ലണ്ടൻ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ തന്റെ കരിബീയൻ അവധിയാഘോഷം വെട്ടിച്ചുരുക്കാൻ തയാറാകാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ നിശിത വിമർശനം. 2003ലെ ഇറാഖ് യുദ്ധത്തിന് ശേഷം പശ്ചിമേഷ്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
സുലൈമാനിയുടെ വധത്തെ ലോകനേതാക്കളെല്ലാം അപലപിച്ചിട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. മസ്തിക്യു ദ്വീപിൽ കാമുകി കാരിസിമോണ്ട്സുമൊത്ത് ഉല്ലാസ യാത്രയിലാണ് ബോറിസ്.
ഞായറാഴ്ച ബോറിസ് തിരിച്ചെത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് ഈയാഴ്ച തന്നെ അമേരിക്കയിലേക്ക് പോകുമെന്നും അറിയിച്ചിട്ടുണ്ട്. അദ്ദേഹം അമേരിക്കൻ വിദേശകാര്യമന്ത്രി മൈക്ക് പോംപിയോയുമായി അദ്ദേഹം ചർച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ വിഷയമാകും പ്രധാനമായും ചർച്ചയാകുക.
ബ്രിട്ടൻ ഇതുവരെയും അമേരിക്കയെ പിന്തുണയ്ക്കാത്തത് അവരെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ തങ്ങൾ ആഗ്രഹിക്കുന്നത് പോലെ സഹായിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം പോംപിയോ പ്രസ്താവിച്ചിരുന്നു.
ഇറാഖിലെയും സിറിയയിലെയും യുദ്ധത്തെക്കാൾ ഭീകരമായ ഒരു സ്ഥിതി പശ്ചിമേഷ്യയിൽ ഉടലെടുത്തിട്ടും ബോറിസ് പ്രതികരിക്കാത്തതിൽ നിഴൽ വിദേശകാര്യമന്ത്രി എമിലി തോൺബെറി ആശങ്ക പ്രകടിപ്പിച്ചു.
ബോറിസ് ബധിരനെ പോലെ പെരുമാറുന്നുവെന്നാണ് ലിബറൽ ഡെമോക്രാറ്റിക് ആക്ടിങ് നേതാവ് എഡ് ഡേവി പറഞ്ഞത്. പ്രധാനമന്ത്രി മൗനം വെടിയണമെന്നും അമേരിക്കയുടെ ഇറാഖ് യുദ്ധത്തിലേതിന് സമാനമായ ആവർത്തിക്കുന്ന അബദ്ധങ്ങളെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബോറിസിന്റെ മൗനം അസാധാരണമാണെന്നായിരുന്നു എസ്എൻപിയുടെ നേതാവ് ഇയാൻ ബ്ലാക്ക് ഫോർഡിന്റെ പ്രതികരണം. ഇത് അത്യന്തം അപകടകരമായ സാഹചര്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയിൽ പ്രതികരിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഇയാൻ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.