Monday
18 Feb 2019

ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ജനാധിപത്യത്തിന് ഭീഷണി

By: Web Desk | Thursday 11 October 2018 10:49 PM IST

KG Sivanandan

കെ ജി ശിവാനന്ദന്‍

കേരള ബാങ്കിന് പ്രാഥമികാനുമതി നല്‍കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകളില്‍ ഒന്ന് ലയനശേഷം അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുള്ള മാതൃകയില്‍ ‘ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് (ബിഒഎം) രൂപീകരിക്കണമെന്നതാണ്. ഇതിനാല്‍ ഉചിതമായ ഭേദഗതികള്‍ കേരള സഹകരണനിയമത്തില്‍ വരുത്തണമെന്ന് വ്യവസ്ഥചെയ്യുന്നു. ഈ വിഷയം കേരളത്തിലെ സഹകാരിസമൂഹം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് നാനാ മേഖലകളിലും ചര്‍ച്ചചെയ്യപ്പെടുകയും, സൂക്ഷ്മതലത്തിലുള്ള നിരീക്ഷണത്തിലൂടെ ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തപ്പെടുകയും വേണം. എങ്കില്‍ മാത്രമെ ഇതിന്റെ അപകടാവസ്ഥ തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ.

2010 ലാണ് ആര്‍ബിഐയുടെ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകളെ പുനഃസംവിധാനം ചെയ്യുന്നതിനായി ഒരു വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചത്. വൈ എച്ച് മെലഗാന്‍ ആയിരുന്നു അധ്യക്ഷന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വച്ചുകൊണ്ട് 2015 ജനുവരിയില്‍ റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി ചെയര്‍മാനായുള്ള ഉന്നതാധികാര കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഈ കമ്മിറ്റിയുടെ ആശയങ്ങളാണ് ആര്‍ബിഐ ലൈസന്‍സുള്ള ബാങ്കുകളില്‍ ‘ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്’ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവുമായി 2018 ജൂണ്‍ 25 ന് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയത്. ബാങ്കുകളുടെ ഉന്നമനത്തിന് സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുകയെന്ന നിര്‍ദ്ദേശത്തോടെയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതെങ്കിലും, കേരള സഹകരണ നിയമത്തില്‍ മാറ്റം വരുത്തണമെന്ന വ്യവസ്ഥ അംഗീകരിച്ച് നടപ്പാക്കിയാല്‍ സ്റ്റാറ്റ്യൂട്ടറിയായി മാറും. സഹകരണ ജനാധിപത്യ വ്യവസ്ഥയില്‍ ഇന്നു നിലനില്‍ക്കുന്ന സഹകാരികളാല്‍ തെരഞ്ഞെടുക്കപ്പെട്ടുവരുന്ന ഭരണസമിതികള്‍ അപ്രധാനമാകും. അധികം വൈകാതെ ഭരണ സമിതികള്‍ എപികെഎഫ് സ്ഥാനത്തിനുതുല്യമാകും. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിനെ നിയമിക്കുന്നത് ബാങ്ക് ഭരണസമിതികളായിരിക്കുമെങ്കിലും ‘ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്’ പ്രവര്‍ത്തിക്കുന്നത് ആര്‍ബിഐ യുടെ നിയന്ത്രണത്തിലായിരിക്കും.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഭരണസമിതികളുടെ അധികാര പരിധിയില്‍ മേല്‍നോട്ടവും, ഭരണനിര്‍വഹണവും മറ്റ് സാമ്പത്തിക ചുമതലകളും ഉള്‍പ്പെടും. റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശ പ്രകാരം സ്ഥാപനത്തിന്റെ മേല്‍നോട്ടവും, ഭരണനിര്‍വഹണവും എന്നിങ്ങനെ രണ്ടായി തിരിക്കണം. ‘ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്’ (ബിഒഡി) ‘ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്’ (ബിഒഎം) എന്നിങ്ങനെ രണ്ട് സംവിധാനങ്ങള്‍ ഭരണതലത്തില്‍ ഉണ്ടാകണം. ബിഒഎം