ബ്ലൂവെയില്‍ ഗെയിം നിയന്ത്രിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Web Desk

ന്യൂഡല്‍ഹി

Posted on November 20, 2017, 9:42 pm

വിവിധ ഘട്ടങ്ങളിലൂടെ മരണത്തിലേക്ക് നയിക്കുന്ന ബ്ലൂവെയില്‍ ഗെയിം നിയന്ത്രിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഭിഭാഷകയായ സ്‌നേഹ കലിത നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന ഗെയിമുകള്‍ നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ടെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. വാട്ട്‌സ്ആപ്പിലൂടെയും മറ്റ് സന്ദേശങ്ങള്‍ വഴിയും ഓണ്‍ലൈനായി ബ്ലൂവെയില്‍ ഗെയിം ലഭ്യമാണ്. ആപ്പുകള്‍ വഴി ലഭിക്കുന്നതല്ലാത്തതിനാല്‍ കാര്യക്ഷമമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പ്രയാസകരമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വാദം പരിഗണിച്ച കോടതി സംസ്ഥാന അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ ക്യാംപയിനുകള്‍ നടത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ബ്ലൂവെയില്‍ ദേശീയദുരന്തമാണെന്നും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകളെ കുറിച്ച് മനസിലാക്കിക്കൊടുക്കണമെന്നും, ദൂരദര്‍ശനിലൂടെയും മറ്റു സ്വകാര്യചാനലുകളിലൂടെയും ഗെയിമിന്റെ അനന്തരഫലങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇന്ത്യയെ ബന്ധിപ്പിക്കുന്ന വിദേശ നെറ്റ്‌വര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ഗെയിം തടയുക, ഇത്തരം സൈറ്റുകളെ ഇന്ത്യയില്‍ വിലക്കുക, ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനുവേണ്ടി നെറ്റ്‌വര്‍ക്ക് ‚ഇന്‍ര്‍നെറ്റ് , വെബ് ഹോസ്റ്റിംഗ് സേവനം നല്‍കുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.
പ്രത്യേക ലിങ്കുകള്‍ വഴി ലഭ്യമാകുന്ന ബ്ലൂവെയില്‍ ഗെയിം 50 ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ മരണക്കളി നൂറിലധികം പേരുടെ ജീവനെടുത്തിരുന്നു. വിചിത്രമായ നിര്‍ദേശങ്ങളിലൂടെ മുന്നോട്ട് പോകുന്ന കളിക്കാരന്‍ അവസാനഘട്ടത്തില്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നതോടെയാണ് ഗെയിം അവസാനിക്കുന്നത്.