വേദനിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ് താരം  ഇര്‍ഫാന്‍ ഖാന്‍

Web Desk
Posted on March 06, 2018, 9:52 am

വേദനിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ് താരം  ഇര്‍ഫാന്‍ ഖാന്‍. തനിക്ക് അപൂര്‍വ രോഗമുണ്ടെന്നും എന്നാല്‍ ഊഹം പ്രചരിക്കരുതെന്നും ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ 15 ദിവസത്തിനകം അറിയിക്കാമെന്നും ഇര്‍ഫാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. നേരത്തെ വിശാല്‍ ഭരദ്വാജ് തന്‍റെ പുതിയ ചിത്രത്തില്‍ നിന്ന് ഇര്‍ഫാന്‍ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാല്‍ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്.

ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളില്‍നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്‍റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്. ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം പ്രസ്താവനയില്‍ അറിയിച്ചു.

ദുഷ്‌കരമായ ഈ ഘട്ടത്തില്‍ കുടുംബവും സുഹൃത്തുക്കളും തന്നോടൊപ്പമുണ്ട്. രോഗനിര്‍ണയത്തിന് ശേഷം കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.