നെ തെരഞ്ഞെടുക്കേണ്ടതിന്റെ ചുമതല ബിഒഡിക്കായിരിക്കും. റിസര്‍വ് ബാങ്ക് പറയുന്ന ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അഥവാ ബിഒഎം രൂപീകരിക്കേണ്ടത്. ബാങ്കിങ് മേഖലയെക്കുറിച്ചുള്ള പ്രതേ്യക പരിജ്ഞാനവും, പ്രായോഗികപരിചയവും പ്രൊഫഷണല്‍ മാനേജ്‌മെന്റ് വൈദഗ്ധ്യവും ബിഒഎം അംഗങ്ങള്‍ക്കുണ്ടായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ വൈദഗ്ധ്യം ഉള്ളവരെ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ നിയമിച്ചിട്ടുണ്ടെങ്കിലും ആര്‍ബിഐ അതിനപ്പുറത്തേക്ക് ഒരു അധികാര കേന്ദ്രത്തെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. 100 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള ബാങ്കുകള്‍ ഒരു വര്‍ഷത്തിനകവും മറ്റുള്ള ബാങ്കുകള്‍ രണ്ട് കൊല്ലത്തിനകവും ബിഒഎം രൂപീകരിച്ചിരിക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ബിഒഎം ല്‍ എത്രവരെ അംഗങ്ങള്‍ ആകാമെന്നും ഏതു രീതിയിലാണ് നിയമിക്കേണ്ടതെന്നും ആര്‍.ബി.ഐ പറയുന്നുണ്ട്. 100 കോടി രൂപ വരെ നിക്ഷേപമുള്ളബാങ്കുകളില്‍ കുറഞ്ഞത് മൂന്നുപേരും 100 കോടിയ്ക്കുമേലെ നിക്ഷേപമുള്ളവയില്‍ കുറഞ്ഞത് അഞ്ചുപേരും ആകാം. എന്നാല്‍ 12 അംഗങ്ങളില്‍ കൂടാനും പാടില്ല. 50 ശതമാനം അംഗങ്ങള്‍ നിശ്ചിത യോഗ്യതകള്‍ ഉള്ളവരായിരിക്കണം. ഈ യോഗ്യതകള്‍ ഉള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെ ബിഒഎം ല്‍ അംഗങ്ങളാക്കാവുന്നതുമാണ്. എന്നാല്‍ ബിഒഎം ലെ ആകെ അംഗങ്ങളില്‍ 50 ശതമാനത്തിനുമേലെ അംഗങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് വരാനുംപാടില്ല. മൂന്നുപേരുള്ള ബിഒഎം- ആണെങ്കില്‍ രണ്ട് പേര്‍ പുറത്തു നിന്നുള്ളവരായിരിക്കണമെന്ന് ചുരുക്കം. ബിഒഎം – അംഗങ്ങള്‍ക്ക് അലവന്‍സോ, സിറ്റിങ് ഫീസോ നിശ്ചയിക്കാം. ഡയറക്ടര്‍ ബോര്‍ഡിന്റെ കാലാവധിതന്നെയായിരിക്കും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെയും കാലാവധി.
ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ബോര്‍ഡിനോട് ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും, ബാങ്കിന്റെ വായ്പ, നിക്ഷേപം, റിസ്‌ക് മാനേജ്‌മെന്റ്, ലിക്വിഡിറ്റി മാനേജ്‌മെന്റ് എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ബിഒഎം ആയിരിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ബിഒഎം വഴി, ആര്‍ബിഐ നിയന്ത്രിക്കും. സിഇഒയുടെ കടപ്പാട് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ബിഒഎം ലേക്കും ആര്‍.ബി.ഐ യിലേക്കും നീങ്ങുമ്പോള്‍ സംഭവിക്കുന്നത് സഹകരണ ജനാധിപത്യത്തിന്റെ തകര്‍ച്ചയായിരിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗമാക്കിമാറ്റുന്നതിലൂടെ, ബാങ്കിന്റെ നയപരമായ തീരുമാനങ്ങളുടെ ഭാഗമായും സിഇഒ മാറും, ബിഒഎം അംഗങ്ങളെ മാറ്റാനും സിഇഒ യുടെ പേരില്‍ നടപടിയെടുക്കാനും ആര്‍.ബി.ഐയ്ക്ക് അധികാരം കൈവരും. മാനദണ്ഡങ്ങള്‍ തെറ്റിച്ചാലും ബാങ്കിന്റെ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാലും നടപടിയെടുക്കാം. സിഇഒയ്ക്ക് എതിരെ നടപടിയെടുക്കാമെന്നതിന്റെ ഉദാഹരണമാണ് ചന്ദകൊച്ചാറിന്റെ സ്ഥാനചലനം. വ്യാപകാതിര്‍ത്തി നിശ്ചയിക്കുന്നതിനും, പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിനുമെല്ലാം ബിഒഎം ഉണ്ടാകണമെന്ന നിബന്ധന അടിച്ചേല്‍പിക്കുന്നതാണ് ആര്‍ബിഐയുടെ ഇപ്പോഴത്തെ നിലപാട്.

