പണം വേണം; രണ്ടരവയസ്സുകാരി അനന്യയും 13കാരന്‍ ആദിത്യനും കാത്തിരിക്കുന്നു

Web Desk
Posted on February 22, 2019, 9:58 pm

തിരുവനന്തപുരം: വിധിയുടെ ക്രൂരതക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് രണ്ടു പെണ്‍കുഞ്ഞുങ്ങള്‍. അച്ഛന്‍ നാലു വര്‍ഷം മുമ്പേ മാറാരോഗിയായി. അമ്മ ഇപ്പോള്‍ കരള്‍രോഗം ബാധിച്ച് മെഡിക്കല്‍ കോളജിലും. മാതാപിതാക്കളുടെ ജീവന്‍ രക്ഷിക്കാനും ആഹാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സഹജീവികളുടെ സഹായം തേടുകയാണ് നെടുമങ്ങാട് പുല്ലന്‍പാറ മാങ്കുഴി വടക്കേ ചരുവിള വീട്ടില്‍ 13 വയസ്സുള്ള ആദിത്യയും രണ്ടര വയസ്സുകാരി അനന്യയും.

ഇവരുടെ അമ്മ ധന്യ (30)യെ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന ധന്യക്ക് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കൂലിപണിക്കാരനായ ഭര്‍ത്താവ് അനി രോഗബാധിതനായി കഴിഞ്ഞ നാല് വര്‍ഷമായി ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്. ധന്യയുടേയും അനിയുടേയും പ്രായമായ മാതാപിതാക്കള്‍ കൂലിപ്പണി ചെയ്താണ് ഇത് വരെയുള്ള ഈ കുടുംബത്തിന്റെ ചെലവ് വഹിച്ചിരുന്നത്. എന്നാല്‍ ഭീമമായ ആശുപത്രി ചെലവുകള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കും പ്രായമായ മാതാപിതാക്കളെ എത്രമാത്രം ബുദ്ധിമുട്ടിക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം ഇപ്പോള്‍.
സുമനസ്സുകളുടെ സഹായമുണ്ടെങ്കില്‍ ഈ കുടുംബത്തിന് വീണ്ടും ജീവിതം സന്തോഷപൂര്‍വം തുടരാനാകും.

നന്മ വറ്റാത്ത മനുഷ്യര്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന മനുഷ്യജീവിതങ്ങളെ കുറിച്ചുള്ള അറിവുകളാണ് ഈ കുരുന്നുകളുടെ പ്രതീക്ഷ. ഈ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണമേകാന്‍ നമുക്ക് ഒരുമിക്കാം. നിങ്ങളുടെ ചെറിയ സഹായങ്ങള്‍ പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാകും. സഹായങ്ങള്‍ നല്‍കേണ്ട വിലാസം: ധന്യ ടി, അക്കൗണ്ട് നമ്പര്‍ 004000100176320, ധനലക്ഷ്മി ബാങ്ക്, വഴയിലപാലം മുക്ക് ബ്രാഞ്ച്, IFSC: DLXB0000040 ഫോണ്‍: 9526666579