത്തവര്‍ക്കും മറ്റ് താല്പര്യം ഉള്ള ഡോണ്‍റുമാര്‍ക്കും ബന്ധപ്പെടാം. ജിനു 9562895079, സച്ചിന്‍ 9585121403.

Eng­lish sum­ma­ry: blood dona­tion programe