‘ബോര്‍ഡ് ഓഫ് മാനേജ്‌മെന്റി’നെ ഉപയോഗിച്ചുകൊണ്ട് ഭരണസമിതിയെ മറികടന്ന് ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ആര്‍ബിഐക്ക് കഴിയും. (ബിഒഎം) വഴി നടപ്പിലാക്കേണ്ടതായ കാര്യങ്ങള്‍ ആര്‍ബിഐ സര്‍ക്കുലര്‍ വഴി വ്യക്തമാക്കുന്നുണ്ട്. എല്ലാ വായ്പകളും ബിഒഎം വഴിവരണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഒറ്റതവണ തീര്‍പ്പാക്കല്‍ ഉള്‍പെടെയുള്ള ആശ്വാസപദ്ധതികള്‍ നടപ്പിലാക്കേണ്ടത് ബിഒഎമ്മിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കണം. ഫണ്ട്, കടങ്ങള്‍ ഇവയെല്ലാം മാനേജ് ചെയ്യുന്നത് ബിഒഎം ആയിരിക്കും. ബാങ്കുകളില്‍ രൂപീകരിക്കുന്ന വിവിധ കമ്മിറ്റികളുടെ ശുപാര്‍ശകള്‍. ബിഒഎം നിര്‍ദ്ദേശിക്കുന്ന വിധത്തിലായിരിക്കണം. റിസ്‌ക് മാനേജ്‌മെന്റ് നയം നടപ്പിലാക്കുന്നതിനും ബാങ്കിന്റെ മറ്റ് ആഭ്യന്തര നിയന്ത്രണങ്ങള്‍ക്കും ഉള്ള അധികാരം ബിഒഎമ്മില്‍ നിക്ഷിപ്തമായിരിക്കും. സാങ്കേതിക വിദ്യകളുടെ പ്രയോഗവും കംപ്യൂട്ടര്‍വത്ക്കരണവും ബിഒഎം വഴിയായിരിക്കും. ആഭ്യന്തര കണക്ക് പരിശോധന ഉള്‍പെടെ ബാങ്കിന്റെ മറ്റ് പരിശോധന പ്രവര്‍ത്തനങ്ങളും ബിഒഎമ്മിന് നിര്‍വഹിക്കാം. പരാതികളുടെ പരിശോധന ഉള്‍പെടെയുള്ള കാര്യങ്ങളും ഇതിന്റെ ഭാഗമായിരിക്കും. ഉപഭോക്താക്കളുടെ സേവനങ്ങള്‍ അടക്കം ‘ബോര്‍ഡ് ഓഫ് മാനേജ്‌മെന്റി’ന്റെ ഭാഗമായി മാറുകയും സഹകരണ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണസമിതി അധികാരഹിതമായ ‘നോക്കുകുത്തി’യായി തീരുകയും ചെയ്യും.

ബ്യൂറോക്രാറ്റ് ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ആര്‍ബിഐ. ഇന്ത്യയിലെ ബാങ്കുകളുടെ ബാങ്ക് എന്നാണ് ഇതിനെ വിളിക്കുന്നത്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികള്‍ക്കുള്ളത്. കോ-ഓപ്പറേറ്റീവ് സമ്പദ്ഘടനയെ ഇല്ലാതാക്കി കോര്‍പറേറ്റ് വ്യവസ്ഥയ്ക്ക് ശക്തി പകരുകയെന്നതാണ് ഇവരുടെ ഉദ്ദ്യേശം. അധികാരവികേന്ദ്രീകരണത്തിന്റെ സ്ഥാനത്ത് അധികാരകേന്ദ്രീകരണംകൊണ്ട് വരിക എന്നതാണ് നീക്കം. ആ ആപത്ത് തിരിച്ചറിയാനും അതിനെ ചെറുക്കാനും സഹകരണ പ്രസ്ഥാനത്തിനും, സഹകാരികള്‍ക്കും സര്‍ക്കാറിനുമാകണം.