ബോണ്‍സായി ചിന്തകള്‍

Web Desk
Posted on March 03, 2019, 8:49 am

രമ്യ മേനോന്‍

ഞാനൊരു ബോണ്‍സായി മരമായി
വളരുകയായിരുന്നു
മറ്റുള്ളവയെപ്പോലെതന്നെ നല്ലതാണെന്നും
ശിഖരങ്ങളുണ്ടെന്നും പറഞ്ഞിട്ടും
ചേക്കേറന്‍ കൂടില്ലാത്ത കിളികള്‍ പോലും
തിരിഞ്ഞുനോക്കിയില്ലെന്ന് ഞാന്‍ അറിഞ്ഞു

ഈ ചുമരുകളുടെ ചൂടും ഫാനിന്റെ കാറ്റും
എന്നെ മടുപ്പിക്കുന്നുണ്ട്
എന്നാലും ഒരു മരമായതില്‍ ഞാനെന്നും
അഭിമാനിച്ചു

മുറിക്കുള്ളിലെ കുട്ടികള്‍ പകരുന്ന വെള്ളം
വേരുകളെ തണുപ്പിക്കുണ്ടെങ്കിലും
ആഴങ്ങളിലേയ്ക്ക് പായാന്‍ അവ
ആഗ്രഹിച്ചിരുന്നോ?

ഒറ്റത്തടിയും ഒരുപാട് വേരുകളും നിറയെ
പൂക്കളും ഇലകളുമുണ്ടെങ്കിലും
എന്നെ മറ്റുമരങ്ങളില്‍നിന്ന്
മാറ്റിനിര്‍ത്തുന്നതെന്താകാം?

പൂക്കളാരും എടുക്കാറില്ല,
ചിലര്‍വരുമ്പോള്‍ എന്നെയാകെ
തഴുകുന്നതറിയാറുണ്ട്…

തിരിച്ചറിവ് വരുന്നത്, പിന്നെ
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ്..
വെളിയിലെ വരാന്തയുടെ
തിട്ടയ്ക്ക് മുകളില്‍ എന്നെ സ്ഥാപിച്ചയന്ന്
ഉമ്മറപ്പടിയില്‍ മുഖകണ്ണാടിയുമായി
ഒരു പെണ്ണ് മഞ്ഞളിടാനെത്തിയന്നും
എന്നെ ഞാന്‍ കണ്ടു.

പിന്നെ..

മറ്റ് മരങ്ങളെക്കണ്ടു, അവയില്‍ ചേക്കേറുന്ന
കിളികളേയും.
എന്നെക്കുറിച്ച് ഞാന്‍ ആലോചിച്ചു..
എന്തുകൊണ്ട് എന്നെ മാത്രം ഇത്ര
ചെറുതായി കാണാന്‍ ലോകം ആഗ്രഹിച്ചു?

ഒരിക്കല്‍ ഒരു കവി വന്നു,
തിണ്ണയില്‍ എന്നോടൊപ്പം ഇരുന്നു.
നീണ്ട വിരലുകള്‍ എന്നിലോടിച്ച്
അയാള്‍ പറഞ്ഞു

ദുഖമാണിവയെ കാണുന്നത്.
മച്ചിപ്പെണ്ണിന്റെ സ്വപ്നങ്ങള്‍പോല
വേരോടാനാകാതെ, വീര്‍പ്പുമുട്ടി

ഏതൊരു വലിയ മരത്തിനെയുംപോലെ
തടിയുണ്ട്, തളിരുണ്ട്, പുഷ്പമുണ്ട്
ഗതികേട്..
മണ്ണില്‍ ഓടേണ്ട വേരുകള്‍
ചട്ടിയുടെ വട്ടത്തില്‍ കിടന്നു കറങ്ങുന്നു
കവി പോയി, കിളികളും പോയി.

വെള്ളം തേടിപ്പോകുന്ന വേരുകളുടെ
ദുഖങ്ങളും
മരത്തടികളില്‍ ഫ്ളെക്സുവെക്കുന്നതിന്റെയും
പെയിന്റടിക്കുന്നതിന്റെയും ദുഖങ്ങള്‍
മരങ്ങള്‍ പങ്കുവെച്ചു.

എനിക്കറിയാം
ഞാനുള്‍പ്പെടുന്ന ബോണ്‍സായി
വര്‍ഗ്ഗത്തിന്റെ നിസ്സഹായകതയെക്കുറിച്ച്
അവര്‍ പരസ്പരം പറഞ്ഞ്
ചിരിക്കുകയാവാം…
അല്ലെങ്കില്‍ എനിക്ക് കിട്ടുന്ന
സൗഭാഗ്യങ്ങളെ ഓര്‍ത്ത്
നെടുവീര്‍പ്പിടുകയുമാകാം

രാത്രിയായി
മുറ്റത്തുപാറിയ പക്ഷികളെന്നില്‍
എന്നെങ്കിലും കൂടണഞ്ഞെങ്കില്‍…

കനിയായി നല്‍കിയും
കനിവായി നല്‍കിയും
കാവ്യഭാവനയിലെങ്കിലും
മരമായിരുന്നെങ്കില്‍..

അപ്പോഴേയ്ക്കും എന്റെ ചിന്തകളും
ബോണ്‍സായി മരമായി
മാറിക്കഴിഞ്ഞിരുന്നു…