Friday
06 Dec 2019

സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിന്റെ ബോഗികള്‍ വേര്‍പെട്ടു

By: Web Desk | Tuesday 16 July 2019 8:40 AM IST


കൊല്ലം: എമര്‍ജന്‍സി ബ്രേക്കിട്ടതിനെ തുടര്‍ന്ന് കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു. കൊല്ലം റയില്‍വേസ്റ്റേഷനില്‍ ഇന്നലെ രാവിലെ 10.45നായിരുന്ന സംഭവം.
രണ്ടാം നമ്പര്‍ പഌറ്റ്‌ഫോമില്‍ ട്രെയിന്‍ എത്തിയത് 10.36നാണ്. 10.45ന് ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് എന്‍ജിനില്‍ നിന്നും ആറാമതായുള്ള ബി-4 കോച്ച് തൊട്ടുപിന്നിലുള്ള ബി-3യില്‍ നിന്ന് വേര്‍പെട്ടത്. ട്രെയിന്‍ 100 മീറ്ററോളം മുന്നോട്ട് നീങ്ങുമ്പോഴാണ് സംഭവം. ബോഗികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിംഗ് വേര്‍പെട്ടതാണ് കാരണം.
തകരാര്‍ പരിഹരിക്കുന്നതിനായി ട്രെയിന്‍ 40 മിനിറ്റ് സ്റ്റേഷനില്‍ പിടിച്ചിട്ടു. സ്റ്റേഷന് പുറത്ത് ജയന്തി ജനതയും 30 മിനിറ്റോളം നിറുത്തിയിട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വിവരമറിഞ്ഞ് മെക്കാനിക്കല്‍, ഇലക്ട്രിക് വിഭാഗം ജീവനക്കാരായ ജയപ്രകാശ്, ഗോപകുമാര്‍ എന്നിവരും ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററും സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി. 11.20 ഓടെ ‘സമ്പര്‍ക്ക് ക്രാന്തി’ യാത്ര തുടര്‍ന്നു.
സംഭവത്തില്‍ സുരക്ഷാ വീഴ്ചയുള്ളതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ വിചിത്രമായ വിശദീകരണവുമായി റയില്‍വേ രംഗത്തെത്തി. ഒരാള്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ഇറങ്ങിയശേഷം തിരികെ കയറുന്നതിന് മുന്‍പ് ട്രെയിന്‍ വിട്ടുവെന്നും ഇക്കാര്യം ഗാര്‍ഡിനെ അറിയിച്ചപ്പോള്‍ അപായസൂചന നല്കി പെട്ടെന്ന് ബ്രേക്കിട്ടതാണ് കോച്ചുകള്‍ വേര്‍പെടാന്‍ കാരണമെന്നാണ് റയില്‍വേ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. സഡന്‍ ബ്രേക്കിട്ടാല്‍ കോച്ചുകള്‍ വേര്‍പെടുമെന്നാണ് റയില്‍വേ പറയാതെ പറഞ്ഞുവയ്ക്കുന്നത്.

Related News