എലി ഇറച്ചി വില്‍പ്പനയ്ക്ക്; കിലോ 200 രൂപ

Web Desk
Posted on December 26, 2018, 6:55 pm
ദിസ്പൂർ: നമ്മുടെ നാട്ടില്‍ ചിക്കനും മട്ടനും ബീഫിനുമൊക്കെ ആവശ്യക്കാര്‍ ഏറെയാണ്. എന്നാലങ്ങ് അസമിലെ ഗ്രാമപ്രദേശങ്ങളിൽ ഇവയ്ക്കൊന്നും യാതൊരു ഡിമാന്‍റുമില്ല. അവര്‍ക്കാവശ്യം എലിയെയാണ്. ഇവിടെ വേവിച്ചതും തൊലിയുരിച്ചതുമായ എലിയിറച്ചി വാങ്ങാന്‍ കിട്ടും. അത്രക്ക് തുശ്ചമായ വിലയൊന്നുമല്ല അവയ്ക്ക്. കിലോയ്ക്ക് 200 രൂപയാണ് എലിയിറച്ചിക്ക് വിപണിയില്‍ ലഭിക്കുക.
അസമിലെ കുമരികട്ട ഗ്രാമത്തിലെ ഞായറാഴ്ച വിപണിയിലാണ് എലിയിറച്ചി കിട്ടുന്നത്. കൃഷിസ്ഥലങ്ങളിൽനിന്നു കർഷകർ പിടികൂടുന്ന എലികളെയാണു വിൽപനയ്ക്കായി എത്തിക്കുന്നത്. രോമങ്ങൾ ഉള്ളതും രോമം കളഞ്ഞും ഇറച്ചി വിപണിയിൽ നിന്നു വാങ്ങാനാകും. കൃഷിസ്ഥലങ്ങളിൽനിന്നു കർഷകർ പിടികൂടുന്ന എലികളെയാണു വിൽപനയ്ക്കായി മാർക്കറ്റിലെത്തിക്കുന്നത്. വറുക്കാൻ പാകത്തിനു തയാറാക്കിയ രൂപത്തിലും എലിയിറച്ചി ലഭ്യമാകും.
തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് അധികവരുമാനമാണ് എലി വിൽപന. ഒരു കിലോ എലിയിറച്ചി വാങ്ങുന്നതിന് ഇവിടെ നൽകേണ്ടത് 200 രൂപയാണ്. മേഖലയിൽ അടുത്തിടെയായി എലിശല്യം വ്യാപകമായതായും കർഷകർ അഭിപ്രായപ്പെടുന്നു. ജനങ്ങളുടെ നെൽകൃഷി നശിപ്പിക്കാനെത്തുന്ന എലികളെയാണു ഇവര്‍ കെണി വച്ചു പിടിക്കുന്നത്.
വിളവെടുപ്പു കാലത്തു രാത്രി സമയങ്ങളിലാണ് എലികളെ പിടിക്കാൻ ഇറങ്ങുക. മുളകൊണ്ട് ഉണ്ടാക്കിയ കെണികളുമായി കൃഷിസ്ഥലത്തുപോയി പിടികൂടുകയാണു പതിവ്. എളിമാളങ്ങളുടെ പുറത്തുതന്നെ കെണി വയ്ക്കും. എലി, മാളത്തിനു പുറത്തെത്തിയാല്‍ ഉടൻ കെണിയിൽ വീഴുകയും ചെയ്യും. ഒരു രാത്രി ജോലി ചെയ്താൽ 10–20 കിലോ വരെ എലികളെ ലഭിക്കും.