സന്ദീപ് രാജാക്കാട്

December 17, 2019, 9:35 pm

പൊന്മുടിയിൽ ബോട്ടിംഗിനൊപ്പം വനയാത്രയും

Janayugom Online

രാജാക്കാട്: പൊന്മുടിയിലേക്കെത്തുന്ന സഞ്ചാരികൾക്ക് ഇനിമുതൽ ബോട്ടിംഗിനൊപ്പം വനത്തിനുള്ളിലെ കാഴ്ചകളും ആസ്വദിച്ച് മടങ്ങാം. പൊന്മുടി ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് ബോട്ടിംഗിനൊപ്പം വനയാത്രയും ഒരുക്കുന്നത്. പ്രകൃതി സൗഹൃദ ടൂറിസം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കഴിഞ്ഞ പൊന്മുടിയിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് തയ്യാറെടുക്കുകയാണ് അധികൃതർ.

you may also like this video

ജലാശത്തിനുള്ളിലും സമീപത്തുമായി കൂടുതൽ വിനോദ പദ്ധതികൾ കൊണ്ടുവരുന്നതിനൊപ്പം ജൈവ വൈവിധ്യത്തിന്റെ കലവറയായ പൊന്മുടി വനമേഖലയിലെ കാണാ കാഴ്ചകൾ സഞ്ചാരികൾക്ക് നേരിട്ട് അസ്വദിക്കുന്നതിനുള്ള അവസരവും ഒരുക്കുകയാണ് അധികൃതർ. ബോട്ടിൽ ജല യാത്ര നടത്തുന്നതിനൊപ്പം വനമേഖലയുടെ ഭാഗമായി ജലാശത്തോട് ചേർന്ന് കിടക്കുന്ന ചെറു ദ്വീപുകളിലേയ്ക്ക് സഞ്ചാരികളെ എത്തിക്കും. രണ്ട് മണിക്കൂർ സമയം സഞ്ചാരികൾക്ക് വനമേഖല കാൽനടയായി സഞ്ചരിച്ച് ആസ്വദിക്കാൻ കഴിയും. സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം വനമേഖല പ്ലാസ്റ്റിക് മുക്തമാക്കി നിലനിർത്തുന്നതിനും ജൈവ സമ്പത്ത് സംരക്ഷിക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.