നോട്ടുകളിലെ പരിഷ്‌കാരത്തിനെതിരെ ബോംബെ ഹൈക്കോടതി

Web Desk
Posted on August 01, 2019, 6:50 pm

ന്യൂഡല്‍ഹി: നോട്ടുകളിലും നാണയങ്ങളിലും നിരന്തരമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതില്‍ ആര്‍ബിഐയ്ക്ക് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. നോട്ടിന്റെ ഘടനയും വലിപ്പവും നിരന്തരമായി മാറ്റുന്നത് എന്തിനാണെന്ന് ബോംബെ ഹൈക്കോടതി ആക്ടിംഗ്ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, എം എം ജാംദര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു.

നോട്ടുകളുടെ തുടര്‍ച്ചയായ മാറ്റം തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ആര്‍ബിഐ അടുത്തിടെ പുറത്തിറക്കിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

ലോകത്തിലെ മറ്റൊരു രാജ്യവും തുടര്‍ച്ചയായി നോട്ടുകളിലും നാണയങ്ങളിലും മാറ്റം വരുത്തുന്നില്ല. എന്നാല്‍ നിങ്ങള്‍ മാത്രം ഇത്രവേഗത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള കാരണമെന്തെന്നും കോടതി ആരാഞ്ഞു. ഇത് സംബന്ധിച്ച സത്യവാങ്മൂലം ആറ് ആഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ആര്‍ബിഐയോട് ആവശ്യപ്പെട്ടു.