ബോംബേറ് തുടരുന്നു: വടകര അസംബ്ലി മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

Web Desk
Posted on October 07, 2018, 9:20 pm

വടകര: ബി ജെ പി — സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന വടകര മേഖലയില്‍ അക്രമസംഭവങ്ങള്‍ ശമനമാവാതെ തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിടങ്ങളിലായി സി പി എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ചോറോട് കുരിയാടി ബ്രാഞ്ച് സെക്രട്ടറി പ്രസീത നിലയത്തില്‍ മോഹനന്‍, സിപിഎം നാരായണ നഗരം ബ്രാഞ്ച് കമ്മറ്റി അംഗം തച്ചോളി മാണിക്കോത്ത് കല്ലുള്ള മീത്തല്‍ കെ വി റീജിത്ത് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബെറിഞ്ഞത്. മോഹനന്റെ വീടിന്റെ മുകള്‍ നിലയിലാണ് ബോംബ് പതിച്ചത്. ജനല്‍ ഗ്ലാസുകളും, വീടിന്റെ സീലിങ്ങിനും കേടുപാടുകള്‍ സംഭവിച്ചു.

ഇന്ന് പുലര്‍ച്ചയോടെയാണ് റീജിത്തിന്റെ വീടിനു നേരെ ബോംബ് അക്രമമുണ്ടായത്. എറിഞ്ഞ പൈപ്പ് ബോംബ് പൊട്ടാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അക്രമത്തില്‍ സി പി എം വടകര ടൗണ്‍ ലോക്കല്‍ കമ്മറ്റി പ്രതിഷേധിച്ചു. അക്രമ സംഭവങ്ങളില്‍ ഇതേ വരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ വടകര അസംബ്ലി നിയോജക മണ്ഡലം പരിധിയിലെ വടകര നഗരസഭ,ചോറോട്, ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ബി ജെ പി വടകര മണ്ഡലം കമ്മറ്റി ആഹ്വാനം ചെയ്തു. കാലത്ത് ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ദീര്‍ഘ ദൂര ബസ്സുകള്‍, പത്രം പാല്‍, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.