കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ്‍വല്ക്കരണം, സ്വകാര്യവല്ക്കരണം, ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള ദേശവിരുദ്ധ നയങ്ങങ്ങളിൽ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസിലും അതൃപ്തി. പുത്തൻ സാമ്പത്തിക നയങ്ങൾ നടപ്പാക്കിയപ്പോൾ ശക്തമായി സമരരംഗത്ത് ഉണ്ടായിരുന്ന ബിഎംഎസ് സംയുക്ത തൊഴിലാളി സംഘടനകൾക്കൊപ്പം പണിമുടക്ക് ഉൾപ്പെടെയുള്ള പോരാട്ടങ്ങളിൽ മുന്നിലുണ്ടായിരുന്നതാണ്. എന്നാൽ നരേന്ദ്ര മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള തൊഴിലാളി സംഘടനകളുടെ പോരാട്ടങ്ങളിൽ നിന്നും വിട്ടുനിന്നിരുന്ന ബിഎംഎസ് വീണ്ടും പ്രക്ഷോഭം ശക്തമാക്കുകയാണ്.
മോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളെ പരസ്യമായി ചോദ്യം ചെയ്ത നേതാക്കളെ ആർഎസ്എസും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു. നിലവിൽ കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ബിഎംഎസ് പൊതുമേഖലാ ഏകോപന സമിതിയുടെ ബാനറിൽ രാജ്യത്തുടനീളം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുവാനും പാർലമെന്റ് മാർച്ച് നടത്തുവാനും തയാറായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണം സംബന്ധിച്ച തീരുമാനം പുനർവിചിന്തനം ചെയ്യണമെന്ന് ബിഎംഎസ് നേതൃത്വം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബിഎംഎസ് ഈ മാസം 17ന് പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സ്വകാര്യവല്ക്കരണ നയം സാമ്പത്തിക പരമാധികാരത്തെയും തൊഴിൽ സാധ്യതയെയും സാമ്പത്തിക വളർച്ചയുടെ പ്രധാന ലക്ഷ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് ബിഎംഎസ് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ മൂല്യവത്തായ ആസ്തികളാണ്. അതൊരിക്കലും സ്വകാര്യവല്ക്കരിക്കാൻ പാടില്ലെന്നും വൈവിധ്യവല്ക്കരണവും സാമ്പത്തികസഹായവും അത്യാധുനിക സാങ്കേതിക വിദ്യകളുടെ പ്രയോഗവും മൂലം പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കേണ്ടതെന്നും ബിഎംഎസ് ചൂണ്ടിക്കാട്ടുന്നു.
രാജ്യം കടുത്ത തൊഴിലില്ലായ്മ നേരിടുകയാണ്. ഈ സന്ദർഭത്തിൽ പൊതുമേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും സാമ്പത്തിക വളർച്ചക്ക് പരിഹാരം കാണുന്നതിനും നടപടികൾ ഉണ്ടാകുന്നില്ല. റയിൽവേ, പ്രതിരോധം, തുറമുഖങ്ങൾ എന്നിവയിലും വിവേചനരഹിതമായ നിലപാടാണ് കേന്ദ്ര സർക്കാർ അവലംബിക്കുന്നതെന്നും പൊതുമേഖലയുടെ ഭരണം കോർപറേറ്റുകളുടെ കൈകളിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നുമാണ് ബിഎംഎസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
English Summary: BMS also joins the struggle against privatisation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.