Janayugom Online
ബ്ലൂ എക്കോണമി സംബന്ധിച്ച കൂടിയാലോചനാ യോഗത്തില്‍ കെ ബിജു ഐ എ എസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജിന്‍സ് കുരുവിള മറ്റം, പങ്കജ് മദന്‍, ദീപക് എല്‍ അസ്വാനി,അനൂപ് മുദ്ഗല്‍ തുടങ്ങിയവര്‍.

കേരളത്തിന് പുതിയ വികസന സാധ്യതയൊരുക്കി കൊച്ചിയില്‍ ബ്ലൂ എക്കോണമി മീറ്റ്

Web Desk
Posted on July 11, 2019, 10:05 pm

കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങള്‍ പങ്കിടുന്ന രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട് ‘ബ്ലൂ എക്കോണമി’ വളര്‍ത്തിയെടുക്കുന്നതിന് ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ നടത്തുന്ന ഉദ്യമങ്ങളുടെ ഭാഗമായി ‘ബ്ലൂ എക്കോണമി‘യില്‍ കേരളത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള പ്രഥമ കൂടിയാലോചനാ യോഗം കൊച്ചിയില്‍ നടന്നു.
ബ്ലൂ എക്കോണമിയുടെ നിക്ഷേപ സാധ്യതകള്‍ കേരളം പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ബിജു ഐ എ എസ് പറഞ്ഞു. ബ്ലൂ ഇക്കോണമിയുടെ സാധ്യതകള്‍ കാര്യക്ഷമമായി നടപ്പിലാക്കിയ കൊറിയയെ ഇക്കാര്യത്തില്‍ നമ്മള്‍ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തീര മേഖലയിലെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഉതകുന്ന പദ്ധതികള്‍ ബ്ലൂ എക്കോണമിയുടെ ഭാഗമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് നിര്‍ദേശിച്ചു. കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിലെ ഇന്‍ഡോ പസഫിക് ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി ജിന്‍സ് കുരുവിള മറ്റം, മുന്‍ അംബാസഡറും ബ്ലൂ എക്കോണിക്കായി രൂപം നല്‍കിയിട്ടുള്ള ഫിക്കി ടാസ്‌ക് ഫോഴ്‌സിന്റെ കോ ചെയര്‍മാനുമായ അനൂപ് മുദ്ഗല്‍, കൊണ്‍റാഡ് ഫൗണ്ടേഷന്റെ ഇന്ത്യ ഡെപ്യൂട്ടി ഹെഡ് പങ്കജ് മദന്‍ എന്നിവരും സംസാരിച്ചു.

ബ്ലൂ എക്കോണമി കേരളത്തിന് മുന്നില്‍ വെക്കുന്ന വ്യവസായ വികസന സാധ്യതകള്‍, നിക്ഷേപ സാധ്യതകള്‍ എന്നിവ മുന്‍ നിര്‍ത്തിയായിരുന്നു യോഗത്തിലെ ചര്‍ച്ചകള്‍. ഫിഷറീസ്, ടൂറിസം, ഷിപ്പിംഗ്, തുറമുഖലോജിസ്റ്റിക് മേഖലകള്‍, മൈനിംഗ്, സമുദ്ര ഗവേഷണ സാങ്കേതിക വിദ്യാ വിപുലീകരണം, സമുദ്രതീരങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഊര്‍ജോല്‍പാദന സാധ്യതകള്‍, മറൈന്‍ ബയോടെക്‌നോളജി, സമുദ്രജല ശുദ്ധീകരണം, പ്രാദേശിക വികസനത്തിലും വനിതാ സംരംഭകത്വത്തിലുമുള്ള സാധ്യതകള്‍ എന്നിവ മുന്‍നിര്‍ത്തി നടന്ന ചര്‍ച്ചകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ വാണിജ്യ വ്യവസായ സംഘടനകള്‍, ടൂറിസം, മത്സ്യബന്ധന മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ചു. യോഗത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുമെന്നും ഇതിന്റെ തുടര്‍ച്ചയായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ കൊച്ചി വിപുലമായ ബ്ലൂ എക്കോണമി മീറ്റ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായും ഫിക്കി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന വ്യവസായ വകുപ്പിന്റെയും കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്റെയും കൊണ്‍റാഡ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഫിക്കിയാണ് യോഗം സംഘടിപ്പിച്ചത്.

