November 26, 2023 Sunday

“കഥയിലേക്കുള്ള വഴികൾ”

ജയ അജിത്
പുസ്തക നിരൂപണം
October 19, 2021 3:55 pm

ഡോ. നിബുലാൽ വെട്ടൂരിൻ്റെ കഥയിലേക്കുള്ള വഴികൾ , 11 സമകാല ചെറുകഥകളുടെ സമഗ്രമായ പഠനമാണ്. കഥകളുടെ ഓരോ വാക്കും നോക്കും സ്പർശിച്ചുള്ള പഠനവും അന്വക്ഷണങ്ങളും കഥയിലെ പുതിയ ഉറവകളും ആകാശങ്ങളും തുരന്നെടുക്കുന്നു. കഥകൾ കാലിക പ്രസക്തകങ്ങളാണ്. കഥാകൃത്തുക്കളുടെ മനസ്സിൽ ഉരുണ്ടുകൂടിയ കാറ്റും കോളും  കഥയിലുടനീളമുണ്ട്. അവയിലൂടെയുള്ള നിരൂപകൻ്റെ യാത്ര ഒരന്വേഷകൻ്റെ ശാന്തമായ മനസ്സുമായാണ്.

അവതാരികയിൽ പറഞ്ഞിരിക്കുന്നത് പോലെ, കഥകൾ വായിക്കാത്തവർക്കും ഈ ലേഖനങ്ങളിലൂടെ കടന്നുപോയാൽ വായനാനുഭവം ഉണ്ടാകുമെന്നതിൽ സംശയമില്ല.

ആധികാരികമായ പഠനം സമ്മാനിച്ച ഡോ.നിബുലാൽ വെട്ടൂരിന് ആശംസകൾ.

 

ജാതി നമ്മുടെ സമൂഹത്തിൽ ആന്തരികവത്കരിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് ബോധ്യപ്പെടുത്തുന്ന കഥയാണ് എസ്‌ ഹരീഷിന്റെ ‘മോദിസ്ഥിതനയങ്ങു വസിപ്പു മലപോലെ ’ എന്ന കഥ. കഥയിലെ വരികൾക്കിടയിലെ സൂക്ഷ്മ ജാതി രാഷ്ട്രീയം ഈ ലേഖനത്തിൽ ഡോ. നിബുലാൽ തുറന്നു പറയുന്നു.ജാതിയുടെയും മതത്തിന്റെയും അടിവേരുങ്ങളെ അതേപോലെ പിന്തുടരുന്ന,  നിലനിർത്താൻ ആഗ്രഹിക്കുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ടന്ന യാഥാർത്ഥ്യം കഥാസന്ദർഭങ്ങളെ ഉദ്ധരിച്ച് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

മൂന്നു യുവാക്കളാൽ ബലാത്സംഗം ചെയ്യപ്പെട്ട പ്രിയ എന്ന പെൺകുട്ടിയുടെ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായ പ്രതികാരത്തിന്റെ കഥയാണ് സിതാര എസിൻ്റെ  ‘അഗ്നി ” ഏതൊരു വായനക്കാരനും ആ കഥയിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന മാനസിക വ്യാപാരങ്ങളുടെ ഒരു തുറന്ന എഴുത്താണ് ലേഖനത്തിലുള്ളത്. പുരുഷന്റെ ആസക്തിയുടേയും  മേൽക്കോയ്മയടേയും മേൽ  നേടുന്ന വിജയമാണ് ഈ കഥയെ വേറിട്ടതാക്കുന്നതെന്ന് പഠനത്തിൽ പറയുമ്പോൾ തന്നെ,  അത് സ്ത്രീ പക്ഷത്തുനിന്നുള്ള വായനയാകുന്നു.

 

വിശക്കുന്നവൻ്റെയും വിശന്ന്  മരിച്ചവരുടേയും കഥപറയുന്നു സന്തോഷ് എച്ചിക്കാനത്തിൻ്റെ ബിരിയാണി എന്ന കഥ. ഭക്ഷണത്തിലെ ആഡംബരവും ധൂർത്തും ഒരു വശത്ത്…ഭക്ഷണമില്ലാതെ വിശന്നു മരിക്കുന്നവർ മറ്റൊരു വശത്ത്. സമകാല സാമൂഹിക ജീവിതത്തെ വിചാരണ ചെയ്യപ്പെടുന്ന ഈ കഥയുടെ പഠനം വായിച്ചപ്പോൾ,  കഥ വായിച്ചപ്പോൾ ഉണ്ടായതിലുപരി ഒരു നൊമ്പരം ഉള്ളിൽ രൂപമായി എന്ന് പറയാതെ വയ്യ..

