June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

അപരിഷ്കൃത ചട്ടങ്ങളിൽ ആടിയുലയുന്ന ജലയാനങ്ങൾ

By Janayugom Webdesk
February 1, 2020

ജലഗതാഗത മേഖലയിൽ നിലനിൽക്കുന്ന അപരിഷ്കൃതങ്ങളായ ചട്ടങ്ങളാണ് ഈ രംഗത്തെ മറ്റൊരു ശാപം. കാലോചിതമായ പൊളിച്ചെഴുത്ത് ഇനിയെങ്കിലും ഉണ്ടായില്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. 1919 ൽ നിലവിൽ വന്ന തിരുവിതാംകൂർ പബ്ലിക് കനാൽ പബ്ലിക് ഫെറീസ് റൂൾസ് ആയിരുന്നു തിരുവിതാംകൂറിലേയും തിരുക്കൊച്ചിയിലേയും പിന്നീട് കേരളത്തിലേയും ജലയാനങ്ങൾക്ക് ബാധകമായിരുന്നത്. അക്കാലത്ത് കെട്ടുവള്ളങ്ങളാണ് കൂടുതലായി ഉണ്ടായിരുന്നത്. അരിയും കൊപ്രയും ഉൾപ്പെടെയുള്ള വ്യാപാര സാധനങ്ങൾ ഇത്തരം കെട്ടുവള്ളങ്ങൾ വഴിയാണ് വിപണനം നടത്തിയത്. എന്നാൽ ട്രക്കുകളുടെ വരവോടെ കെട്ടുവള്ളങ്ങളെ ജനങ്ങൾ ആശ്രയിക്കാതെയായി. ഇത്തരം കെട്ടുവള്ളങ്ങളാണ് പിന്നീട് ഹൗസ്ബോട്ടുകളായി പരിണമിച്ചത്. 1924 ൽ ആണ് ആദ്യ ഹൗസ് ബോട്ട് നീറ്റിലിറക്കിയത്. 1919 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബോട്ടുകളുടേയും വള്ളങ്ങളുടേയും രജിസ്ട്രേഷൻ, ഫിറ്റ്നസ്, സ്രാങ്കിന്റെ ലൈസൻസ് തുടങ്ങിയവ നൽകിയിരുന്നത്. ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള കനാൽ സെക്ഷനായിരുന്നു ഇതിന്റെ ചുമതല.

ചീഫ് ഇൻസ്പെക്ടർ ഓഫ് ബോട്ടും അതിന് കീഴിലുള്ള ചീഫ് ഇൻസ്പെക്ടർമാരുമായിരുന്നു ഈ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥർ. എന്നാൽ ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തത് മൂലം ബോട്ടുകളുടെ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ കാര്യക്ഷമമായിരുന്നില്ല. ഇതിനെ തുടർന്ന് ഈ നിയമം പിൻവലിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നു. അങ്ങനെയാണ് 1917 ലെ കേന്ദ്ര ഇൻലന്റ് ഗസറ്റ് ആക്ടിന് അനുസൃതമായി കായൽ ജലയാനങ്ങൾക്കായി 2010 ൽ പുതിയ ചട്ടം ഉണ്ടാക്കിയത്. ഇതോടെ കായൽ ജലയാനങ്ങളുടെ പരിശോധനയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണവും രജിസ്ട്രേഷനും ഉൾപ്പെടെയുള്ളവ കടൽയാനങ്ങൾക്കും തുറമുഖങ്ങൾക്കും വേണ്ടി രൂപീകരിച്ച പോർട്ട് വകുപ്പിന് കീഴിലായി. ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കിയതേയുള്ളൂ. 2015 ൽ ഈ രംഗത്ത് ചില പുതിയ ഭേദഗതികൾ കൊണ്ടുവന്നെങ്കിലും പ്രാവർത്തികമായില്ല. പുതിയ പരിഷ്ക്കാരം തുറമുഖവകുപ്പിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മോട്ടോർബോട്ടുകൾ, ഹൗസ് ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, ജങ്കാർ, ബാർജ് എന്നിവയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഉത്തരവാദിത്വം അധികമായി ലഭിച്ച പോർട്ട് ഓഫീസിൽ ഇതിനായി ആവശ്യമുള്ള ജീവനക്കാരെ വിന്യസിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ആകെ 19 ജീവനക്കാരാണ് ആലപ്പുഴ പോർട്ട് ഓഫീസിലുള്ളത്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ബോട്ടുകളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവയാണ് ആലപ്പുഴ പോർട്ട് ഓഫീസിന് കീഴിൽ വരുന്നത്.

