കെ രംഗനാഥ്
രാജകീയ പ്രൗഢിയോടെ പിറന്ന രണ്ട് പ്രാവിൻകുഞ്ഞുങ്ങൾ പറക്കമുറ്റി വാനിൽ പറന്നുതുടങ്ങി. മറ്റ് കിളികൾക്ക് അസൂയ തോന്നിക്കുംവിധം മുട്ട പൊട്ടി പുറത്തുവന്നതു മുതൽ ഇരുവരും മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും താരങ്ങളായത് ദുബെെ കീരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ അൽ മക്തുമിന്റെ മെഴ്സിഡസ് ബെൻസിന്റെ ബോണറ്റിനുള്ളിൽ പിറന്നതു കൊണ്ടാവാം. പാർക്കു ചെയ്തിരുന്ന കാറിന്റെ ബോണറ്റിൽ അമ്മക്കിളി മുട്ടയിട്ടതറിഞ്ഞ രാജകുമാരൻ ഇതുവരെ ആ കാർ നീക്കിയിട്ടു പോലുമില്ല.
ഓഗസ്റ്റ് 12ന് മുട്ട വിരിഞ്ഞതോടെ കിളിക്കുഞ്ഞുങ്ങളുടേയും അമ്മക്കിളിയുടേയും ചിത്രങ്ങൾ രാജകുമാരൻ പോസ്റ്റ് ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ ഗൾഫിലെങ്ങും തരംഗമായി. അമ്മപ്രാവ് ബോണറ്റിൽ കൂടൊരുക്കിയതുമുതൽ മുട്ടയിടീലും മുട്ടവിരിയലുമെല്ലാം രാജകുമാരന്റെ പോസ്റ്റുകളായി ഒഴുകിനടന്നു. അമ്മക്കിളിയുടെ ലാളനയേല്ക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മപ്രാവ് ഇര നല്കുന്ന ചിത്രങ്ങളിൽ ഫോട്ടോഗ്രാഫിയുടെ ഹൃദ്യസൗന്ദര്യം കൂടിയുണ്ടായിരുന്നു. ഇപ്പോൾ പറക്കമുറ്റിയ കുഞ്ഞുങ്ങൾ ആകാശദേശത്തേക്ക് വിഹരിക്കാനുള്ള പറക്കൽ പരിശീലനത്തിലാണ്. എന്നാൽ ഇത്രയൊക്കെ കാര്യങ്ങൾ എത്തിയിട്ടും അമ്മപ്രാവ് മക്കളുമൊത്ത് പൊറുതിമാറ്റാനുള്ള ലക്ഷണമൊന്നും കാണിക്കുന്നില്ല.
ഒന്നുകിൽ കിരീടാവകാശി മേഴ്സിഡസ് ബെൻസ് കാർ തങ്ങൾക്ക് കൂടായി വിട്ടുതരണമെന്നും അതല്ലെങ്കിൽ കാർപാർക്കിൽത്തന്നെ ഒരു കൂടൊരുക്കിത്തരണമെന്നുമുള്ള മനോഭാവത്തോടെ പൊറുതി തുടരുന്നു. കിരീടാവകാശിയുടെ പിതാവും ദുബെെ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അബുദാബി കിരീടാവകാശി ഷെയിഖ് മുഹമ്മദ് ബിൻ അൽ നഹ്യാനുമൊത്ത് ഒരു നിർമ്മാണ സ്ഥലം സന്ദർശിച്ചപ്പോൾ ഹൗമ്പറാ പക്ഷികളുടെ വാസസ്ഥലത്താണ് 36 ലക്ഷം കോടിയുടെ വൻ വ്യവസായശാല പണിയുന്നതെന്നു കണ്ടെത്തി. പക്ഷിസങ്കേതത്തെ രക്ഷിക്കാൻ നിർമ്മാണസ്ഥലം ഉടൻ മാറ്റിക്കൊള്ളാൻ അവർ ഉത്തരവിട്ടതും അന്താരാഷ്ട്ര മാധ്യമങ്ങളിൻ വൻ പരിസ്ഥിതി സംരക്ഷണ വാർത്തയായി.
ENGLISH SUMMARY: Born royal The babies could not fly
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.