കെ ആർ മീരയുടെ “മോഹമഞ്ഞ ” എന്ന കഥയെ ആസ്പദമാക്കിയുള്ള പഠനത്തിൽ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് സ്ത്രീയുടെ വികാരങ്ങളെയും വിചാരങ്ങളെയും ജീവിത സംഘർഷങ്ങളെയും സ്ത്രീ പക്ഷത്തു നിന്നു തന്നെ നോക്കിക്കാണുകയാണ് ഡോ. നിബുലാൽ.

ഉണ്ണി ആറിന്റെ ‘പ്രാണിലോകം’ എന്ന കഥയിലെ ഉറൂസ് കഥാപാത്രത്തെ നമുക്ക് മറക്കാൻ കഴിയില്ല. “ഞങ്ങളുടെ ഭൂമിയെ നിങ്ങൾക്ക് വിൽക്കണമോ” ഗോത്രവര്‍ഗ്ഗ നേതാവായ സിയാറ്റില്‍ മൂപ്പന്റെ ഈ ചോദ്യം നമ്മെ ചുട്ടു പൊള്ളിക്കുന്നതാണ്.. ഉറൂസ് എന്ന കഥാപാത്രത്തെ ഇവിടെ സിയാറ്റിൻ മൂപ്പനുമായി ചേർത്ത് നിർത്തിയാണ് , അഖ്യാതാവ് നടത്തുന്ന പ്രകൃതിവിരുദ്ധ വികസനസങ്കൽപ്പങ്ങളെ മനുഷ്യപക്ഷത്തു നിന്നുകൊണ്ട് നിബുലാൽ നോക്കിക്കാണുന്നത്.

മനുഷ്യനിൽ പാരസ്പകരികമായ വിധേയത്വം സൃഷ്ടിക്കുന്ന വികാരമാണ് പ്രണയം. നിർവചനങ്ങൾക്കോ ഭാഷയുടെ പ്രയോഗ സാധ്യതകൾക്കുള്ളിലോ ഒതുങ്ങിനിൽക്കുന്നതല്ല ഇത്. വി ജെ ജെയിംസിന്റെ പ്രണയോപനിഷത്ത്  എന്ന കഥയിലെ പ്രണയത്തിന്റെ മധ്യവർഗ പ്രത്യയ ശാസ്ത്രം കഥാസന്ദർഭങ്ങളിലൂടെ കടന്നുപോകുമ്പോൾ മനോഹരമായിത്തന്നെ  വിവരിക്കുന്നു.

‘കാനനപ്രണയത്തിന്റെ പാൽ മണമുള്ള കഥ’യെന്നാണ്  വിനോയ് തോമസിന്റെ  രാമച്ചി എന്ന കഥയെ വിശേഷിപ്പിച്ചിരിക്കുന്നത്. തങ്ങൾ പിറന്ന അധിവസിച്ച അതിരുകളില്ലാതെ വിഹരിച്ച തങ്ങളുടെ കാടിനോടുള്ള ആദിവാസി സമൂഹത്തിന്റെ പ്രണയമാണ് രാമച്ചി എന്ന കഥയിലെ പ്രമേയം. പ്രകൃതി കൃഷിയുടെ ആചാര്യനായ ഫുക്ക് വോക്കേയെ സാന്ദർഭികമായി ഓർമപ്പെടുത്തുന്നതിലൂടെ  മനുഷ്യനും പ്രകൃതിയും സാമൂഹിക വ്യവസ്ഥിതിയും തമ്മിലുള്ള ജൈവബന്ധത്തെ ലേഖനത്തിൽ വ്യക്തമായി വരച്ചുകാട്ടുന്നു.

ജീവികളായ ജീവികളെല്ലാം ശ്വസിക്കുന്നുണ്ട്.…ഈ ശ്വസനമാണ് ശരീരത്തിലെ ജീവൻ്റെ ഗതിയെ നിലനിർത്തുന്നത്. ശ്വാസഗതിയുടെ വിവിധ ഭാവങ്ങളിലൂടെ ജീവിതമെന്ന വലിയ ഓട്ടത്തിലെ കിതപ്പുകളും ആശ്വാസങ്ങളും വരച്ചിടുന്ന കഥയാണ്   ജേക്കബ് ഏബ്രഹാമിന്റെ “ശ്വാസഗതി ”  എന്ന കഥ. ആണധികാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ ശ്വാസം പിടിച്ച് കഴിയേണ്ടിവരുന്ന സ്ത്രീ അവസ്ഥകളെ സ്വതന്ത്രമാവാൻ ആഗ്രഹിക്കുന്ന പാരതന്ത്ര്യത്തിന്റെ ശ്വാസഗതിയായി പറഞ്ഞുവക്കുന്നതിലൂടെ കഥയുടെ മർമ്മം നമ്മളിലേക്ക് തുറന്നു വക്കുകയാണിവിടെ ചെയ്യുന്നത്.

