Web Desk

തിരുവനന്തപുരം

August 01, 2021, 8:53 pm

‘കൃഷി, മണ്ണ്, മനുഷ്യൻ’ മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു

Janayugom Online
സാഹിത്യപ്രവർത്തക സഹകരണസംഘം (എസ്‌പി സി എസ്‌) പ്രസിദ്ധീകരിച്ച ‘കൃഷി, മണ്ണ്, മനുഷ്യൻ’ എന്ന പുസ്തകം പ്രൊഫ.പി എം. രാജൻ ഗുരുക്കൾക്ക് നൽകിക്കൊണ്ട് സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്യുന്നു. എസ്‌ പി സി എസ്‌ ഭരണസമിതി അംഗം വി സീതമ്മാൾ,പുസ്തകത്തിന്റെ എഡിറ്റർ ഡോ. വി എൻ ജയചന്ദ്രൻ, എഴുത്തുകാരനും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമായ കെ.എ.ഷാജി എന്നിവർ സമീപം

രാജ്യത്ത് നിലനിൽക്കുന്ന കാർഷിക പ്രതിസന്ധിയെ അവലോകനം ചെയ്തുകൊണ്ടും അതിന് പരിഹാരങ്ങൾ നിർദേശിച്ചു കൊണ്ടും സാഹിത്യപ്രവർത്തക സഹകരണസംഘം (എസ്‌പി സി എസ്‌) പ്രസിദ്ധീകരിച്ച ‘കൃഷി, മണ്ണ്, മനുഷ്യൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. തിരുവനന്തപുരം എൻ ബി എസ്‌ ശാഖയിൽ നടന്ന ചടങ്ങിൽ പ്രൊഫ.പി എം. രാജൻ ഗുരുക്കൾ പുസ്തകം ഏറ്റുവാങ്ങി.

സാങ്കേതികവിദ്യ, വാണിജ്യം, സൂപ്പർമാർക്കറ്റുകൾ എന്നിവയുടെയൊക്കെ പിൻബലത്തിൽ ഭക്ഷ്യസുരക്ഷയെ തകർക്കുന്ന ആസൂത്രിതമായ ശ്രമങ്ങളാണ് കോർപ്പറേറ്റുകൾ ഇന്ന് ഇന്ത്യയിൽ നടത്തുന്നതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

അത്തരം ശ്രമണങ്ങളെ അതിജീവിക്കാനും കർഷകർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭ്യമാക്കാനും ശക്തമായ നീക്കങ്ങളും ഇടപെടലുകളും ഉണ്ടാകണം. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരായവർ എഴുതിയിരിക്കുന്ന ഈ പുസ്തകം അത്തരമൊരു ബോധ്യം രൂപപ്പെടുന്നതിന് ഏറെ സഹായകമാകുമെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അറിവിനെ ചരക്കുവൽക്കരിച്ചും കാർഷികമേഖലയെ അഴിച്ചുപണിതും മാന്ദ്യത്തെ മറികടക്കാനുള്ള മൂലധനവ്യവസ്ഥയുടെ ശ്രമം ശക്തമാണ്. അതിനെ പരാജയപ്പെടുത്തുക എന്ന ശ്രമകരമായ കടമ നിർവഹിക്കാൻ അറിവിനെ തിരിച്ചറിവാക്കിമാറ്റണം. ആ നിലയിൽ ഈ പുസ്തകം അവസരോചിതമാണെന്ന് പ്രൊഫ. രാജൻ ഗുരുക്കൾ പറഞ്ഞു.

ആഗോള കാർഷിക വ്യവസ്ഥയുടെ സവിശേഷതകൾ, ഇന്ത്യയുടെ കാർഷികപ്രശ്നങ്ങൾ, കർഷകപ്രക്ഷോഭത്തിന്റെ നിയമപരവും സാമ്പത്തികവും സാമൂഹ്യവുമായ വശങ്ങൾ എന്നിവ പരിശോധിക്കുന്ന പുസ്തകം കേരളത്തിന്റെ കാർഷികപ്രതിസന്ധിയും പരിഹാരമാർഗ്ഗങ്ങളും ആഴത്തിൽ വിശകലനം ചെയ്യുന്നു. പ്രഭാത് പട്നായ്ക്, ഉത്‍സ പട്നായ്ക്, എം പി പരമേശ്വരൻ, ജയതി ഘോഷ്, പി സായ്‌നാഥ്‌, എം കുഞ്ഞാമൻ, വിജു കൃഷ്ണൻ, പി കൃഷ്ണപ്രസാദ്, യോഗേന്ദ്ര യാദവ്, ആർ. രാമകുമാർ, ദേവിന്ദർ ശർമ, അശോക് ഗുലാത്തി, കെ സഹദേവൻ, ആർ ഗോപിമണി, ജോർജ് തോമസ്, ഫ്രെഡി കെ താഴത്ത്, പ്രമോദ് പുഴങ്കര, വി എൻ ജയചന്ദ്രൻ എന്നിവരാണ് ലേഖകർ.

തുടർന്ന് പുസ്തകത്തെക്കുറിച്ചും കാർഷിക പ്രതിസന്ധിയെ അധികരിച്ചും നടന്ന ചർച്ചയിൽ പ്രൊഫ. എം. കുഞ്ഞാമൻ, കർഷക പ്രക്ഷോഭത്തിന്റെ നേതാവ് പി. കൃഷ്ണപ്രസാദ്, ജൈവ വൈവിധ്യബോർഡ് ചെയർമാൻ ഡോ.സി ജോർജ്ജ് തോമസ്, സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ വി സുധാകരൻ, ഫ്രെഡി കെ താഴത്ത്, അഡ്വ. പ്രമോദ് പുഴങ്കര, കെ എ ഷാജി എന്നിവർ പങ്കെടുത്തു. എസ്‌ പി സി എസ്‌ ഭരണസമിതി അംഗം വി സീതമ്മാൾ ചടങ്ങിൽ അധ്യക്ഷയായിരുന്നു. പുസ്തകത്തിന്റെ എഡിറ്റർ ഡോ. വി എൻ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്‌ പി സി എസ്‌ സെക്രട്ടറി അജിത്ത് കെ ശ്രീധർ നന്ദി പറഞ്ഞു.

You may also like this video: