Web Desk

December 13, 2019, 9:55 pm

ബോറിസ് വീണ്ടും ഡൗണിംഗ് സ്ട്രീറ്റിലേക്ക്

Janayugom Online

ലണ്ടൻ: കഴിഞ്ഞ ദിവസം നടന്ന ബ്രിട്ടീഷ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് ശക്തമായ ഭൂരിപക്ഷം. ഇതോടെ ബോറിസ് ജോൺസൺ വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തുമെന്ന് ഉറപ്പായി.
ലേബറിന്റെ പരമ്പരാഗത ഹൃദയഭൂമികള്‍ പോലും പിടിച്ചെടുത്തുകൊണ്ടാണ് ടോറികള്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിക്കാനാവുമെന്നും ബോറിസ് ഉറപ്പേകുന്നു. ലേബറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രാത്രി ഏറെ നിരാശ നിറഞ്ഞതായിരുന്നുവെന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചിരിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന പ്രഖ്യാപനവും കോർബിൻ നടത്തി. ഹൗസ് ഓഫ് കോമൺസിലെ 650 സീറ്റുകളിൽ 364 സീറ്റുകളും ടോറികള്‍ സ്വന്തമാക്കി. 1987ൽ മാർഗരറ്റ് താച്ചറിന്റെ മിന്നുംവിജയത്തിന് ശേഷം ഇത്രയും ഭൂരിപക്ഷത്തിൽ ടോറികൾ ജയിച്ചുകയറുന്നത് ഇതാദ്യമായാണ്. ലേബറിന് 203 സീറ്റുകളാണ് ലഭിച്ചത്. കടുത്ത ബ്രെക്സിറ്റ് വിരുദ്ധരായ എസ്എന്‍പിക്ക് 48 സീറ്റ്കിട്ടി. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 13 സീറ്റുകളും ഡിയുപിക്ക് എട്ടുസീറ്റുകളും പ്ലയ്ഡ് സിമ്രുവിന് നാലും എസ്ഡിഎൽപിക്ക് രണ്ടും ഗ്രീന്‍സിന് ഒരു സീറ്റും ലഭിച്ചു.

ഇതിനെ തുടര്‍ന്ന് 1987ലെ തെരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റീവുകള്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയാണ് വര്‍ധിച്ചിരിക്കുന്നത്. നോര്‍ത്ത്, മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ്, തുടങ്ങിയ തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെല്ലാം ലേബറിന് ഏറെ സീറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2016ല്‍ ബ്രെക്‌സിറ്റിനെ പിന്തുണച്ച് വോട്ട് ചെയ്ത ഇടങ്ങളാണിവ. 1935ന് ശേഷം ഇവിടങ്ങളില്‍ ലേബറിന് ഇപ്പോള്‍ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.