Web Desk

ന്യൂഡല്‍ഹി

February 03, 2020, 11:00 pm

സിഎഎ: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരുസഭകളും പ്രക്ഷുബ്ധം

Janayugom Online

സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. സിഎഎക്കെതിരെ ഷഹീന്‍ ബാഗിലും ജാമിയയിലും തുടരുന്ന സമരങ്ങള്‍ക്കുനേരെ നടന്ന വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷാംഗങ്ങള്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. രാജ്യസഭയില്‍ സിപിഐ, സിപിഐ (എം) കോണ്‍ഗ്രസ്, ടിഎംസി, ബിഎസ്‌പി, എസ്‌പി, ആർജെഡി ഉള്‍പ്പെടെയുള്ള കക്ഷികളാണ് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രമേയത്തിന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ അനുമതി നിഷേധിച്ചു. ഇതോടെ സഭാനടപടികള്‍ ആരംഭിച്ച ഉടന്‍തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ചോദ്യവേളയില്‍ തന്നെ രാജ്യസഭ ആദ്യം പിരിഞ്ഞു. രണ്ടാംവട്ടം സമ്മേളിച്ചപ്പോഴും സഭ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമായി.

തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുമണി വരെ നിര്‍ത്തിവച്ചു. ഉച്ചകഴിഞ്ഞും സഭാ നടപടികൾ തുടരാൻ കഴിയാതെ വന്നതിനെ തുടർന്ന് രാജ്യസഭ ആദ്യം മൂന്നു വരെയും പിന്നീട് ഇന്നത്തേക്കും പിരിയുകയാണുണ്ടായത്. സമാനമായ രംഗങ്ങളാണ് ലോക്‌സഭയിലും അരങ്ങേറിയത്. അടിയന്തര പ്രമേയത്തിന് നല്‍കിയ നോട്ടീസ് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും ഈ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തതാണെന്നും നന്ദി പ്രമേയചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് ഉന്നയിക്കാമെന്നുമാണ് സ്പീക്കര്‍ റൂളിങ്ങ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. വെടിവയ്ക്കുന്നത് അവസാനിപ്പിക്കൂ എന്ന് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ചോദ്യവേളയുമായി സ്പീക്കര്‍ മുന്നോട്ടു പോകുകയാണുണ്ടായത്. ചോദ്യവേള കഴിഞ്ഞ് ശൂന്യവേള എത്തിയതോടെ പ്രതിഷേധം വീണ്ടും ശക്തമായതിനാൽ ഉച്ചയൂണിനുള്ള ഇടവേള നേരെത്തയാക്കി ഒന്നരക്കു സഭ സമ്മേളിക്കുമെന്നറിയിച്ച് ശൂന്യവേള അവസാനിപ്പിച്ച് സഭ പിരിഞ്ഞു.

ഉച്ചകഴിഞ്ഞും പ്രതിപക്ഷം സ്പീക്കറുടെ അനുനയങ്ങള്‍ക്കു വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലേയ്ക്ക് കടന്നു. ബിജെപിയിലെ പര്‍വ്വേസ് സാഹിബ് സിങാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്ന പര്‍വ്വേസിന്റെ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ പ്രതിഷേധങ്ങളില്‍ ഇന്നലെ പാര്‍ലമെന്റിന്റെ ഇരു സഭകളും മുങ്ങുന്ന കാഴ്ചയാണ് ദൃശ്യമായത്. എന്തായാലും വിട്ടുവീഴ്ചയ്ക്കില്ലെന്നും സര്‍ക്കാരിനോടുള്ള പോരാട്ടം തുടരുമെന്നുമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാട്. രാജ്യമാകെ ഗ്രാമ നഗര വ്യത്യാസമില്ലാതെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ അലയൊലികൾ തുടർന്നുള്ള ദിവസങ്ങളിലും സഭാതലത്തിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.

Eng­lish Sum­ma­ry: Both hous­es of par­lia­ment were stunned by the strong oppo­si­tion protests against the government