കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ബിഎംഎസ്

Web Desk
Posted on August 21, 2019, 9:16 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് തെറ്റായ സാമ്പത്തിക — തൊഴില്‍ നയങ്ങളാണെന്ന് നിശിതമായി വിമര്‍ശിച്ച് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് വീണ്ടും രംഗത്തെത്തി. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ബിഎംഎസിന്റെ 144 ാമത് ദേശീയ സമിതിയോഗം സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനും നൈപുണ്യവികസനത്തിനും സര്‍ക്കാര്‍ നടത്തുന്ന പ്രയത്‌നങ്ങളെല്ലാംതന്നെ തെറ്റായ ദിശയിലാണെന്നും പ്രതികൂലഫലമാണ് സൃഷ്ടിക്കുന്നതെന്നും കുറ്റപ്പെടുത്തി.
സമ്പദ്ഘടനയെ മുതലാളിത്താനുകൂല വ്യവസ്ഥയാക്കി മാറ്റുന്നതില്‍ എല്ലാം അവസാനിക്കുന്നുവെന്നും മറ്റ് സാമൂഹ്യ — വികസന പ്രവര്‍ത്തനങ്ങള്‍ അനുബന്ധ പരിഗണന മാത്രമായി മാറുന്നുവെന്നും സംഘടന പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു.
ലോകബാങ്ക്, ഡബ്ല്യുടിഒ, അന്താരാഷ്ട്ര നാണയനിധി എന്നിവയുടെ നിര്‍ദ്ദേശാനുസരണം പശ്ചാത്യമുതലാളിത്ത രീതിയിലുള്ള വികസനമല്ല ഇന്ത്യയുടെ തനതായ മാതൃകകളാണ് സ്വീകരിക്കേണ്ടതെന്ന നിര്‍ദ്ദേശവും അവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. തൊഴില്‍ നിയമങ്ങളുടെ ഏകീകരണത്തെ പൊതുവായി അംഗീകരിക്കുന്നുവെങ്കിലും അതില്‍ നിരവധി തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.