സമൂഹമാധ്യമങ്ങളിൽ ചിരിയുണർത്തി കർണാടകയിലെ ‘കോപ്പിയടി തടയൽ യന്ത്രം’

Web Desk
Posted on October 19, 2019, 1:30 pm

ബംഗളൂരു:കോപ്പിയടി തടയാൻ പുതി മാർഗ്ഗം കണ്ടെത്തി കർണാടകയിലെ ഒരു കോളജ്.  കോളജ് അധികൃതരാണ് പരീക്ഷാർത്ഥികൾക്ക് പെട്ടി സമ്മാനമായി നൽകിയത്. അധികൃതർ നൽകിയ കാര്‍ട്ടൂണ്‍ പെട്ടി കൊണ്ട തല മൂടിയാണ് വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയത്.  പേപ്പര്‍ കാണുന്നതിനായി ബോക്സിൽ‍ കണ്ണുകളുടെ വശത്ത് തുളയും ഇട്ടിരുന്നു.

കര്‍ണാടകയിലെ ഹാവേരിയിലുള്ള ഭാഗത് പി.യു കോളജിലാണ് ചിരിപ്പിക്കുകയും ഒപ്പം പ്രതിഷേധത്തിനിടയാക്കുകയും ചെയ്ത സംഭവം. സി.സി.ടി.വി അടക്കമുള്ള പരീക്ഷണം നടത്തിയിട്ടും കുട്ടികള്‍ കോപ്പിയടിച്ചതോടെയാണ് കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ വഴി കണ്ടുപിടിച്ചത്. അഡ്മിസ്‌ട്രേറ്റര്‍ സതീഷിന്റെ തലയിലാണ് ഈ ‘ബുദ്ധി’ ഉദിച്ചത്. ഇതിന്റെ ചിത്രം ഇദ്ദേഹം തന്നെ വാട്‌സ്‌ആപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. കെമ്സ്ട്രി പരീക്ഷയായിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നത്.

ഇതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രീ-യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ എസ്.സി പീര്‍സാദെ കോളജിലേക്ക് കുതിച്ചെത്തി. വിദ്യാര്‍ഥികളെല്ലാം തലയില്‍ പെട്ടിവച്ച്‌ പരീക്ഷയെഴുതുന്നതാണ് അദ്ദേഹം കണ്ടത്. ഉടന്‍ തന്നെ പെട്ടിയെല്ലാം ഒഴിവാക്കിക്കുകയും സതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

മെക്സികോയിലും ഇതിന് സമാനമായ ഒരു സംഭവം നടന്നിരുന്നു. ബോക്സ് തലയിൽവെച്ച് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതറിഞ്ഞ രക്ഷകർത്താക്കൾ പ്രതിഷേധമുന്നയിച്ച് രംഗത്തെത്തിയിരുന്നു.