മതങ്ങളെയും വിശ്വാസങ്ങളെക്കുറിച്ചും ആദിമകാലം മുതൽ വരച്ചുചേർത്ത  നിറങ്ങൾ . കയ്യൂക്കിന്റെയും അധികാരത്തിന്റെയും പേരിൽ നടത്തപ്പെട്ട വിഭജനങ്ങൾ, അത് ഏറ്റെടുത്ത് മനുഷ്യസമൂഹങ്ങൾ ഇന്നും വിഭാഗീയതയുടെ വിത്തുകൾ  മുളപ്പിച്ചു കൊണ്ടിരിക്കുന്നു.

ഫ്രാൻസിസ് നൊറോണ യുടെ “തൊട്ടപ്പൻ ” എന്ന കഥ ഇതിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. കുഞ്ഞാട് എന്ന കേന്ദ്രകഥാപാത്രം വളർത്തുന്ന പൂച്ചകൾ യൂദാസിനെ പ്രതിനിധികൾ മാത്രമല്ല സമൂഹത്തിന്റെ പ്രതിനിദാനങ്ങൾ കൂടിയാണെന്നും വ്യവസ്ഥിതികളെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഒപ്പം നിൽക്കേണ്ട സമൂഹം തന്നെ  ഒറ്റുകാരാവുന്ന സമകാല യാഥാർത്ഥ്യം കഥയുടെ മർമ്മമായി ഇവിടെ വരച്ചു കാട്ടുന്നു.

ഫുട്‌ബോൾ മത്സരത്തിന്റെ ചട്ടക്കൂടിനുള്ളിലൂടെ രണ്ടുപേർ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് പി.വി. ഷാജികുമാറിന്റെ മറഡോണ എന്ന കഥ. ഇതിലെ കഥാപാത്രങ്ങളെ  സ്ത്രീയെ വെറും ഉപഭോഗ വസ്തുവായ് മാത്രം കാമ കണ്ണുകളോടെ കാണുന്ന സമകാല സാമൂഹിക വ്യവസ്ഥകളുമായി ബന്ധപ്പെടുത്തിയാണ് നല്ലൊരു പഠനം ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

ഡേവി എന്ന കഥാപാത്രത്തിന്റെ പ്രതികാരത്തിന്റെ കഥപറയുന്ന മജീദ് സെയ്തിന്റെ “ഇത്താക്ക് തുരുത്ത് ” എന്ന കഥ..  കഥയിലെ ഫിക്ഷണൽ റിയലിസത്തെ പ്രതിപാദിക്കുന്നതിനൊപ്പം ഭാഷയുടെയും പ്രമേയത്തിന്റെയും സൗന്ദര്യലഹരി നമുക്ക് അനുഭവമാക്കി തരുന്നുണ്ട്.

ഡോ. നിബുലാലിന്റെ വാക്കുകളിലൂടെ പറഞ്ഞാൽ ആധുനികതയിൽ നിന്ന് വ്യത്യസ്തമായി സാമൂഹികവും സാംസ്‌കാരികവുമായ അന്വേഷണങ്ങളാണ് ഇന്നത്തെ ചെറുകഥകൾ. കാലത്തിൻ്റെ  പരിച്ഛേദങ്ങൾ, അവ വായനക്കാരിലേക്ക് എത്തുമ്പോൾ പല പാഠങ്ങളും ഭാവങ്ങളും അർത്ഥവ്യാപ്തിയും  ഉണ്ടാകുന്നു. ഒരു സാധാരണ വായനക്കാരി എന്ന നിലയിൽ കഥകൾ  വായിച്ചറിയുന്ന എനിക്ക്, ഒരു പാഠപുസ്തകം പോലെ ഈ കഥാപഠനം അനുഭവമായി തീരുന്നുണ്ട്.

കഥയിലേക്കുള്ള വഴികൾ

പുതുകഥാപഠനങ്ങൾ.

ഡോ. നിബുലാൽ വെട്ടൂർ.

പ്രസാധനം : സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം.

വിതരണം: നാഷണൽ ബുക്ക് സ്റ്റാൾ.

വില :155/-

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.