Thursday
21 Mar 2019

ബോയിങ് മാക്‌സ് വ്യോമദുരന്തങ്ങള്‍: ലോകമെമ്പാടും വിമാനക്കൂലി കൂടും

By: Web Desk | Thursday 14 March 2019 11:09 PM IST


കെ രംഗനാഥ്

ദുബായ്: എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്ന് മുഴുവന്‍ യാത്രക്കാരും വിമാനജോലിക്കാരും മരണമടഞ്ഞ സംഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ ആഗോളവ്യാപകമായി വ്യോമയാന മേഖലയില്‍ അനുഭവപ്പെട്ടു തുടങ്ങി.

ലോകത്ത് ഇന്ത്യയടക്കമുള്ള വിമാന കമ്പനികള്‍ ഈ വ്യോമ ദുരന്തത്തെത്തുടര്‍ന്ന് നാനൂറില്‍പരം ബോയിംഗ് മാക്‌സ് 8 വിമാനങ്ങളാണ് സര്‍വീസില്‍നിന്നു പിന്‍വലിച്ചത്. ചൈനമാത്രം നൂറിലേറെ വിമാനങ്ങള്‍, എത്യോപ്യന്‍ വിമാനാപകടത്തിനു തൊട്ടുമുമ്പ് ഇന്തോനേഷ്യയുടെ ലയണ്‍ എയറിന്റെ ഇതേ തരം വിമാനം അപകടത്തില്‍പ്പെട്ടു 189 പേരാണ് മരണമടഞ്ഞത്. ഇന്ത്യയിലെ വിമാനകമ്പനികളുടെ ഇരുപതോളം മാക്‌സ്‌വിമാനങ്ങള്‍ ബുധനാഴ്ച രാത്രിയോടെ തിരിച്ചു വിളിപ്പിച്ചു സര്‍വീസ് നടത്തുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

ദിവസവും നാനൂറില്‍ പരം വിമാനങ്ങള്‍ നടത്തി വന്ന നൂറുകണക്കിനു സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് നഷ്ടം നികത്താന്‍ വിമാനയാത്രകൂലി വര്‍ദ്ധിപ്പിക്കാന്‍ പല എയര്‍വേയ്‌സുകളും തീരുമാനിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നടത്തുന്ന എയര്‍ഇന്ത്യ, സ്‌പൈസ് ജറ്റ്, ഇന്‍ഡിഗോ, വിസ്താര, ജെറ്റ് എയര്‍വേയ്‌സ് എന്നിവ ഏറെ വൈകാതെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. ഇതോടെ പ്രവാസികളുടെ യാത്രാദുരിതമാണ് ഏറുക, വന്‍കിട കമ്പനികള്‍ കൈവശമുള്ള വിമാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തി വിമാനക്കൂലി വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചുകൂടെന്നില്ലെന്ന് സ്ട്രാറ്റജിക് എയ്‌റോ റിസര്‍ച്ചിലെ മുഖ്യ വ്യോമയാന വിദഗദ്ധനായ സാജ്അഹമ്മദ് ‘ജനയുഗ’ ത്തോടു പറഞ്ഞു. എന്നാല്‍ ഇതിനും പരിമിതികളുണ്ട്. അതേസമയം നഷ്ടത്തില്‍ മുങ്ങാംകുഴിയാടുന്ന എയര്‍ ഇന്ത്യയടക്കമുള്ള ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് നിരക്കു കൂട്ടുകയല്ലാതെ നിര്‍വാഹമില്ല. എയര്‍ ഇന്ത്യയ്ക്ക് ബോയിംഗ് മാക്‌സ് 8 വിമാനങ്ങളില്ലാത്തതിനാല്‍ എത്യോപ്യന്‍ വ്യോമദുരന്തവും വ്യോമയാന പ്രതിസന്ധിയും ആകാശകൊള്ളയ്ക്കുള്ള വീണുകിട്ടിയ അനുഗ്രഹവുമായി.