അംഗീകാരമുള്ളതും അംഗീകാരമില്ലാത്തതുമായ 1500 ഓളം ഹൗസ് ബോട്ടുകളും 1600 ഓളം മറ്റ് കായൽ യാനങ്ങളും ആലപ്പുഴ ജില്ലയിൽ മാത്രമുണ്ട്. ഇവയുടെ പരിശോധന നടത്തുവാനായി ആകെയുള്ളതാകട്ടെ ഒരു പോർട്ട് കൺസർവേറ്ററും രണ്ട് ക്ലറിക്കൽ സ്റ്റാഫും രണ്ട് ഓഫീസ് അസിസ്റ്റന്റും മാത്രം. കേരളത്തിലെ മുഴുവൻ കായൽയാനങ്ങളുടേയും പരിശോധനയും രജിസ്ട്രേഷനും ഉൾപ്പെടെയുള്ളവ നടത്തുവാൻ ജില്ലാതലത്തിലുള്ള ജീവനക്കാരെ കൂടാതെ ഒരു രജിസ്റ്ററിങ്ങ് അഥോറിറ്റി, ഒരു ചീഫ് എക്സാമിനർ, ഒരു ചീഫ് സർവ്വേയർ, രണ്ട് സർവ്വേയർമാർ എന്നിവർ മാത്രമാണുള്ളത്. ബോട്ടുകളിൽ പരിശോധന നടത്തുവാൻ എൻഫോഴ്സുമെന്റ് വിംഗും പോർട്ട് വകുപ്പിന് കീഴിലില്ല. നിരത്തുകളിലെ സുരക്ഷയ്ക്ക് അധികൃതർ കൽപ്പിക്കുന്ന പ്രാധാന്യത്തിന്റെ നാലിലൊന്നെങ്കിലും ജല സുരക്ഷയ്ക്ക് നൽകിയാൽ കായൽ ദുരന്തങ്ങൾ നൂറുശതമാനവും ഒഴിവാക്കാനാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. റോഡ് സേഫ്ടി അതോറിട്ടിയുടെ മാതൃകയിൽ വാട്ടർ ട്രാൻസ്പോർട്ട് സേഫ്ടി അതോറിട്ടിയുടെ രൂപീകരണം അനിവാര്യമാകുന്നത് ഈ ഘട്ടത്തിലാണ്.

വിരലിലെണ്ണാവുന്ന ജീവനക്കാരാണ് സകല ജലയാനങ്ങളുടെയും പരിശോധനകൾ നടത്താൻ നിയോഗിക്കപ്പെട്ടവർ. അതേ സമയം സംസ്ഥാനത്തൊട്ടാകെ മോട്ടോർ വാഹനവകുപ്പിൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെയുളള ജീവനക്കാരുടെ സംഖ്യ 2584 ആണ്. അവരിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ 602 പേരും എംവിമാർ 284 പേരുമുണ്ട്. കെഎസ്ആർടിസിക്ക് അനുവദിച്ച ഒരു ആർടി ഓഫീസ് അടക്കം സംസ്ഥാനത്താകെ 86 ആർടി ഓഫീസുകളും 88 ആർടിഓ മാരുമുണ്ട്. ആലപ്പുഴയിൽ മാത്രം വാഹന വകുപ്പിന് ഒരു ആർടിഒ ഓഫീസും 5 സബ് ആർടി ഓഫീസുമുണ്ട്. ഇരുന്നൂറോളംം ജീവനക്കാരും.ആ സ്ഥാനത്താണ് 19 പേരെ വച്ച് മൂവായിരത്തിൽപ്പരം ജലയാനങ്ങളുടെ സുരക്ഷാ പരിശോധന അധികൃതർ നടത്തുന്നത്. അതിനാൽ ബോട്ടുകളുടെ പരിശോധന പ്രഹസനമായി മാറുകയാണ് പതിവ്. പലപ്പോഴും പോർട്ട് ഉദ്യോഗസ്ഥർ ടൂറിസം പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ഹൗസ് ബോട്ടുകളിലടക്കം അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ 13 അംഗങ്ങളുള്ള എൻഫോഴ്സ് മെന്റ് സംഘത്തെ ആലപ്പുഴ പോർട്ട് ഓഫീസിന് കീഴിൽ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ആലപ്പുഴ പോർട്ട് ഓഫീസർ ഹരി അച്യുതവാര്യർ ജനയുഗത്തോട് പറഞ്ഞു.

boat sto­ry parampara 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.