സമ്പദ് വ്യവസ്ഥക്ക് പ്രഹരമേല്‍പ്പിച്ച് കടപ്പത്ര വില്‍പ്പന ഇടിയുന്നു

Web Desk
Posted on June 21, 2019, 10:27 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ശക്തമായ പ്രഹരമേല്‍പ്പിച്ച് കടപ്പത്രങ്ങളുടെ വില്‍പ്പന ഗണ്യമായി ഇടിയുന്നതായി റിപ്പോര്‍ട്ട്. കടപത്രങ്ങളിലൂടെ വായ്പകള്‍ സമാഹരിക്കുന്നതിന് പകരം ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്ന നിലപാടുകളാണ് കോര്‍പ്പറേറ്റുകള്‍ സ്വീകരിക്കുന്നത്. ലോകത്തെ മറ്റ് സാമ്പത്തിക ശക്തികളെ അപേക്ഷിച്ച് രാജ്യത്തെ കടപ്പത്ര ഓഹരി കമ്പോളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭികാമ്യമല്ലാത്തതാണ് കോര്‍പ്പറേറ്റുകള്‍ ബാങ്ക് വായ്പകളിലേയ്ക്ക് തിരിയാനുള്ള കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് കടപ്പത്രങ്ങളിലൂടെയുള്ള വിഭവ സമാഹരണം മന്ദഗതിയിലായത്. ബ്ലൂംബെര്‍ഗ് സാമ്പത്തിക സൂചിക പ്രകാരം കടപത്രങ്ങളിലൂടെയുള്ള മൂലധന സമാഹരണം 9.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പ 12.7 ശതമാനം വര്‍ധിച്ചു. നിക്ഷേപകന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മൂലധന കമ്പോളങ്ങള്‍ തയ്യാറാകാത്തതാണ് ബാങ്കുകളിലെ നിക്ഷേപവും അതിന് ആനുപാതികമായുള്ള വായ്പകളുടെ വര്‍ധനയ്ക്കും കാരണമായതെന്ന് കാന്‍ഫിന്‍ ഹോംസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അതാനു ബഗ്ചി വ്യക്തമാക്കി.

അതിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രീയ ആസ്തി ഗണ്യമായി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മൊത്തം നിഷ്‌ക്രീയ ആസ്തിയുടെ 50 ശതമാനമായ 4.5 ലക്ഷം കോടി രൂപയും കോര്‍പ്പറേറ്റുകള്‍ എടുത്ത വായ്പയാണെന്ന് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 4.46 ലക്ഷം കോടിയുടെ വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയത് നൂറ് കോര്‍പ്പറേറ്റുകളാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

You May Also Like This: