18 April 2024, Thursday

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയ സംഭവം; കണക്കുകളില്ലെന്ന് കേന്ദ്രം

Janayugom Webdesk
ലഖ്നൗ
February 7, 2022 10:47 pm

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഗംഗാ നദിയില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ കണക്കുകളൊന്നും ലഭ്യമല്ലെന്ന് കേന്ദ്രം.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്റെ ചോദ്യത്തിന് ജലവിഭവ സഹമന്ത്രിയാണ് മറുപടി നല്‍കിയത്. കോവിഡ് ബാധിച്ച് മരിച്ചശേഷം ഗംഗയില്‍ ഒഴുക്കിയ മൃതദേഹങ്ങളുടെ എണ്ണം വ്യക്തമാക്കണമെന്നായിരുന്നു ഡെറിക് ഒബ്രിയാന്‍ ആവശ്യപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ഇവ നീക്കം ചെയ്യുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരാഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകിനടന്നത് ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. ക്ലീന്‍ ഗംഗ ദേശീയ മിഷന്‍ (എന്‍എംസിജി) ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.

അതേസമയം പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് ബിഹാറും ഉത്തര്‍പ്രദേശും സ്വീകരിച്ചത്. 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്താണ് സംസ്കരിച്ചതെന്ന് ബിഹാര്‍ അധികൃതര്‍ അറിയിച്ചിരുന്നു. യുപിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് യുപി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതുമൂലം അവ ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം. 150 ഓളം മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഒഴുകിയെത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് മരിച്ചവരുടെ വിവരങ്ങളില്ലെന്ന കേന്ദ്രത്തിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

Eng­lish Sum­ma­ry: Body dumped in Gan­ga; Cen­ter says no figures

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.