ടി കെ അനിൽകുമാർ

February 02, 2020, 10:28 pm

വേണം, തുരുമ്പെടുക്കാത്ത സുരക്ഷാ സംവിധാനങ്ങൾ

Janayugom Online

കേരളത്തിൽ വർധിച്ച് വരുന്ന ബോട്ടപകടങ്ങൾ ഒഴിവാക്കാൻ വേണ്ടത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് മനുഷ്യന്റെ ജീവൻ സംരക്ഷിക്കുന്നതിനോടൊപ്പം കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള ഹൗസ് ബോട്ട് വ്യവസായത്തേയും നിലനിർത്തേണ്ടത് അനിവാര്യമാണ്. പരിശോധന സംവിധാനങ്ങൾ ശക്തമാക്കുന്നതോടൊപ്പം സുരക്ഷാ സംവിധാനങ്ങളും ബോട്ടുകളിൽ ഉറപ്പാക്കണം. കായൽമേഖലയിൽ ശക്തമായ കാറ്റുള്ളതിനാൽ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ബോട്ടുകൾ കത്തിയമരുന്നത്. കഴിഞ്ഞദിവസം പാതിരാമണലിൽ ആഡംബര ബോട്ട് ചാമ്പലായത് വെറും എട്ട് മിനിട്ട് കൊണ്ടാണ് ഹൗസ് ബോട്ട് നിർമാണത്തിനായി ഉപയോഗിക്കുന്നത് പനമ്പും പ്ലൈവുഡും തടിയുമാണ്. തടി ഈട് നിൽക്കാനായി വർഷത്തിൽ രണ്ട് തവണ വേപ്പെണ്ണ അല്ലെങ്കിൽ മീൻ നെയ്യ് പുരട്ടും. ഇതിനാൽ ഒരു ചെറിയ തീപ്പൊരി ഉണ്ടായാൽ തന്നെ തീ ആളിപ്പിടിക്കും.

ബോട്ടിലെ ഗ്യാസ് കുറ്റി, ജനറേറ്റർ എന്നിവ വച്ചിരിക്കുന്നഭാഗങ്ങളിലാവും വേഗത്തിൽ തീ പടരുക. ഷോർട്ട് സർക്യൂട്ട് മൂലവും അപകടം ഉണ്ടാകാം. കേരളത്തിൽ ഏറ്റവും കൂടുതൽ ഹൗസ് ബോട്ടുകൾ സർവ്വീസ് നടത്തുന്ന വേമ്പനാട് കായലിനോട് ചേർന്ന് ഫയർസ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തീ അണയ്ക്കുവാൻ കഴിയുന്ന മോട്ടോർ സെറ്റോടുകൂടിയ സ്പീഡ് ബോട്ട് ഉണ്ടെങ്കിൽ ഒരു പരിധിവരെ അപകടത്തിന്റെ തീവ്രത കുറയ്കാനുമാകും. ആലപ്പുഴ ചുങ്കത്തുള്ള ഫയർസ്റ്റേഷനിൽ രണ്ട് സ്പീഡ് ബോട്ടുണ്ടെങ്കിലും പ്രവർത്തന സജ്ജമല്ല. 2017 ൽ സർക്കാർ നിർദ്ദേശ പ്രകാരം വേമ്പനാട് കായലിൽ അപകടം നിയന്ത്രിക്കുന്നതിനായി രണ്ട് സ്പീഡ്ബോട്ടുകൾ നിർമിക്കുവാൻ ഒരു ബോട്ട് നിർമ്മാണ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ബോട്ടിന്റെ നിർമാണം പൂർത്തിയായ ശേഷം പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയിൽ ഇതിന് ഹോഴ്സ് പവർ കുറവാണെന്ന് കണ്ടെത്തിയിരുന്നു. എഞ്ചിൻ മാറ്റി പുതുക്കി പണിയാൻ നിർദ്ദേശിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. ഏറ്റവും കൂടുതൽ ഹൗസ്ബോട്ടുകൾ സ്റ്റേ ചെയ്യുന്ന ഫിനിഷിംഗ് പോയിന്റിൽ അപകടം ഉണ്ടായാൽ പ്രതിരോധിക്കാനായി 50, 000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന രണ്ട് ടാങ്ക് സ്ഥാപിച്ചിരുന്നു. ഇതിന്റെ പൈപ്പ് ലൈനുകളും വലിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് പൈപ്പ് ലൈൻ ഉൾപ്പെടെ തുരുമ്പെടുത്ത് നശിച്ചു. ആലപ്പുഴ വേമ്പനാട് കായലിൽ മാത്രം പതിനഞ്ചോളം ഹൗസ്ബോട്ടാണ് സമീപ നാളുകളിൽ കത്തിയമർന്നത്. ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ സർക്കാർ ഇടപെടണമെന്ന് ആൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസ്സോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസുകുട്ടി ജോസഫ് ജനയുഗത്തോട് പറഞ്ഞു.

ഓരോ വർഷം കഴിയുമ്പോഴും വേമ്പനാട് കായലിന്റെ വീതി കുറയുകയും ഹൗസ് ബോട്ടുകൾ പെരുകുകയുമാണ്. റോഡിൽ സ്ഥാപിക്കുന്നത് പോലെ കായലിലെ അപകടമേഖലയിൽ ദിശാബോർഡുകൾ സ്ഥാപിക്കേണ്ടതും അനിവാര്യമാണ്. ഹൗസ് ബോട്ടിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം ലഭ്യമാകാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. ജീവനക്കാരുടെ കുറവ് ഹൗസ് ബോട്ട് മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. കൂടാതെ യാത്രക്കാർക്കും ആവശ്യമായ ബോധവൽക്കരണം ലഭിക്കുന്നില്ല. അപകടങ്ങൾ വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജലഗതാഗത വകുപ്പ് കാലപ്പഴക്കമുള്ള ബോട്ടുകളെ ഒഴിവാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുള്ളതാണ് ഈ മേഖലയിൽ നിന്ന് ആകെ ലഭിക്കുന്ന ആശ്വാസവാർത്ത. വേമ്പനാട് കായലിൽ ചില പ്രത്യേക മേഖലകളിലാണ് ബോട്ടപകടങ്ങൾ പതിവായി ഉണ്ടാകുന്നതെന്നതും സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിലയിരുത്തേണ്ടതുണ്ട്. റോഡ് സുരക്ഷാ കാര്യങ്ങൾ വിശദമായി പഠിക്കാനും പ്രതിവിധി കണ്ടെത്താനും ‘നാറ്റ്പാക്‘പോലെ നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജലയാത്രാ സുരക്ഷയെക്കുറിച്ച് പഠിക്കാനോ പ്രശ്നങ്ങൾ കണ്ടെത്താനോ പ്രതിവിധി നിർദ്ദേശിക്കാനോ ആരുമില്ല. അതു തന്നെയാണ് ഈ രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും.

(അവസാനിച്ചു)