ബ്ലൂ എക്കോണമി സംബന്ധിച്ച കൂടിയാലോചനാ യോഗത്തില്‍ കെ ബിജു ഐ എ എസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജിന്‍സ് കുരുവിള മറ്റം, പങ്കജ് മദന്‍, ദീപക് എല്‍ അസ്വാനി,അനൂപ് മുദ്ഗല്‍ തുടങ്ങിയവര്‍.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങള്‍ പങ്കുവെക്കുന്ന 22 രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിനും ശാക്തീകരണത്തിനുമായുള്ള ബ്ലൂ എക്കോണമി ലോക സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന ശക്തിയായി മാറിയിട്ടുണ്ടെന്ന് അനൂപ് മുദ്ഗല്‍ പറഞ്ഞു. ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ സുരക്ഷ, ദാരിദ്ര്യനിര്‍മാര്‍ജനം, വാണിജ്യ നിക്ഷേപം, വിവിധ രാജ്യങ്ങള്‍ക്കിടയില്‍ മുദ്രഗതാഗതം, സാമൂഹ്യ സാമ്പത്തിക വികസനം, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. പ്രധാനമന്ത്രിയുടെ ‘സാഗര്‍’ പദ്ധതിക്ക് അടിത്തറയൊരുക്കാന്‍ ബ്ലൂ എക്കോണമിക്ക് സാധിക്കും. ഇന്ത്യന്‍ ഓഷ്യന്‍ റിം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ബ്ലൂ എക്കോണമി ശക്തിപ്പെടുത്താനുള്ള ഉറച്ച ചുവടുവെപ്പുകളാണ് നടത്തുന്നതെന്ന് മുദ്ഗല്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ ബിസിനസ് സെക്രട്ടേറിയറ്റായ ഫിക്കിയാണ് രാജ്യത്തെ വിവിധ തീര സംസ്ഥാനങ്ങളില്‍ ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ അവതരിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ ഫിക്കി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെന്നും അദ്ദേഹം അറിയിച്ചു. ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി സ്വാഗതവും സ്‌റ്റേറ്റ് ഹെഡ് സാവിയോ മാത്യു നന്ദിയും പറഞ്ഞു.

വ്യവസായം, ടൂറിസം, ഫിഷറീസ് വകുപ്പുകള്‍, കെ ബിപ്, കൊച്ചി തുറമുഖ ട്രസ്റ്റ്, കൊച്ചി കപ്പല്‍ശാല, ചെറുകിട തുറമുഖങ്ങള്‍„ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍, കൊച്ചി സെസ്, കുഫോസ്, സി എം എഫ് ആര്‍ ഐ, സി എസ് ഐ ആര്‍, കേരള മാരിടൈം ബോര്‍ഡ്, പെട്രോനെറ്റ് എല്‍ എന്‍ ജി, കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍, സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിട്ടി, കുസാറ്റ്, റബര്‍ ബോര്‍ഡ്, ഡി പി വേള്‍ഡ്, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, കൊച്ചിന്‍ ചേംബര്‍, മലബാര്‍ ചേംബര്‍, സിഫ്റ്റ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഫോട്ടോ: ബ്ലൂ എക്കോണമി സംബന്ധിച്ച കൂടിയാലോചനാ യോഗത്തില്‍ കെ ബിജു ഐ എ എസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജിന്‍സ് കുരുവിള മറ്റം, പങ്കജ് മദന്‍, ദീപക് എല്‍ അസ്വാനി,അനൂപ് മുദ്ഗല്‍ തുടങ്ങിയവര്‍.