Web Desk

തിരുവനന്തപുരം

September 07, 2020, 10:09 pm

ശ്രീചിത്ര ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചു

Janayugom Online

ഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ലളിതവും ചെലവ് കുറഞ്ഞതുമായ ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍. ഇതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബ്ലഡ് ഫ്‌ളോ മീറ്ററുകള്‍ വാങ്ങാനും ചെലവ് കുറഞ്ഞ രീതിയില്‍ സുരക്ഷിതമായി ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാനും കഴിയും. ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങള്‍ ശ്രീചിത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ബ്ലഡ് ഫ്‌ളോ മീറ്റർ.

ഹൃദയ ശസ്ത്രക്രിയകളുടെ വിജയം നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമായ രക്തപ്രവാഹ നിരക്ക് മനസ്സിലാക്കുന്നതിന് ഇന്ത്യ പൂര്‍ണമായും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ബ്ലഡ് ഫ്‌ളോ മീറ്ററുകളെയാണ്. 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ള ഇവ വാങ്ങാന്‍ രാജ്യത്തെ ചുരുക്കം ചില സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് മാത്രമാണ് കഴിവുള്ളത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ബ്ലഡ് ഫ്‌ളോ മീറ്റര്‍ ഇവയുടെ വില 25 ലക്ഷത്തില്‍ നിന്ന് ഏതാനും ആയിരങ്ങളിലേക്ക് ചുരുക്കുമെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു.

നൂതനമായ കാന്തിക രീതിയും സിഗ്നല്‍ കണ്ടീഷനിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് രക്ത പ്രവാഹ നിരക്ക് അളക്കുന്നത്. കൈയില്‍ കൊണ്ടുനടക്കാവുന്ന, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന്റെ സാങ്കേതികവിദ്യ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിനായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍പ്രോഡക്ട്‌സിന് കൈമാറി. 

ENGLISH SUMMARY:Blood Flow Meter Devel­oped by Sree Chitra
You may also like this video