29 March 2024, Friday

കുട്ടികൾ നിർമ്മിച്ച കുപ്പിക്കട്ടകൾ വിദ്യാലയ മുറ്റത്തെ തണൽ മരങ്ങൾക്ക് തറയും കുട്ടികൾക്കിരിപ്പിടവുമായി

Janayugom Webdesk
റാന്നി
April 14, 2022 9:49 am

പരിസ്ഥിതി സംരക്ഷണത്തിനു പുത്തൻ ചുവടു വെയ്പുമായി എണ്ണൂറാംവയൽ സി.എം.എസ് സ്കൂള്‍. സ്കൂള്‍ അവതരിപ്പിച്ച ഇക്കോ ബ്രിക്സ് ചലഞ്ചിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവേശകരമായ പ്രതികരണമാണുണ്ടായത്. പ്ലാസ്റ്റിക്ക് മാലിന്യത്തെ സുരക്ഷിതമായി ഒഴിവാക്കുന്നതിലേക്ക് രൂപം നൽകിയ പരിസ്ഥിതി സൗഹൃദ കുപ്പിക്കട്ടകൾ ഉപയോഗിച്ചാണ് തണൽ മരങ്ങൾക്ക് തറയും വിദ്യാലയ പൂന്തോട്ടത്തിൽ ഇരിപ്പിടങ്ങളും സംരക്ഷണ വേലിയും നിർമ്മിച്ചിരിക്കുന്നത്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് സുതാര്യമായ പ്ലാസ്റ്റിക്ക് കുപ്പികളിൽ കുത്തി നിറച്ചാണ് കുപ്പിക്കട്ടകൾ (ഇക്കോ ബ്രിക്സ് ) നിർമ്മിക്കുന്നത്. ഇതിനോടകം കുട്ടികൾ 3450 കട്ടകൾ നിർമ്മിച്ചു കഴിഞ്ഞു.ഒരു കുപ്പിക്കട്ടയിൽ ശരാശരി 350 ഗ്രാം മുതൽ 650 ഗ്രാം വരെ പ്ലാസ്റ്റിക്ക് നിറച്ചിട്ടുണ്ട്.

ഏതാണ്ട് ഒരു ടൺ പ്ലാസ്‌റ്റിക്ക് മാലിന്യത്തെയാണ് പരിസ്ഥിതിക്ക് ദോഷമില്ലാത്ത വിധം കുട്ടികൾ കുപ്പികൾക്കുള്ളിൽ തടവിലാക്കിയത്. കുട്ടികളുടെ വീടുകളിലും പരിസരത്തുമായി ഉപേക്ഷിച്ചിരുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങളാണ് കുപ്പിക്കട്ടകളായി മാറിയത്. മിഠായി കടലാസ്, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,പാൽ കവറുകൾ, മാസ്ക്, ഗ്ലൗസ്, നിത്യോപയോഗ സാധനങ്ങളുടെ പാക്കിങ് കവറുകൾ തുടങ്ങി വീട്ടിലും പരിസരത്തുമായി വലിച്ചെറിയപ്പെട്ട പ്ലാസ്‌റ്റിക് മാലിന്യങ്ങളാണ് കുപ്പികൾക്കുള്ളിലായത്. ഒരു മാസം നീണ്ടു നിന്ന ചാലഞ്ചിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. പി. എ അസ്‌ലം, ആരോമൽ രാജീവ്, അർജുൻ മനോജ്‌, ആർപിത് മോളിക്കൽ എന്നിവർ ഏറ്റവും കൂടുതൽ കുപ്പിക്കട്ടകൾ നിർമ്മിച്ച് ചാലഞ്ചിൽ വിജയികളായി.

വിജയികൾക്കുള്ള സമ്മാന ദാനം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി. ജോൺ നിർവഹിച്ചു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ചു, പി.ടി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, എം.പി.ടി.എ പ്രസിഡന്റ്‌ ഷൈനി ബോസ്, ഏബെൽ ജോൺ സന്തോഷ്‌, അഞ്ജന സാറ ജോൺ എന്നിവർ പ്രസംഗിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഏലിയാസ് ജോണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്രമാക്കി ഓർമ്മ ഇക്കോ ബ്രിക്സ് എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയ്ക്ക് രൂപം നൽകി കേരളമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ നിർമ്മിക്കുന്ന ഇക്കോ ബ്രിക്സ് ഉപയോഗിച്ച് വിദ്യാലയത്തിൽ സ്ഥാപിക്കുന്ന വാട്ടർ എടിഎമ്മിന് ക്യാബിൻ നിർമ്മിക്കുകയാണ് അടുത്ത ലക്ഷ്യം.

Eng­lish Sum­ma­ry: Bot­tle­necks made by the chil­dren became the floor for the shade trees in the school yard and the chil­dren’s seat

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.